Booked | മേല്‍പാലത്തില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂടര്‍ യാത്രിക മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സഹോദരിക്കെതിരെ കേസെടുത്ത് പൊലീസ്


അപകടകാരണമായത് അശ്രദ്ധമായും അമിതവേഗത്തിലും ഓടിച്ചതെന്ന് പൊലീസ്
ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ചികിത്സയില്‍
തിരുവനന്തപുരം: (KVARTHA) മേല്‍പാലത്തില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂടര്‍ യാത്രിക മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സഹോദരിക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം-കാരോട് ബൈപാസില്‍ വെണ്‍പാലവട്ടത്തിന് സമീപം കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയന്ത്രണംവിട്ട സ്‌കൂടര്‍ മേല്‍പ്പാലത്തില്‍ ഇടിച്ച് യുവതി സര്‍വീസ് റോഡില്‍ വീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചത് അപകടകാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സ്‌കൂടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സഹോദരി സിമിയാണ് മരിച്ചത്. സിമിയുടെ മകള്‍ ശിവന്യയും സിനിയും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം മയ്യനാട് അടുത്ത ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.21നായിരുന്നു അപകടം. മേല്‍പ്പാലത്തിന്റെ കൈവരിയില്‍ സ്‌കൂടര്‍ ഇടിച്ച് മൂന്നുപേരും താഴേക്ക് വീഴുകയായിരുന്നു.
ആക്കുളം ഭാഗത്ത് നിന്ന് ചാക്കയിലേക്ക് വരികയായിരുന്നു ഇവര്‍. ലുലുമാള്‍ കഴിഞ്ഞ് മേല്‍പാലത്തില്‍ കയറിയ സ്‌കൂടര്‍ റോഡിന്റെ മധ്യഭാഗത്തിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. പാലത്തില്‍ കയറി ഇറങ്ങുന്നതിനിടെ സ്‌കൂടര്‍ നിയന്ത്രണംവിട്ട് ഇടതുവശത്തേക്ക് പാഞ്ഞുകയറി കൈവരിയില്‍ ഇടിച്ചു.
ഇതോടെ സ്‌കൂടറില്‍ ഇരുന്ന മൂവരും തെറിച്ച് പാലത്തില്‍ നിന്നും താഴേക്ക് പതിച്ചു. സ്‌കൂടര്‍ പാലത്തിന് മുകളില്‍ ഇടിച്ചുനിന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ തലയിടിച്ചാണ് സിമിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. സിമിയുടെ ശരീരത്തിലേക്കാണ് മകള്‍ വീണത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.