Dead | കേരള സംഗീത നാടക അകാഡമി മുന്‍സെക്രടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

 

പാലക്കാട്: (KVARTHA) കേരള സംഗീത നാടക അകാഡമി മുന്‍സെക്രടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍ രാധാകൃഷ്ണന്‍ നായര്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് നെന്മാറയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 1996 മുതല്‍ 2001 വരെ കേരള കലാമണ്ഡലം സെക്രടറിയുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രടറി എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിരുന്നു.

കേരള എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതൃനിരയിലുമുണ്ടായിരുന്നു. കേരള കലാമണ്ഡലം നല്‍കുന്ന 2009-ലെ മുകുന്ദരാജാ അവാര്‍ഡ്, 2023-ലെ എം പി പോള്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Dead | കേരള സംഗീത നാടക അകാഡമി മുന്‍സെക്രടറിയും വാഗ്മിയും എഴുത്തുകാരനുമായ എന്‍ രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കോട്ടയം തലയോലപ്പറമ്പിനടുത്ത് കീഴൂരില്‍ പരേതരായ കൊട്ടാരത്തില്‍ നീലകണ്ഠപ്പിള്ളയുടെയും എന്‍ ദേവകിയമ്മയുടെയും മകനാണ്. 'ആത്മബലിയുടെ ആവിഷ്‌കാരം', 'ആവിഷ്‌കാരത്തിന്റെ രാഷ്ട്രീയം', 'ആരൂഢങ്ങള്‍', 'എഴുത്ത് കല-ലാവണ്യവും രാഷ്ട്രീയവും' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 'പാലക്കാട്-സ്ഥലം, കാലം, ചരിത്രം' എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. കഥകളി സംഗീതത്തെക്കുറിച്ചുള്ള 'സംഗീതാരൂഢങ്ങള്‍' എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

ഭാര്യ: എന്‍ പദ്മാവതി (മുന്‍ ഫെയര്‍കോപ്പി സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മക്കള്‍: ആര്‍ രാധിക (എല്‍ ഐ സി ഡിവിഷനല്‍ ഓഫീസ്, കോട്ടയം), ആര്‍ രാജീവ് (എല്‍ ഐ സി ചിറ്റൂര്‍). മരുമക്കള്‍: കെ ബി പ്രസന്നകുമാര്‍ (എഴുത്തുകാരന്‍, മുന്‍ എസ് ബി ഐ ഉദ്യോഗസ്ഥന്‍), എഴുത്തുകാരന്‍ വൈശാഖന്റെ മകള്‍ പൂര്‍ണിമ (അധ്യാപിക, ഗവ. ബോയ്സ് ഹൈസ്‌കൂള്‍, ചിറ്റൂര്‍).

സഹോദരങ്ങള്‍: പരേതനായ ചന്ദ്രശേഖരന്‍നായര്‍, രതി രമണന്‍ (മുന്‍ പി ഡബ്ല്യൂ ഡി, പെരുമ്പാവൂര്‍), എന്‍ ശശിധരന്‍ (മുന്‍ സെയില്‍സ് ടാക്സ്, വെമ്പള്ളി, കോട്ടയം), ഇന്ദിര, വത്സല (ഇരുവരും കീഴൂര്‍).

മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിവരെ ചിറ്റൂര്‍ അത്തിക്കോട് 'രാജീവ'ത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകുന്നേരം നാലുമണിക്ക് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

Keywords: Writer and orator N Radhakrishnan Nair passed away, Palakkad, News, Dead Body, Dead, Obituary, Writer, Award, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia