Landslide | ഒടുവിൽ മലയാളിക്ക് കർണാടക സർക്കാരിനോട് ക്ഷമ ചോദിക്കേണ്ടി വരുമോ? അർജുനായുള്ള ദൗത്യം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്


ഏദൻ ജോൺ
(KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും അതൊന്നും വകവെയ്ക്കാതെയുള്ള തിരച്ചിലുകളാണ് രക്ഷാപ്രവർത്തകർ നടത്തുന്നത്. ഒടുവിൽ നദിയിൽ ലോറിയുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തുടക്കം മുതൽ കർണ്ണാടക സർക്കാർ അർജുൻ്റെ വാഹനം നദിയിലാണെന്ന് തന്നെയാണ് വാദിച്ചത്. എന്നാൽ ആ വാദം മലയാളികളായ പലർക്കും അംഗീകരിക്കാൻ ആവുമായിരുന്നില്ല.
നദിയിൽ നിന്നും ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി എന്ന യാഥാർഥ്യവും ഇവിടെ പലരും കണ്ടില്ലെന്ന് നടിച്ചു. അതല്ലേ, ഈ ലോറി കണ്ടെടുക്കാൻ ഇത്രയും വൈകിയത്. ശരിക്കും ഈ സ്ഥലത്തേക്കുറിച്ച് അറിയാവുന്നവരുടെ വാക്ക് വിശ്വസിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്രയും കാലതാമസം എടുക്കില്ലായിരുന്നുവെന്ന് വിശ്വസിക്കുന്ന മലയാളികളും ഇവിടെ ഏറെയുണ്ട്. അവർ ഈ ലോറി കാണുന്നതുവരെ രോഷം അടക്കി നിശബ്ദതയിൽ ഇരിക്കുവായിരുന്നെന്ന് സാരം. അങ്ങനയുള്ളവരുടെതായി സാമൂഹ്യ മധ്യത്തിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
കുറിപ്പിൽ പറയുന്നത്:
'ഒടുവിൽ നദിയിൽ നിന്നും അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നു. ഒൻപത് ദിവസകാലം ജിപിഎസ് എന്നും ഫോൺ റിങ് ചെയ്തുവെന്നും ലോറി നദിയിൽ പതിക്കില്ല എന്ന് സ്വയം വിലയിരുത്തൽ നടത്തിയും ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സിസ്റ്റത്തെയും വൈകാരികത കൊണ്ട് തോൽപ്പിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്ത ലോറി ഉടമയ്ക്കും, ട്രെയിൻഡ് ആയ വിവിധ സേന വിഭാഗങ്ങളെക്കാൾ അറിവുണ്ടെന്ന് ധരിച്ച രഞ്ജിത്ത് ഇസ്രായേലിനും, ദുരന്ത മുഖത്ത് റേറ്റിങ്ങിനു വേണ്ടി കോമാളി വേഷം കെട്ടിയാടിയ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ 'മലയാളി ഡാ' വികാരം വിതറിയ സൈബർ ജീവികൾക്കും നന്ദി.
നിങ്ങളുടെ ആത്മാർത്ഥമായ ശ്രമം മൂലം രക്ഷപ്രവർത്തനം കരയിൽ തന്നെ മണ്ണ് മാന്തി കഴിച്ചു കൂട്ടിയത് എട്ട് ദിവസമാണെന്ന് ഓർക്കുക. കർണാടകയോട് ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ നാടിനെ കുറിച്ചുള്ള ധാരണയെക്കാൾ മലയാളികൾക്കുണ്ടെന്ന് നടിച്ചത് മൂലമുണ്ടായ കാല താമസത്തിന് ക്ഷമ ചോദിക്കുന്നു. തുടക്കം മുതൽ നദിയിലാണ് ട്രക്ക് ഉണ്ടാകുക എന്ന നിങ്ങളുടെ നിലപാടിനെയും, നിങ്ങൾ തുടക്കത്തിൽ നദിയിൽ നടത്തിയ തിരച്ചിലിനെയും വൈകാരികത ആളി കത്തിച്ചു സമ്മർദ്ദത്തിലാക്കി തകർത്തു കളഞ്ഞതിന് ക്ഷമ ചോദിക്കുന്നു. നദിയിൽ നിന്നും നിങ്ങൾ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിച്ചതിന് ക്ഷമ ചോദിക്കുന്നു.
ഒരു സംസ്ഥാനത്തിന്റെ അധികാരത്തെ മറികടക്കാൻ വൈകാരികത തുപ്പുന്ന മൈക്കുമായും, രക്ഷപ്രവർത്തനം എന്ന പേരിൽ ടീ ഷർട്ടുമിട്ടും ദുരന്ത ഭൂമിയിൽ വന്നു നിങ്ങൾക്ക് മേൽ കുതിര കയറിയതിനും ക്ഷമ ചോദിക്കുന്നു. ഒടുവിൽ സ്ഥലം എംഎൽഎക്ക് 'നിങ്ങളുടെ ആളുകൾ പറയുന്നത് പോലെയാണ് എല്ലാം ചെയ്യുന്നത്' എന്ന് സമ്മർദ്ദത്തിനു അടിമപ്പെട്ടു പറയേണ്ടി വന്ന ഗതികേടിനും മാപ്പ്. ഒൻപതാം ദിവസം കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ, കർണാടക ആദ്യം പറഞ്ഞ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെടുക്കുമ്പോൾ ഒന്ന് മാത്രം പറയുന്നു. വികാര കമ്മിറ്റിക്കാർ വിവേകത്തോടെ ചിന്തിക്കുക,
മലയാളി ഡാ വികാരത്തെ യാഥാർഥ്യം മുൻ നിർത്തി ഉപയോഗിക്കുക, ഏത് സാഹചര്യത്തിലായാലും ഉത്തരവാദിത്തപ്പെട്ടവരുടെ ആധികാരിക അഭിപ്രായങ്ങളെ അംഗീകരിക്കുക, ഏതൊരു സംസ്ഥാനമായാലും അവരുടെ അധികാരത്തെയും അവരുടെ പ്രദേശത്തെ പറ്റിയുള്ള അവരുടെ അറിവിനെയും ബഹുമാനിക്കുക, മനുഷ്യരെ കബളിപ്പിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ധന്മാരെ പടിക്ക് പുറത്ത് നിർത്തുക, റേറ്റിങ് ലക്ഷ്യം വച്ചുള്ള മീഡിയ നാടകക്കാരുടെ നാടകത്തെ അർഹിച്ച പുച്ഛത്തോടെ അവഗണിക്കുക. നന്ദി, കർണാടക! ഹേറ്റ് ക്യാമ്പായിനുകളുടെ കൂരമ്പുകൾക്കിടയിലും അർജുൻ അടക്കമുള്ള മനുഷ്യർക്കായി ഇറങ്ങി തിരിച്ചതിന്'.
ഇത്രയും ദിവസം വൈകിപ്പിച്ചതിന് ഉത്തരവാദികൾ ആരാണ്?
ഇതാണ് ആ പോസ്റ്റ്. ഇനി ഈ വിഷയം കഴിയുമ്പോൾ മലയാളികൾ ഛർദിച്ചത് തന്നെ ഭക്ഷിക്കേണ്ടി വരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഇത്രയും വൈകിപ്പിച്ചത് കർണ്ണാടക സർക്കാരോ ഇവിടെ നിന്ന് പോയ മലയാളികളോ. ആരെന്ന് ഉത്തരം പറഞ്ഞെ മതിയാകു. അതായിരിക്കും വരും ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ നിറയുന്നതും. ഈ കേൾക്കുന്ന വിഷയം ശരിയാണെങ്കിൽ കർണ്ണാടക സർക്കാരിനെ സമ്മർദത്തിലാക്കി പ്രശ്നം ഇത്രയും ദിവസം വൈകിപ്പിച്ചതിന് ഉത്തരവാദികൾ ആരാണെന്ന് സമാധാനം പറഞ്ഞേ മതിയാകു. മുൻപിൽ ഉള്ളവർ മണ്ടന്മാർ, നാം മിടുക്കൻ എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ പരാജയം. ഒപ്പം തന്നെ സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എയും കോഴിക്കോട് എം.പിയും ഒക്കെ ഈ സംഭവം ഉണ്ടായതിനുശേഷം അവിടെത്തന്നെ നിന്ന് വേണ്ട സേവനങ്ങൾ ചെയ്തത് നാം കാണാതെ പോകരുത്.