Yatch | ശ്രീലങ്കയില്‍ നിന്നും മംഗ്‌ളൂറിലേക്ക് പോയ പായ്ക്കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു; വിവരശേഖരണം നടത്തി കോസ്റ്റ് ഗാര്‍ഡ്
Apr 1, 2023, 12:45 IST
കൊല്ലം: (www.kvartha.com) ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്നും മംഗ്‌ളൂറിലേക്ക് യാത്ര തിരിച്ച പായ്ക്കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. ഫ്രാന്‍സ് സ്വദേശികളാണ് ചെറുകപ്പലില്‍ എത്തിയത്. ഇവര്‍ക്ക് അറേബ്യന്‍ കടല്‍ മാര്‍ഗം യാത്രാനുമതി ഉണ്ടെങ്കിലും കൊല്ലം തീരത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
വെള്ളി വൈകിട്ട് 5.30നാണ് രണ്ടുപേര്‍ സഞ്ചരിച്ച ഉല്ലാസ നൗക കൊല്ലം തീരത്ത് അടുപ്പിച്ചത്. ശ്രീലങ്ക ഗാലീ പോര്‍ടില്‍നിന്ന് യാത്രതിരിച്ച ഫ്രഞ്ച് രെജിസ്ട്രേഷനുള്ള പായ്ക്കപ്പലില്‍ രണ്ട് വിദേശികളാണുള്ളത്. ക്യാപ്ടന്‍ തേറി റൗഹര്‍, സഹായി സബാസ്റ്റ്യന്‍ ഹൗ എന്നിവരാണ് കപ്പലില്‍ ഉള്ളത്. കപ്പല്‍ തുറമുഖത്ത് വാര്‍ഫില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
വിവരം കൊല്ലം പോര്‍ട് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചു. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും ഇവരില്‍ നിന്ന് വിവരശേഖരണം നടത്തുകയും ചെയ്തു. കൊല്ലത്തുള്ള സെന്‍ട്രല്‍ ഐബി വിഭാഗവും തുറമുഖത്തെത്തി പരിശോധന നടത്തി.
യാത്രക്കാരുടെ കൈവശമുള്ള രേഖയും പാസ്പോര്‍ടും നിയമപ്രകാരം ഉള്ളതാണെന്ന് പരിശോധനയില്‍ ബോധ്യമായി. തുറമുഖ അധികൃതര്‍ ഇടപെട്ട് ഇന്ധനം എത്തിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആയിരം ലിറ്റര്‍ ഡീസലാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണം. അതുകഴിഞ്ഞാലേ ഡീസല്‍ നിറയ്ക്കാനാകൂ. അവധിദിവസമായ ശനിയാഴ്ച കസ്റ്റംസ് പരിശോധനയ്ക്കായി കൊല്ലം തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിട്ടില്ല. അങ്ങനെയായാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് ഒരുദിവസം വൈകും. തുടര്‍ന്ന് ഡീസലും നിറച്ച് തിങ്കളാഴ്ചയാകും കപ്പല്‍ കൊല്ലം വിടുക.
കാറ്റിന്റെ ഗതിമാറ്റവും കപ്പല്‍ കൊല്ലം തീരത്ത് അടുപ്പിക്കുന്നതിന് കാരണമായി. ഓസ്ട്രേലിയന്‍ സ്വദേശിയുടേതാണ് പായ്ക്കപ്പല്‍. യാത്രക്കാര്‍ കടലില്‍ ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ടതാണെന്നാണ് വിവരം.
Keywords: News, Kerala, State, Kollam, Top-Headlines, Ship, Yatch from Srilanka to Mangaluru arrived at Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.