Inspiration | 'പാലം നിർമിക്കുമ്പോൾ നിങ്ങൾ കഴിച്ചത് ബിസ്ക്കറ്റും വെള്ളവും മാത്രം', സൈന്യത്തിന്റെ ഹൃദയം തൊട്ട് കുഞ്ഞ് റയാന്റെ കത്ത്; ഹൃദ്യമായ മറുപടി
വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമായി എന്നും റയാൻ വലുതായി സൈന്യത്തിൽ ചേരുന്നത് കാത്തിരിക്കുന്നു എന്നും സൈന്യം അറിയിച്ചു
കൽപറ്റ: (KVARTHA) വയനാടിന്റെ നെഞ്ചു പിളർന്ന ഉരുൾപൊട്ടലിന്റെ ദുരന്തക്കാഴ്ചയിൽ നിരാശരായ ജനതയ്ക്ക് ആശ്വാസമായി നിന്നവരിൽ സൈന്യത്തിന്റെ പങ്കും എടുത്തുപറയേണ്ടത് തന്നെയാണ്. മണ്ണിനടിയിൽ പുതഞ്ഞ ജീവനുകൾക്കായി പാടുപെട്ട സൈനികരുടെ ധീരത കണ്ടുനിന്നവരിൽ ഒരാളാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ റയാൻ.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സൈനികരെ കണ്ട് ആവേശഭരിതനായെന്ന് കുഞ്ഞു റയാൻ കുറിച്ച കത്ത് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം ഇപ്പോൾ. വലുതായി സൈന്യത്തിൽ ചേർന്ന് നാടിനെ സംരക്ഷിക്കണമെന്ന ആഗ്രഹവും കുഞ്ഞു റയാൻ തന്റെ കത്തിൽ കുറിച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ. വയനാട്ടിൽ ഉരുൾ പൊട്ടലിൽ മണ്ണിൻ അടിയിൽ പെട്ടുപോയ കുറേ മൂനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയായി നാടിനെ രക്ഷിക്കും', എന്നായിരുന്നു റയാൻ കുറിച്ചത്.
#WayanadLandslide
— Southern Command INDIAN ARMY (@IaSouthern) August 3, 2024
Dear Master Rayan,
Your heartfelt words have deeply touched us. In times of adversity, we aim to be a beacon of hope, and your letter reaffirms this mission. Heroes like you inspire us to give our utmost. We eagerly await the day you don the uniform and stand… pic.twitter.com/zvBkCz14ai
സൈന്യം ഈ കത്തിന് മറുപടി നൽകി. വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമായി എന്നും റയാൻ വലുതായി സൈന്യത്തിൽ ചേരുന്നത് കാത്തിരിക്കുന്നു എന്നും സൈന്യം അറിയിച്ചു. 'പ്രിയ റയാൻ, ഹൃദയസ്പർശിയായ വാക്കുകൾ ഞങ്ങളെ വളരെയധികം സ്പർശിച്ചു. പ്രതിസന്ധികളുടെ സമയത്ത്, പ്രതീക്ഷയുടെ പ്രഭാവലയമായിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, കത്ത് ഈ ദൗത്യത്തെ വീണ്ടും ഉറപ്പിക്കുന്നു. നിങ്ങളെപ്പോലുള്ള നായകന്മാർ ഞങ്ങളെ പരമാവധി നൽകാൻ പ്രചോദിപ്പിക്കുന്നു. യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന ദിവസത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുമിച്ച് നമ്മുടെ രാജ്യത്തെ അഭിമാനപ്പെടുത്തും. ധൈര്യത്തിനും പ്രചോദനത്തിനും നന്ദി യുവാവ് യോദ്ധാവേ, ആയിരം നന്ദി', എന്നായിരുന്നു സതേൺ കമാൻഡ് ഇന്ത്യൻ ആർമി എക്‌സ് പേജിൽ സൈന്യം കുറിച്ചത്.