പിണറായിയുടെ മൗനത്തില്‍ ചൊടിച്ച് കേന്ദ്ര നേതാക്കള്‍; കരുളായി വെടിവയ്പ് സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്നു; അതേ, അതാണ് വസ്തുത

 


തിരുവനന്തപുരം: (www.kvartha.com 30.11.2016) നിലമ്പൂര്‍ കരുളായി വനത്തിലെ മാവോയിസ്റ്റു വധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം വൈകുന്നതിനു പിന്നില്‍ സിപിഐയുടെ കര്‍ക്കശ നിലപാടും പിണറായിയുടെ മൗനവും.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച മൗനം അവസാനിപ്പിച്ചെങ്കിലും കേരളത്തിലെ പാര്‍ട്ടി ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടില്ലെന്നാണു സൂചന.

പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയതല്ലെന്നും ഏകപക്ഷീയമായി പോലീസ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതാണെന്നുമുള്ള ആരോപണത്തെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലെന്ന് അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയില്‍ നിരവധിയുണ്ട്. അതാണ് സംസ്ഥാന കമ്മിറ്റിയുടേതായി ഒരു നിലപാട് പ്രഖ്യാപിക്കാന്‍ തടസം. എം സ്വരാജ് എംഎല്‍എ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത് യുവ നേതാക്കളില്‍ ഇക്കാര്യത്തിലുള്ള വ്യത്യസ്ഥ നിലപാടിന്റെ സൂചനയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് പുറത്തുവരേണ്ടത് ആവശ്യമാണ് എന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്.

പിണറായിയുടെ മൗനത്തില്‍ ചൊടിച്ച് കേന്ദ്ര നേതാക്കള്‍; കരുളായി വെടിവയ്പ് സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്നു; അതേ, അതാണ് വസ്തുത

മന്ത്രി കെ കെ ഷൈലജയും പറഞ്ഞത് വിമര്‍ശകരെ വെടിവച്ചുകൊല്ലുന്നത് സിപിഎം നിലപാടല്ല എന്നാണ്. ഇവരാരും മാവോയിസ്റ്റുകളുടെ സായുധ സമരത്തെ പിന്തുണയ്ക്കുന്നവരോ അതിനോട് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായ നിലപാടുകള്‍ ഉള്ളവരോ അല്ല. പക്ഷേ, മറ്റു പലയിടത്തും നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏകപക്ഷീയ വെടിവയ്പുകളായിരുന്ന സന്ദര്‍ഭങ്ങളെ ദേശീയ തലത്തില്‍ സിപിഎം ഉള്‍പ്പെടെ തുറന്നുകാട്ടിയത് മറന്ന് ഇവിടെ മാത്രം ന്യായീകരിക്കാനാകില്ല എന്നാണ് വാദം. ഏറ്റുമുട്ടല്‍ തന്നെയാണ് ഉണ്ടായതെന്ന കോടിയേരിയുടെ വാദത്തോട് എതിര്‍പ്പുള്ളവര്‍ ഏറെയാണ്.

മുഖ്യമന്ത്രിയാകട്ടെ ആദ്യ ദിവസം വെടിവയ്പിനെ ന്യായീകരിച്ച് സംസാരിക്കുകയും പിന്നീട് സംഭവം വന്‍ വിവാദമായ ശേഷംമൗനം പാലിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് ചേരാത്തതാണ് എന്നാണത്രേ ദേശീയ നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്ട്രീരിയില്‍ അന്വേഷണവും ഡിജിപി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും സത്യം പുറത്തുവരാന്‍ പര്യാപ്തമല്ല എന്നുമുണ്ട്.

കേരളത്തിലെ സിപിഐ നേതൃത്വം നിലമ്പൂര്‍ സംഭവത്തില്‍ സ്വീകരിച്ച ശക്തമായ നിലപാട് അവരുടെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. അത് അവര്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ടെന്നാണ് വിവരം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി എന്നിവരൊക്കെ നിലമ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടും പിന്നീടുള്ള മൗനത്തോടും ശക്തമായ വിയോജിപ്പ് ഉള്ളവരാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia