Accident | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

 
Young Man's Hand Severely Injured in Firecracker Explosion During Diwali
Young Man's Hand Severely Injured in Firecracker Explosion During Diwali

Representational Image Generated By Meta AI

● ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം
● പരുക്കേറ്റത് മുല്ലുര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്
● അപകടം റോഡില്‍ പൊട്ടാതെ കിടന്നിരുന്ന അമിട്ട് എടുത്ത് മാറ്റാന്‍ ശ്രമിക്കവെ
● യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ 

വിഴിഞ്ഞം: (KVARTHA) ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസഭാഗങ്ങള്‍ വേര്‍പ്പെട്ടുപോയതിനാല്‍ ശസ്ത്രക്രിയയിലൂടെ കൈപ്പത്തി മുറിച്ചുമാറ്റി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മുല്ലുര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ(20) വലതുകൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. 

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: 

നയനും സുഹൃത്തുക്കളും വീട്ടുമുറ്റത്ത് വിവിധ തരത്തിലുളള പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. തുടര്‍ന്ന് മറ്റുപടക്കങ്ങള്‍ എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചു. ഈ സമയത്താണ് റോഡിലൂടെ ലോറി കടന്നുവരുന്നത് നയന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഓടിച്ചെന്ന് നേരത്തെ പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കവെ  ഉഗ്രശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നയന്റെ കൈപ്പത്തി ചിന്നിച്ചിതറി.

ഉടന്‍ തന്നെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് നയന്‍ പ്രഭാതിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയെങ്കിലും വേര്‍പ്പെട്ട ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തനിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. നയന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

#DiwaliAccident, #FirecrackerInjury, #HandAmputation, #ICUCare, #Neyyattinkara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia