രാവിലെ മുതല്‍ വൈകിട്ടുവരെ സ്‌റ്റേഷനില്‍ നിര്‍ത്തി; പോലീസിന്റെ മാനസികപീഡനത്തില്‍ കുഞ്ഞിനെ നഷ്ടമായെന്ന പരാതിയുമായി യുവതി, അന്വേഷണത്തിന് നിര്‍ദേശം

 


കോട്ടയം: (www.kvartha.com 31.10.2017) ബന്ധുവിന്റെ പരാതിയില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന പരാതിയുമായി വൈക്കം സ്വദേശിനി രംഗത്ത്. വൈക്കം സ്വദേശിനി മുഹ്‌സിനയാണ് വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച പരാതിയുമായി നിയമസഭാ സമിതിക്ക് മുമ്പാകെ എത്തിയത്.

സ്റ്റേഷനില്‍ വെച്ചുള്ള പോലീസിന്റെ മാനസിക പീഡനത്തില്‍ തന്റെ ഗര്‍ഭം അലസിയതായുള്ള യുവതിയുടെ പരാതിയില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ നിയമസഭാ സമിതി നിര്‍ദേശിച്ചു. ഇത് അതീവ ഗൗരവമുള്ളതാണെന്നു സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും പരാതികള്‍ പരിഗണിക്കുന്ന ആയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായുള്ള നിയമസഭാ സമിതി വിലയിരുത്തി.

രാവിലെ മുതല്‍ വൈകിട്ടുവരെ സ്‌റ്റേഷനില്‍ നിര്‍ത്തി; പോലീസിന്റെ മാനസികപീഡനത്തില്‍ കുഞ്ഞിനെ നഷ്ടമായെന്ന പരാതിയുമായി യുവതി, അന്വേഷണത്തിന് നിര്‍ദേശം

എന്നാല്‍ യുവതിയുടെ ആരോപണം ജില്ലാ പോലീസ് മേധാവി പി.എം. മുഹമ്മദ് റഫീഖ് നിഷേധിച്ചു. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗര്‍ഭിണിയായ മുഹ്‌സിനയെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ഡിവൈഎസ്പിമാര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം പോലീസ് ആവശ്യപ്പെടാതെ മുഹ്‌സിന സ്‌റ്റേഷന്റെ വളപ്പില്‍ എത്തിയിരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌റ്റേഷനു മുന്നില്‍ ഇത്രയും സമയം അവശയാകുന്ന വിധത്തില്‍ നിന്നിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. താന്‍ പരാതിക്കാരിയെ ആദ്യമായാണു കാണുന്നതെന്നും കുറ്റക്കാരനല്ലെന്നും നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തിനും തയാറാണെന്നും കുറ്റാരോപിതനായ സിഐയും സമിതിയെ അറിയിച്ചു.

എന്നാല്‍ പരാതി നല്‍കിയതിന്റെ പേരില്‍ സിഐ തനിക്കും തന്റെ കുടുംബത്തിനുമെതിരെ കേസ് നല്‍കിയെന്നും ഇതിന്റെ മറവില്‍ താന്‍ നിയമസഭാ സമിതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായെന്നും മുഹ്‌സിന ആരോപിച്ചു. സിഐയുടെ ബന്ധുവാണ് തന്റെ കുടുംബത്തിനെതിരെ പരാതി നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് വിശദമായ മറ്റൊരു അന്വേഷണം നടത്താന്‍ സമിതി നിര്‍ദേശിച്ചത്.

ഐപിഎസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷണം നടത്തണമെന്നു ജില്ലാ പോലീസ് മേധാവിയും നിര്‍ദേശിച്ചു. എംഎല്‍എമാരായ പ്രാഫ. ഡോ. എന്‍. ജയരാജ്, സി.കെ. ആശ, പ്രതിഭാ ഹരി, ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, എഡിഎം കെ. രാജന്‍, ഡപ്യൂട്ടി സെക്രട്ടറി പി. റെജി എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Police Station, Complaint, Police, Woman complaint against police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia