History | വില്യം ലോഗൻ വിട വാങ്ങിയിട്ട് 111 വർഷം; ചരിത്രത്തെ അഗാധമാക്കിയ സാമൂഹ്യ പരിഷ്കർത്താവ്


● മലബാറിൽ ഭരണപരിഷ്കാരത്തിനായി അത്യധ്വാനം ചെയ്ത വ്യക്തി.
● മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായി.
● 1862-ൽ മദ്രാസ് സിവിൽ സർവീസിൽ സേവനത്തിനായി ഇന്ത്യയിലെത്തി..
● മലബാറിൻ്റെ ചരിത്രത്തിൽ വില്യം ലോഗന് സവിശേഷ സ്ഥാനമുണ്ട്.
● കാർഷിക നിയമ സംവിധാനത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവർത്തിച്ചു.
നവോദിത്ത് ബാബു
(KVARTHA) ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത ഭരണാധികാരിയും ന്യായാധിപനുമായിരുന്ന വില്ല്യം ലോഗൻ ഈ ലോകത്തോട് വിടവാങ്ങിയിട്ട് 111 വർഷം.
മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട് തദ്ദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരം കാട്ടാനും വില്യം ലോഗൻ പ്രകടമാക്കിയ താൽപര്യം മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്റെ രൂപത്തിൽ കേരളചരിത്രത്തിൽ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.
സ്കോട്ട്‌ലണ്ടിൽ 1841 മേയ് 17-നാണ് അദ്ദേഹം ജനിച്ചത്. സിവിൽ സർവീസിൽ അന്നുവരെ സമ്പന്നർക്കും ആഭിജാത കുടുംബങ്ങൾക്കുമുണ്ടായിരുന്ന കുത്തക തകർത്ത് കർഷക കുടുംബത്തിൽ പെട്ട അദ്ദേഹം സ്ഥാനം നേടിയത് അസാമാന്യമായ മനക്കരുത്തിന്റെ കഴിവുകൊണ്ടാണ്.
1862-ൽ മദ്രാസ് സിവിൽ സർവീസിൽ സേവനത്തിനായി അദ്ദേഹം ഇന്ത്യയിൽ എത്തി. തമിഴ്, തെലുങ്ക്, മലയാളം എന്നീ പ്രാദേശികഭാഷാ പരീക്ഷകൾ പാസ്സായ ശേഷം വടക്കേ മലബാറിൽ സബ് കളക്ടറായും (1867) ജോയിന്റ് മജിസ്ട്രേറ്റായും നിയമിതനായി. ഒരു വർഷത്തിനുശേഷം തലശ്ശേരിയിൽ വടക്കേ മലബാറിൻറെ ആക്റ്റിംഗ് ജില്ലാ സെഷൻസ് ജഡ്ജിയായും മലബാറിൻ്റെ കളക്ടറായും നിയമിതനായി. അടുത്ത വർഷം തെക്കേ മലബാറിൻറെ ആക്റ്റിംഗ് ജില്ലാ സെഷൻസ് ജഡ്ജിയായും നിയമിതനായി.
1875ൽ അദ്ദേഹം മലബാർ കളക്റ്ററായി. അതേ സമയം തന്നെ അദ്ദേഹം ജില്ലാ മജിസ്ട്രറ്റോയും പ്രവർത്തിച്ചു. ഭരണാധികാരിയെന്ന നിലയിൽ
മലബാറിൻ്റെ സാമ്പത്തിക പുരോഗതിയിൽ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൃഷി, അടിസ്ഥാന പുരോഗതികളായ റോഡ് റെയിൽവേ തുറമുഖം, വിദ്യാഭ്യാസം തുടങ്ങി സർവ്വ മേഖലകളിലും അദ്ദേഹത്തിന്റെ കരസ്പർശം ഉണ്ടായിട്ടുണ്ട്. കുടിയാനു മണ്ണിൽ സ്ഥിരാവകാശം നൽകുന്ന നിയമനിർമാണം ലോഗൻ്റെ സംഭാവനയായിരുന്നു
മലബാർ മാനുവലിൻ്റെ രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയതെന്ന് കാണാം. താൻ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്. മാന്വലിൻറെ ഒന്നാമത്തെ വാല്യം 1887-ൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1884-ൽ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലിൽ പ്രതിപാദിച്ചിരുന്നു. പരാമർശത്തിൽ ഉള്ള മദ്രാസ് സർക്കാറിന്റെ നീരസം അദ്ദേഹത്തെ കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ്-സെഷൻസ് ജഡ്ജിയായി സ്ഥലം മാറ്റി. രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
മാപ്പിള ലഹളകളുടെ കാരണമായി മലബാറിലെ കുടിയായ്മ പ്രശ്നം അവതരിപ്പിച്ചതിൻ്റെ ശിക്ഷയായിട്ടായിരിക്കണം ജുഡീഷ്യറിയിലേക്കുള്ള അദ്ദേഹത്തിൻ്റെ സ്ഥാനമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. എഡിൻബറിലെ കോളിങ്ങടിണിലെ സ്വവസതിയിൽ വച്ച് 1914- ഏപ്രിൽ മൂന്നിന് തന്റെ എഴുപത്തിമൂന്നാം വയസിൽ ആധുനികമലബാറിന്റെ ശിൽപ്പിയായ വില്യം ലോഗൻ ഈ ലോകത്തോട് വിട പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
William Logan, a British administrator and judge who worked extensively for administrative reforms, agricultural law, and community harmony in the Malabar district during the British rule, passed away 111 years ago. His work, 'Malabar Manual,' earned him a unique place in Kerala history. He was born in Scotland on May 17, 1841, and died on April 3, 1914.
#WilliamLogan #MalabarManual #KeralaHistory #SocialReform #BritishIndia #Malabar