Obituary | തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, പിന്നാലെ മരണം; കേസെടുത്ത് പൊലീസ്
ചേര്‍ത്തല (ആലപ്പുഴ): തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചതിന് പിന്നാലെ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ചേര്‍ത്തല 17 ാം വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് കൊച്ചിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. എന്നാല്‍ പോസ്റ്റ് മോര്‍ടം റിപോര്‍ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി തകരാര്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റുമോര്‍ടത്തിനുശേഷം ഇന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.