Accident | കൂത്തുപറമ്പിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


● കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈനാണ് മരിച്ചത്.
● കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്ക് പരിക്കേറ്റു.
● അപകടം നടന്നത് കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ
കണ്ണൂർ: (KVARTHA) കൂത്തുപറമ്പിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (29) ആണ് ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11:15 ഓടെ കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിയുടെ മുന്നിലാണ് അപകടം നടന്നത്.
ജിയോ സാൻഡ് ലോറിയും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെ എൽ 58 എഫ് 1999 നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഈ കാർ കെഎൽ 59 എസ് 3219 എന്ന നമ്പറിലുള്ള ജിയോ സാൻഡ് റെഡി മിക്സ് കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൂത്തുപറമ്പ് വിന്റേജ് റെസിഡൻസിയിലെ ജീവനക്കാരായ കോഴിക്കോട് വേങ്ങേരി സ്വദേശി ഫാദിൽ ഹുസൈൻ, മലപ്പുറം സ്വദേശി പ്രണവ്, അർജുൻ, അനുദേവ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ ഫാദിൽ ഹുസൈനെ ഉടൻതന്നെ കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രണവിനെ മലപ്പുറത്തേക്ക് കൊണ്ടുപോയി. അനുദേവ് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അർജുൻ തലശേരി സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KoothuparambaAccident #RoadAccident #KeralaAccident #CarAccident #TragicDeath #RoadSafety