Piracy Case | തിയറ്ററുകളില്‍നിന്ന് സിനിമ നേരിട്ട് ഓണ്‍ലൈനില്‍ പകര്‍ത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍; പരാതി നല്‍കിയത് സുപ്രിയ മേനോന്‍; പൂട്ടുവീണത് തമിഴ് നാട് സ്വദേശികള്‍ക്ക്


ഒരേ സീറ്റില്‍ ബുകിങ് നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്
പരാതി നല്‍കിയത് സുപ്രിയ മേനോന്‍
കൊച്ചി: (KVARTHA) തിയറ്ററുകളില്‍നിന്ന് (Theatre) സിനിമ (Cinema) നേരിട്ട് ഓണ്‍ലൈനില്‍ (Online) പകര്‍ത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തമിഴ് നാട് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് (Police) അറിയിച്ചു. പൃഥ്വിരാജ് പ്രോഡക്ഷന്‍സിനായി സുപ്രിയ മേനോന്‍ (supriya Menon) നല്‍കിയ പരാതിയിലാണ് (Complaint) സിനിമ തിയറ്ററില്‍നിന്ന് ഓണ്‍ലൈനിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിന് വഴിത്തിരിവ് ഉണ്ടാക്കിയത്.
ഒരേ സീറ്റില്‍ ബുകിങ് നടത്തുന്നവരുടെ പാറ്റേണെടുത്ത് തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയറ്റര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ പൊലീസ് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ കയ്യോടെ പൊക്കിയത്. വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ് നാട് സ്വദേശികളെ കൊച്ചി സൈബര്‍ സെല്ലിന് കൈമാറി. പ്രതികളെ കാക്കനാട് സൈബര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
മേയ് 16ന് റിലീസായ ഗുരുവായൂര്‍ അമ്പലനടയില്‍ 17ന് ജയന്തി ജനത ട്രെയിനിലെ യാത്രക്കാര്‍ മൊബൈലില്‍ കണ്ടതാണ് പരാതിക്ക് ഇടയാക്കിയത്. ഓണ്‍ലൈനില്‍ പ്രചരിച്ച പതിപ്പിലെ അദൃശ്യമായ വാടര്‍മാര്‍ക്കില്‍നിന്ന് സിനിമയുടെ കണ്ടന്റ് പ്രൊവൈഡറായ സ്വകാര്യ കംപനിയാണ് കൃത്യം നടന്ന തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സിലെ സ്‌ക്രീനും സമയവും കണ്ടെത്തിയത്. തുടര്‍ന്ന് ഒരേ സീറ്റില്‍ ബുകിങ് നടത്തുന്നവരുടെ പാറ്റേണെടുത്ത് തിയറ്ററുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മൊബൈല്‍ ബുകിങ് ആപുകളും സഹായകമായ വിവരങ്ങള്‍ കൈമാറിയെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച ധനുഷ് ചിത്രം രായന്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിന് അതേ തിയറ്ററിലെ അതേ സീറ്റിലേക്ക് തമിഴ് നാട് സ്വദേശികളായ രണ്ടുപേര്‍ എത്തി. ട്രൈപോഡില്‍ മൊബൈല്‍ വച്ച് സിനിമ അപ്ലോഡ് ചെയ്യുന്നതിനിടെ ഇരുവര്‍ക്കും പിടിയും വീണു. മൊബൈല്‍ ഫോണ്‍ പിടിക്കപ്പെട്ടാല്‍ പ്രഥമദൃഷ്ട്യാ തെളിവില്ലാതാക്കാനാണ് പ്രതികള്‍ റെകോര്‍ഡ് ചെയ്യാതെ സിനിമ നേരിട്ട് അപ്ലോഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.