'2500 രൂപ ചെലവിട്ട് ഡോക്ടറായി'; ആദ്യ ഡ്യൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍; കഴുത്തില്‍ സ്റ്റെതസ്‌കോപും വെള്ള കോടും ധരിച്ചെത്തിയ യുവതിയെ കുടുക്കിയത് ജീവനക്കാരുടെ സംശയം

 


തൃശൂര്‍: (www.kvartha.com 14.01.2022) 2500 രൂപ ചെലവിട്ട് ഡോക്ടറായി. ആദ്യ ഡ്യൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍. കഴുത്തില്‍ സ്റ്റെതസ്‌കോപും വെള്ള കോടും ധരിച്ചെത്തിയ യുവതിയെ കുടുക്കിയത് ജീവനക്കാരുടെ സംശയം. പിന്നീട് യുവതി എത്തിയത് ജയിലില്‍.

'2500 രൂപ ചെലവിട്ട് ഡോക്ടറായി'; ആദ്യ ഡ്യൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍; കഴുത്തില്‍ സ്റ്റെതസ്‌കോപും വെള്ള കോടും ധരിച്ചെത്തിയ യുവതിയെ കുടുക്കിയത് ജീവനക്കാരുടെ സംശയം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തൃശൂര്‍ നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് യുവതി എത്തിയത്. ജയലളിത എന്നാണ് യുവതിയുടെ പേര്. കഴുത്തില്‍ സ്റ്റെതസ്‌കോപും വെള്ള കോട്ടും ധരിച്ച് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തന്നെ ആര്‍ക്കും അത് ഡോക്ടറാണെന്ന് തോന്നും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി ഡോക്ടറുടെ കസേരയില്‍ ഇരുന്നു.

തുടര്‍ന്ന് രോഗികളുണ്ടെങ്കില്‍ അകത്തേയ്ക്കു വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഡോക്ടര്‍ വരുന്ന വിവരം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റു ജീവനക്കാര്‍ക്ക് ഇതു ഡോക്ടര്‍ തന്നെയാണോ എന്ന കാര്യത്തില്‍ സംശയം തോന്നുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും താന്‍ ഡോക്ടറാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി.

ഒടുവില്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഏത് മെഡികല്‍ കോളജിലാണ് പഠിച്ചതെന്ന് ചോദിച്ചപ്പോഴും മറുപടിയില്ല. ഇതോടെ വ്യാജനാണെന്ന് തിരിച്ചറിയുകയും നെടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

പാലക്കാട് സ്വദേശിയായ ജയലളിതയായിരുന്നു ആ വ്യാജ ഡോക്ടര്‍. ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്‌ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേയ്ക്ക് ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ ഐഡിയ ആയിരുന്നു ഡോക്ടര്‍ വേഷം.

ജയലളിതയ്ക്ക് 'ഡോക്ടറാകാന്‍'വന്ന ചെലവ് 2500 രൂപയാണ്. സ്‌റ്റെതസ്‌കോപും വെള്ള കോട്ടും വാങ്ങാനാണ് ഈ പണം ചെലവിട്ടതെന്ന് യുവതി പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഈ 'സാമഗ്രികള്‍' വാങ്ങിയത്. ഡോക്ടറായി രോഗിയെ പരിചരിച്ച് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആദ്യ വിവാഹത്തില്‍ ഇരുപതു വയസുള്ള മകനുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. നിലവില്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസം.

Keywords: Woman arrested for cheating case, Thrissur, News, Local News, Cheating, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia