Cheating case | 'മുത്തശ്ശിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് മുക്കുപണ്ടം വച്ചു; 8 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം തട്ടിയെടുത്ത് കാര്‍ വാങ്ങി'; ഒടുവില്‍ ജയിലഴികള്‍ക്കുള്ളിലായി പേരമകളും സുഹൃത്തും
Nov 20, 2022, 17:07 IST
തൃശ്ശൂര്‍: (www.kvartha.com) മുത്തശ്ശിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും തട്ടിയെടുത്തെന്ന കേസില്‍ പേരമകളും സുഹൃത്തും അറസ്റ്റില്‍. വെങ്ങിണിശ്ശേരി സ്വദേശി അഭിജിത്(21), പള്ളിപ്പുറം സ്വദേശി സൗപര്‍ണിക(21) എന്നിവരെയാണ് ചേര്‍പ് പൊലീസ് അറസ്റ്റുചെയ്തത്. പള്ളിപ്പുറം പുളിപ്പറമ്പില്‍ വീട്ടില്‍ ലീല (72)യുടെ സ്വര്‍ണവും പണവുമാണ് ഇവര്‍ അടിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സൗപര്‍ണിക അച്ഛന്റെ അമ്മ ലീലയോടൊപ്പമാണ് താമസിച്ചിരുന്നത്. ലീല വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പകരം ഇവര്‍ മുക്കുപണ്ടം വയ്ക്കുകയായിരുന്നു. പിന്നീട് ബാങ്ക് നിക്ഷേപത്തിന്റെ രേഖകളില്‍ മുത്തശ്ശിയുടെ ഒപ്പിട്ട് സുഹൃത്ത് അഭിജിതിന്റെ സഹായത്തോടെ കൂര്‍ക്കഞ്ചേരിയിലെ ബാങ്കില്‍ ഹാജരാക്കി എട്ടു ലക്ഷം രൂപ കൈക്കലാക്കി. ഈ തുക ഉപയോഗിച്ച് കാറു വാങ്ങി.
സ്വര്‍ണം കവര്‍ന്നത് അറിയാതെ ലീല മുക്കുപണ്ടവുമായി തൃശ്ശൂരിലെ ജ്വല്ലറിയില്‍ എത്തി. കാതില്‍ മുറിവുണ്ടായി പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കമ്മല്‍ മാറ്റി എടുക്കാനാണ് ഇവര്‍ ജ്വല്ലറിയില്‍ പോയത്. അവിടുത്തെ ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍ കമ്മല്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു.
തുടര്‍ന്ന് വീട്ടിലെത്തിയ ലീല ബന്ധുക്കളെ വിളിച്ചുവരുത്തി എല്ലാ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് അതെല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ലീല പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മോഷണം നടത്തിയവരെ പിടികൂടിയത്. കാറുവിറ്റതായി പ്രതികള്‍ പറഞ്ഞുവെങ്കിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ആഡംബര ജീവിതത്തിനാണ് മോഷണം നടത്തിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Woman and friend arrested for cheating case, Thrissur, News, Cheating, Arrested, Investment, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.