NCP | ശരത് പവാർ വന്നാൽ തോമസ് കെ തോമസ് എം എൽ എ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോ?

 


_സോണൽ മൂവാറ്റുപുഴ_

(KVARTHA) എൻ. സി.പി യുടെ സീനിയർ നേതാവ് ശരത് പവാർ കോൺഗ്രസിലേയ്ക്ക് എത്തുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ എൻ.സി.പി നെടുകെ പിളർന്നിരിക്കുകയാണ്. ശരത് പവാറിൻ്റെ അനന്തരവൻ നേതൃത്വം നൽകുന്ന എൻ.സി.പി വിഭാഗത്തിനാണ് ഇലക്ഷൻ കമ്മീഷൻ പാർട്ടി എന്ന നിലയിൽ അംഗീകാരം കൊടുത്തിരിക്കുന്നത്. ഇത് ശരത് പവാറിനെ വെട്ടിൽ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ എൻ.സി.പി ഘടകം കോൺഗ്രസിൽ വൈകാതെ ലയിക്കുമെന്നാണ് കേൾക്കുന്നത്. ഇതിനുള്ള ചർച്ചകൾ ദേശീയ തലത്തിൽ നടന്നുവരുന്നതായും അറിയുന്നു. മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് ശരത് പവാർ. കോൺഗ്രസുമായി ഒരിക്കൽ തെറ്റിപ്പിരിഞ്ഞ് അദ്ദേഹം ഉണ്ടാക്കിയതാണ് എൻ.സി.പി.

NCP | ശരത് പവാർ വന്നാൽ തോമസ് കെ തോമസ് എം എൽ എ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോ?

പവാർ കോൺഗ്രസിൽ എത്തിയാൽ അത് മറ്റാരെക്കാളും ബാധിക്കുക കേരളത്തിലെ എൻ.സി.പി നേതാക്കളെയാണ്. ഇവിടുത്തെ എൻ.സി.പി ഇപ്പോൾ ഇടതു മുന്നണിയ്ക്ക് ഒപ്പമാണ്. പവാർ കോൺഗ്രസിൽ എത്തിയാൽ ഇവിടുത്തെ എൻ.സി.പിക്കാർക്ക് ഒരു തീരുമാനം എടുക്കേണ്ടി വരും. ഒന്നുകിൽ ശരത് പവാറിനൊപ്പം കോൺഗ്രസിലേയ്ക്ക് പോകണം. അല്ലെങ്കിൽ ഇടതുമുന്നണിയ്ക്ക് ഒപ്പം സ്വതന്ത്ര പാർട്ടിയായി നിൽക്കണം. പവാർ കോൺഗ്രസിലെത്തിയാൽ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് മാത്രമേ അദ്ദേഹത്തിൻ്റെ കൂടെ പോകാൻ സാധ്യതയുള്ളു. മറ്റുള്ളവർ എല്ലാം സ്വതന്ത്രമായി പാർട്ടി ഉണ്ടാക്കി ഇടതുമുന്നണിക്കൊപ്പം നിൽക്കാനാണ് സാധ്യത കാണുന്നത്.

NCP | ശരത് പവാർ വന്നാൽ തോമസ് കെ തോമസ് എം എൽ എ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോ?

എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് എൻ.സി.പി യിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും നിലവിൽ കുട്ടനാട് എം.എൽ.എ യുമാണ് തോമസ്.കെ.തോമസ്. അദ്ദേഹം സംസ്ഥാന എൻ.സി.പി യുമായി തെറ്റി നിൽക്കുന്ന അവസ്ഥയിലാണ്. തന്നെ കൊല്ലാൻ പാർട്ടി നേതൃത്വം നോക്കിയെന്ന് വരെ തോമസ്.കെ. തോമസ് എം.എൽ.എ പറയുകയുണ്ടായി. ഇത് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചുവെന്ന് വേണമെങ്കിൽ പറയാം. യാതൊരു അധ്വാനവുമില്ലാതെ സഹോദരൻ തോമസ് ചാണ്ടിയുടെ പേരിൽ മാത്രം പാർട്ടിയിൽ നിന്ന് സീറ്റ് കിട്ടി ജയിച്ചു വന്ന പാരമ്പര്യം മാത്രമാണ് തോമസ്.കെ. തോമസിനുള്ളത്. ഇപ്പോൾ അദ്ദേഹത്തിന് എം.എൽ.എ ആയിരുന്നാൽ മാത്രം പോരാ മന്ത്രിയും ആകണം. ആ ചിന്തയാണ് ഇപ്പോൾ അദ്ദേഹത്തെ ഭരിക്കുകന്നത്.

കുറച്ച് ഭീഷണിയും വിവാദവും ഒക്കെ ഉണ്ടാക്കി എൻ.സി.പി നേതൃത്തെ മുഴുവൻ വിറപ്പിച്ച് പറ്റുമെങ്കിൽ നിലവിലെ മന്ത്രി എൻ കെ ശശീന്ദ്രനെയും മറിച്ചിട്ട് ഒരു മന്ത്രിയാകാണം. ഇല്ലെങ്കിൽ കുട്ടനാട്ടിൽ അടുത്ത തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്ത് യു.ഡി.എഫിനോട് വിലപേശണം. ഈ നാലും മൂന്നും എഴ് പേർ മാത്രമുള്ള ഈർക്കിലി പാർട്ടിയിൽ അതുമല്ല, അതിന് അപ്പുറവും നടക്കുമെന്ന് തോമസ് കെ തോമസിന് അറിയാം. ഊതിപ്പെരുപ്പിക്കാൻ മാധ്യമങ്ങളും ഉണ്ട്. അതുകൊണ്ടാണല്ലോ ഒരു പ്രവർത്തന പാരമ്പര്യവും ഇല്ലാഞ്ഞിട്ടും സഹോദരൻ്റെ പേരിൽ ഉള്ള സഹതാപ തരംഗത്തിൻ്റെ പേരിൽ മാത്രം തോമസ് കെ തോമസ് കുട്ടനാട്ടിൽ നിന്ന് ജയിച്ചത്. അത് എപ്പോഴും വിലപ്പോവില്ലെന്നും തോമസ്.കെ.തോമസിന് അറിയാം.

തൻ്റെ സിംഹാസനം ഇളകാതെ എക്കാലവും പിടിച്ചു നിൽക്കണം. അതിനുള്ള പുകമറ സൃഷ്ടിക്കൽ മാത്രമാണ് തോമസ്.കെ.തോമസ് ഇപ്പോൾ പാർട്ടിക്കെതിരെ നടത്തുന്ന ഈ വെടിയും പുകയുമൊക്കെ. എളുപ്പത്തിൽ ശശീന്ദ്രനെ മറിച്ചിട്ട് വെറും ജൂനിയറായ തനിക്ക് മന്ത്രി സ്ഥാനം കിട്ടില്ലെന്ന് തോമസ്.കെ.തോമസിന് നന്നായി അറിയാം. മാണി.സി കാപ്പൻ എൻ.സി.പി വിട്ട് യു.ഡി.എഫിൽ പോയില്ലായിരുന്നെങ്കിൽ ഇത് തോമസ്.കെ.തോമസിൻ്റെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്യുമായിരിരുന്നു. ഇനി മന്ത്രി ആയില്ലെങ്കിൽ തോമസ്.കെ. തോമസിൻ്റെ ലക്ഷ്യം യു.ഡി.എഫ് തന്നെ. കാരണം, വളരെ സിമ്പിൾ ആണ്. കുട്ടനാട് നിയോജകമണ്ഡലം എന്ന് പറയുന്നത് എക്കാലവും യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. യു.ഡി.എഫിൽ അത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാതെ പോകുന്നത്.

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് എൽ.ഡി.എഫിൽ ആയിരുന്നപ്പോൾ കുട്ടനാട് സീറ്റ് ജോസഫ് ഗ്രൂപ്പിന് തന്നെയായിരുന്നു നൽകിയിരുന്നത്. ഡോ.കെ.സി.ജോസഫ് ആയിരുന്നു അവരുടെ സ്ഥാനാർത്ഥി. ആ സമയത്ത് കെ.കരുണാകരൻ കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഒപ്പം നിന്നയാളാണ് തോമസ്.കെ.തോമസിൻ്റെ ജ്യേഷ്ഠ്നും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി. യു.ഡി.എഫിൽ ഉണ്ടായ ധാരാണ പ്രകാരം ഡി.ഐ.സി പിന്നീട് യു.ഡി.എഫുമായി ചേർന്ന് മത്സരിച്ചു. അന്ന് കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡി.ഐ.സിയുടെ പേരിൽ കുട്ടനാട്ടിൽ എൽ.ഡി.എഫിൻ്റെ കെ.സി.ജോസഫിനെതിരെ മത്സരിച്ചത് തോമസ് ചാണ്ടി ആയിരുന്നു. ആ തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി ഒഴിച്ച് ഡി.ഐ.സി സ്ഥാനാർത്ഥികളായി നിന്ന 19 പേരും തോൽക്കുകയായിരുന്നു. കെ മുരളിധരൻ പോലും കൊടുവള്ളിയിൽ തോറ്റപ്പോൾ തോമസ് ചാണ്ടി മാത്രം കുട്ടനാട്ടിൽ നിന്ന് ജയിച്ചു വന്നു.

അങ്ങനെ തോമസ് ചാണ്ടിയിലൂടെ കുട്ടനാട് സീറ്റ് യു.ഡി.എഫ് തിരിച്ചു പിടിച്ചു. ഭരണം ആ സമയം എൽ.ഡി.എഫിന് ലഭിക്കുകയും ചെയ്തു. പിന്നീട് കെ.കരുണാകരനും കൂട്ടരും ഡി.ഐ.സി ഉപേക്ഷിച്ച് എൻ.സി.പി യിൽ ലയിച്ചു. കെ.മുരളീധരൻ അതിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ആവുകയും ചെയ്തിരുന്നു. ആ കൂടെയും തോമസ് ചാണ്ടി എത്തി. പിന്നീട് കരുണാകരൻ എൻ.സി.പി വിട്ട് മാതൃ സംഘടനയായ കോൺഗ്രസിൽ തിരിച്ച് എത്തിയെങ്കിലും തോമസ് ചാണ്ടി മാത്രം കോൺഗ്രസിൽ പോകാതെ എൻ.സി.പിയിൽ ഉറച്ചു നിന്നു. ആ സമയം യു.ഡി.എഫ് സംവിധാനത്തിലും മാറ്റങ്ങൾ ഉണ്ടായി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മാണിയുമായി ലയിച്ച് യു.ഡി.എഫിൽ എത്തി. യു.ഡി.എഫിൽ എത്തിയ ജോസഫ് ഗ്രൂപ്പിനു തന്നെ യു.ഡി.എഫ് കുട്ടനാട് സീറ്റ് നൽകി. ഡോ.കെ.സി.ജോസഫ് തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായപ്പോൾ എൽ.ഡി.എഫ് ഘടകകക്ഷി ആയിരുന്ന എൻ.സി.പി യുടെ പേരിൽ തോമസ് ചാണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.

ആ തെരഞ്ഞെടുപ്പിൽ വീണ്ടും തോമസ് ചാണ്ടി എൽ.ഡി.എഫിന് വേണ്ടി സീറ്റ് നിലനിർത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ മരണം വരെ തോമസ് ചാണ്ടി തന്നെയായിരുന്നു കുട്ടനാട് എം.എൽ.എ. തികച്ചും വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് തോമസ് ചാണ്ടിയ്ക്ക് കുട്ടനാട് സീറ്റ് നിലനിർത്താനായത്. കുട്ടനാട് നിയോജകമണ്ഡലത്തിലെ ധാരാളം പേർ വലിയ ബിസിനസുകാരനായ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നതും വിജയത്തിന് കൈത്താങ്ങ് ആയി. തോമസ് ചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് സഹോദരൻ തോമസ്.കെ. തോമസിനെ കുട്ടനാട്ടുകാർ വിജയിപ്പിച്ചത്. അല്ലാതെ, മറ്റ് മെച്ചങ്ങളോന്നും ഈ പറയുന്ന തോമസ്.കെ.തോമസിനില്ലെന്നാണ് വിമർശനം.

കുട്ടനാട് ഒരു യു.ഡി.എഫ് അനുകൂല മണ്ഡലമാണ്. ക്രിസ്ത്യൻ മേധാവിത്വമുള്ള ഇവിടെ നല്ലൊരു യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടായാൽ വിജയം വളരെ എളുപ്പവുമാണ്. പ്രത്യേകിച്ച് ചങ്ങനാശേരിയ്ക്ക് വളരെ അടുത്തുകിടക്കുന്ന മണ്ഡലവും ആണ് കുട്ടനാട്. തോമസ്.കെ. തോമസ് യു.ഡി.എഫിൽ എത്തിയാൽ യു.ഡി.എഫ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. പാലായിൽ മാണി സി.കാപ്പനെ സീകരിച്ചപ്പോലെ. നിലവിലെ സിറ്റിങ് എം.എൽ.എ എന്ന നിലയിൽ തോമസ്.കെ.തോമസിന് സീറ്റും യു.ഡി.എഫ് വിട്ടുകൊടുത്തെന്ന് ഇരിക്കും. ജോസഫ് ഗ്രൂപ്പിനും പ്രത്യേകിച്ച് നഷ്ടപ്പെടാൻ ഒന്നുമില്ല. ഒരിക്കലും ജയിക്കാത്ത സീറ്റ് തോമസ് കെ.തോമസിന് വിട്ടുകൊടുത്തുവെന്ന പേരിൽ അവർക്ക് വലിയ ത്യാഗി ചമയുകയും ചെയ്യാം.

ആ വകുപ്പിൽ മറ്റ് ഏതെങ്കിലും സീറ്റിനു വേണ്ടി അവർക്ക് വിലപേശുകയും ചെയ്യാം. തോമസ്.കെ.തോമസിന് ആണെങ്കിൽ ലോട്ടറി അടിച്ചതു പോലെ ആകും കാര്യങ്ങൾ. അതിന് ഇപ്പോൾ ശരത് പവാർ വഴിയും തോമസ്.കെ.തോമസിന് യു.ഡി.എഫിൽ എത്താം. യു.ഡി.എഫ് അധികാരത്തിയിൽ എത്തിയാൽ ശരത് പവാറിൻ്റെ പേരിൽ ഒരു മന്ത്രിയും ആകാം. ഇതു തന്നെയാകും തോമസ്.കെ.തോമസിൻ്റെ മനസിലിരുപ്പ്.. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടുപോകാതെ സൂക്ഷിക്കുകയാണ് ഇപ്പോൾ തോമസ്.കെ.തോമസ്. അതിന് ശരത് പവാർ ഒരു നിമിത്തമാകുമോ? കാത്തിരുന്ന് കാണാം.

Keywords:  News-Malayalam-News, Kerala, Politics, Kuttanad, Sharad Pawar, NCP, Thomas K Thomas, Congress, Will Thomas K Thomas MLA be Congress candidate in Kuttanad?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia