സ്ത്രീധനത്തിനു വേണ്ടി 3 മാസം മുമ്പ് വിവാഹിതയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവം; കേസെടുക്കാതിരുന്ന എറണാകുളം നോര്‍ത് സിഐയോട് ഹാജരാകാന്‍ വനിതാ കമിഷന്‍

 


കൊച്ചി: (www.kvartha.com 24.07.2021) കൊച്ചി പച്ചാളത്തു സ്ത്രീധനത്തിനു വേണ്ടി യുവതിയെയും പിതാവിനെയും മര്‍ദിച്ച സംഭവത്തില്‍, കേസെടുക്കാതിരുന്ന എറണാകുളം നോര്‍ത് സിഐയോട് ഹാജരാകാന്‍ നിര്‍ദേശിച്ച് വനിതാ കമിഷന്‍. ജൂലൈ 29ന് തിരുവനന്തപുരത്ത് എത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശനിയാഴ്ച ഓഫിസ് അവധി ആയതിനാല്‍ തിങ്കളാഴ്ച പൊലീസിന് ഇമെയില്‍ അയയ്ക്കുമെന്നു വനിതാ കമിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.

സ്ത്രീധനത്തിനു വേണ്ടി 3 മാസം മുമ്പ് വിവാഹിതയായ യുവതിയെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവം; കേസെടുക്കാതിരുന്ന എറണാകുളം നോര്‍ത് സിഐയോട് ഹാജരാകാന്‍ വനിതാ കമിഷന്‍

സ്ത്രീധനത്തിന്റെ പേരില്‍ ചക്കരപ്പറമ്പ് സ്വദേശിനി ഡയാനയെയും പിതാവ് ജോര്‍ജിനെയും പ്രതി ജിപ്‌സണ്‍ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ചിട്ടും അടിപിടിക്കേസിന്റെ വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു പൊലീസ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സിറ്റി കമിഷണറെ സമീപിച്ച് പരാതി നല്‍കി. കമിഷണര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണു പൊലീസ് കേസെടുത്തത്.

സ്ത്രീധന നിരോധന നിയമപ്രകാരം ജിപ്‌സണും മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ഡയാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടെ ജിപ്‌സണ്‍ മുങ്ങിയെന്ന് പൊലീസ് പറയുന്നു. മൂന്നുമാസം മുന്‍പായിരുന്നു ഡയാനയുടേയും ജിപ്‌സണിന്റേയും വിവാഹം. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരിലാണ് ജിപ്‌സണ്‍ ഡയാനയെ മര്‍ദിക്കുകയും ഭര്‍തൃപിതാവിന്റെ കാല്‍ തല്ലിയൊടിക്കുകയും ചെയ്തത്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഡയാനയുടെ സ്വര്‍ണം കൈക്കലാക്കാനായിരുന്നു ഇവരുടെ ശ്രമം.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മര്‍ദനത്തില്‍ പിതാവിന്റെ വാരിയെല്ലിനു പൊട്ടലുണ്ടെങ്കിലും ആശുപത്രിയില്‍നിന്നു നല്‍കിയ റിപോര്‍ടില്‍ ഈ വിവരം മറച്ചുവച്ചുവെന്നും ആക്ഷേപമുണ്ട്. പൊലീസ് ഇക്കാര്യത്തിലും ഇടപെട്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനും വിവാഹാലോചനയ്ക്കു മുന്‍കൈ എടുത്ത വൈദികനും ചേര്‍ന്ന് പ്രതികളെ സംരക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്നാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നത്.

ഇതോടെ സ്ത്രീപീഡനക്കേസുകളില്‍ നല്‍കുന്ന പരാതികളില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന ആക്ഷേപം വീണ്ടും ഉയരുകയാണ്. മറൈന്‍ ഡ്രൈവില്‍ യുവതി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായ സംഭവത്തില്‍ കേസെടുക്കാതിരുന്ന പൊലീസുകാരനെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സിറ്റി കമിഷണര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല.

Keywords:  Women's commission action against Ernakulam North CIA, Kochi, News, Local News, Dowry, Complaint, Police, Allegation, Attack, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia