Attacked | മെഡികല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടിയില്ല; സൂചനാ പണിമുടക്ക് നടത്തി പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍; തനിക്ക് ആതുര ശുശ്രൂഷ മേഖലയില്‍ തൊഴില്‍ ചെയ്യേണ്ടെന്നും രാജ്യം വിടുകയാണെന്നും ഇരയായ യുവതി

 


തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കു നടത്തി. സമരത്തെ പിന്തുണച്ച് കെജിഎംസിടിഎയും (കേരള ഗവണ്‍മെന്റ് മെഡികല്‍ കോളജ് ടീചേഴ്‌സ് ആസോസിയേഷന്‍) ഐഎംഎയും (ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍) രംഗത്തെത്തി.

അക്രമിയെ ഉടനടി അറസ്റ്റു ചെയ്തു തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പിജി വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുമായി സഹകരിച്ചു സമരം ചെയ്യാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് കെജിഎംസിടിഎ ഭാരവാഹികള്‍. ആശുപത്രിയിലെ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ ഡോക്ടര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. ഡോക്ടറെ മര്‍ദിച്ചശേഷം രോഗിയുടെ ഭര്‍ത്താവ് ഐസിയുവില്‍നിന്ന് ഇറങ്ങിവരുന്ന വീഡിയോ പുറത്തുവന്നു.

Attacked | മെഡികല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടിയില്ല; സൂചനാ പണിമുടക്ക് നടത്തി പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍; തനിക്ക് ആതുര ശുശ്രൂഷ മേഖലയില്‍ തൊഴില്‍ ചെയ്യേണ്ടെന്നും രാജ്യം വിടുകയാണെന്നും ഇരയായ യുവതി


ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്നും രാജ്യം വിടുകയാണെന്നും മര്‍ദനമേറ്റ ഡോക്ടര്‍ കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു സമൂഹമാധ്യമത്തില്‍ കുറിച്ചു.

സുല്‍ഫിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാകേണ്ട, ഡോക്ടര്‍ പണിയും വേണ്ട. ഞാന്‍ രാജ്യം വിടുന്നു'!

കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടര്‍ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയര്‍ നോക്കി ഒത്ത ഒരാണൊരുത്തന്‍ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗി, ഓപറേഷന്‍ കഴിഞ്ഞതിനു ശേഷവും ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചതിനു ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ കാര്യം ഐസിയുവിനു വെളിയില്‍ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോള്‍ അടിവയര്‍ നോക്കി ചാടി ഒരു ചവിട്ട്.

സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മെഡികല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍, സൂപര്‍ സ്‌പെഷാലിറ്റി ബ്ലോകില്‍. എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍.

അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷന്‍ കിട്ടാന്‍ എല്‍കെജി മുതല്‍ പഠനം. മൂന്നുകൊല്ലം സര്‍ജറി പഠനം. അതിന് അഡ്മിഷന്‍ കിട്ടാനും വേണം കൊല്ലങ്ങള്‍. സൂപര്‍ സ്‌പെഷാലിറ്റി പഠനത്തില്‍ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളില്‍. പഠനം കഴിഞ്ഞിട്ട് കുട്ടികള്‍ മതിയെന്നു തീരുമാനവും.

ചവിട്ട് കിട്ടിയ വനിതാ ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയാറായി വനിതാ ഡോക്ടറും. പ്രഭാത സവാരിയില്‍ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകളും വനിതാ ഡോക്ടര്‍മാരും സുരക്ഷിതരല്ല.

ഇത് തലസ്ഥാന നഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം. കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കപ്പെടാന്‍ പാടില്ല. അപ്പോ ചികിത്സാ പിഴവെന്ന് രോഗിക്കൊ രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം. നാട്ടില്‍ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയര്‍ നോക്കി ചാടി ചവിട്ടിയാല്‍ ഇനി നോക്കി നില്‍ക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!

Keywords: Woman doctor reaction after she got hurt by patient's relative, Thiruvananthapuram, Attack, Hospital, Treatment, Doctor, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia