LS Election | എ ചാൾസിൻ്റെ റെക്കോർഡ് ശശി തരൂർ മറികടക്കുമോ, ബിജെപി അക്കൗണ്ട് തുറക്കുമോ? അതിശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം അടുത്തറിയാം

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഇനി കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇവിടുത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം. നിലവിലെ എം.പി വിശ്വപൗരൻ എന്ന ഇമേജുള്ള കോൺഗ്രസിലെ ശശി തരൂർ യു.ഡി.എഫിന് വേണ്ടി ഇവിടെ വീണ്ടും ജനവിധി തേടുമ്പോൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായും തിരുവനന്തപുരത്തിൻ്റെ തന്നെ മുൻ എം.പി സി.പി.ഐ യുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഇവിടെ ഇടതു സ്ഥാനാർത്ഥിയായും എത്തുന്നു. അതിശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം അടുത്തറിയാം.

LS Election | എ ചാൾസിൻ്റെ റെക്കോർഡ് ശശി തരൂർ മറികടക്കുമോ, ബിജെപി അക്കൗണ്ട് തുറക്കുമോ? അതിശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം അടുത്തറിയാം

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുപക്ഷത്തിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ച ലോക്സഭാ മണ്ഡലമെന്ന നിലയിൽ ആഞ്ഞുപിടിച്ചാൽ കൂടെപ്പോരുമെന്ന് ബി.ജെ.പി കരുതുന്ന എ. ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെയാണ് ഇക്കുറി ബി.ജെ.പി തരൂരിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ ഇറക്കി മത്സരം കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് വ്യക്തം. മലയാളിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് ബി.ജെ.പി. കളത്തിലിറക്കിയത്. കര്‍ണാടകയില്‍നിന്ന് രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ ലോക്‌സഭാ പോരാട്ടമാണ് തിരുവനന്തപുരത്തേത്.

തിരുവനന്തപുരത്തുകാര്‍ക്ക് അപരിചിതനാണെങ്കിലും കേന്ദ്രമന്ത്രിയെന്ന വിശേഷണവും മാധ്യമരംഗത്തെ സ്വാധീനവും രാജീവ് ചന്ദ്രശേഖറെ തുണയ്ക്കുമെന്ന് ബി.ജെ.പി. കരുതുന്നു. മറുവശത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്ന ജനകീയ മുഖത്തിനെ കളത്തിലിറക്കി ഇടതുപക്ഷവും മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഇനി വോട്ടുചിന്തകള്‍ എങ്ങനെ മാറിമറിയുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. കാരണം, അത്രമാത്രം തെരഞ്ഞെടുപ്പ് ചൂടിലായിരിക്കുകയാണ് തിരുവനന്തപുരം. ദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമായ മണ്ഡലമായിരിക്കുന്നു ഇപ്പോൾ ഈ മണ്ഡലം. കേരളത്തിന്റെ തലസ്ഥാന നഗരി എന്നതിനോടൊപ്പം, പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാലും വിഐപി പരിവേഷം ലഭിക്കുന്ന ലോക്സഭാ മണ്ഡലം കൂടിയാണിത്.

മൂന്നാം തവണയും കേന്ദ്രസർക്കാരിന്റെ തുടർച്ചയ്ക്കുവേണ്ടി ബിജെപിയും ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന തിരിച്ചറവിൽ ശക്തമായ തിരിച്ചുവരവിനായി കോൺഗ്രസും വോട്ട് ചോദിച്ചിറങ്ങുന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, അനന്തശയനന്റെ മണ്ണിൽ തീപാറുന്ന രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. 1957 ലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. ജനറൽ വിഭാഗത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ഉള്ളത്. മുൻ കാലങ്ങളിൽ പൊതുവെ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ പല നിയമസഭാ മണ്ഡലങ്ങളെങ്കിലും കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത്തോട്ട് ചാഞ്ഞ സ്വഭാവമാണ് കാണിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ടും.

തിരുവനന്തപുരം നഗരസഭാ ഭരണവും നഗരപരിധിയിലുള്ള തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളും ഇടതിന്റെ കൈയിലാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടതുപക്ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം ബി.ജെ.പിക്കുണ്ട്. അതിന്റെ പ്രതിഫലനം നഗരസഭാ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കാണാം. ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 35 പേര്‍ ബി.ജെ.പിയുടേതാണ്. നഗരസഭയിലെ മുഖ്യപ്രതിപക്ഷവും ബി.ജെ.പിയാണ് എന്നത് നാം മനസിലാക്കേണ്ട വസ്തുതയാണ്. നഗരമേഖലയിലെ ഈ വളര്‍ച്ചയാണ് നിയമസഭ, ലോക്സഭാ മണ്ഡലങ്ങളില്‍ മുന്നേറാന്‍ ബി.ജെ.പി യെ പ്രാപ്തരാക്കിയത്. 2014-ലെയും 2019-ലെയും ലോക് സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കേരളത്തെ ഞെട്ടിച്ച് ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി എന്നതും മനസിലാക്കേണ്ട കാര്യമാണ്.

2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടു ഷെയറിലെ വ്യത്യാസവും വളരെ ചെറുതാണ്. ശശി തരൂര്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 34.1 ശതമാനം വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ നേടിയത് 34 ശതമാനം വോട്ട് ആണ്. കപ്പിനും ചുണ്ടിനുമിടയിലാണ് അന്ന് ബി.ജെ.പിക്ക് ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് അക്കൗണ്ട് തുറക്കാനുള്ള അവസരം നഷ്ടമായത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെര‍ഞ്ഞെ‌ടുപ്പുകളിലും തിരുവനന്തപുരത്ത് ബിജെപി 30 ശതമാനത്തിലധികം വോ‌ട്ടുവിഹിതം കരസ്ഥമാക്കി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയായിരുന്നു. 2014 ൽ മത്സരിച്ച പ്രമുഖ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഒ രാജഗോപാൽ 15,470 വോട്ടുകൾക്കാണ് ശശി തരൂരിനോട് പരാജയപ്പെട്ടത്.

2019ൽ കുമ്മനം രാജശേഖരൻ ബിജെപിയുടെ വോട്ടുനില മെച്ചപ്പെടുത്തിയെങ്കിലും 2014 നേക്കാൾ ഭൂരിപക്ഷം വഴങ്ങേണ്ടിവന്നു. എന്നിരുന്നാലും കേരളത്തലെ ലോക്സഭാ മണ്ഡലങ്ങളിൽ ആദ്യമായി ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് സമാഹരിക്കാനായെന്ന ശ്രദ്ധേയനേട്ടം കരസ്ഥമാക്കാൻ കുമ്മനം രാജശേഖരന് സാധിച്ചു. ഈ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ഇടതുപക്ഷത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 1957 -ൽ തിരുവനന്തപുരം ലോക് സഭാ മണ്ഡലം നിലവിൽ വന്നശേഷം 4 തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ഇടത് മുന്നണിക്ക് തിരുവനന്തപുരത്ത് ജയിക്കാനായത്. 1971-ല്‍ കേരള ക്രൂഷ്ചേവ് എന്ന് വിളിക്കപ്പെട്ടിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ ആണ് മണ്ഡലത്തില്‍ ആദ്യമായി വിജയിച്ച കമ്മ്യൂണിസ്റ്റുകാരന്‍. അതിന് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിയത് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 1996-ല്‍ കെ.വി. സുരേന്ദ്രനാഥിലൂടെയാണ്.

2004ല്‍ പി.കെവാസുദേവൻ നായരും ഇവിടെ വിജയിച്ചു. ഇദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്തിയെങ്കിലും അതിന് ശേഷം പിന്നീട് ഇവിടെ ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്തിൻ്റെ മനസ്സ് കോൺഗ്രസിനൊപ്പം നിൽക്കുന്നതാണ് കണ്ടുവരുന്നത്. ഇനി തിരുവനന്തപുരത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഒന്ന് പരിശോധിക്കാം. കഴിഞ്ഞ 10 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ട് തവണയും തിരുവനന്തപുരത്ത് വിജയിച്ചത് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികളാണ്. കഴിഞ്ഞ മൂന്ന് തവണയായി ശശി തരൂർ മുഖേനയാണ് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം നിലനിർത്തുന്നത്. 2009ലും 2019ലും ഒരു ലക്ഷത്തോളം വോ‌ട്ടുകളുടെ ഭൂരിപക്ഷം ശശി തരൂരിന് ലഭിച്ചിരുന്നു.

പ്രത്യേകം എടുത്തു പറയേണ്ടത് കേരള രാഷ്ട്രീയത്തിലെ ചാണക്യനും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന അന്തരിച്ച കെ. കരുണാകരന് ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചത് തിരുവനന്തപുരമായിരുന്നു. 1996ൽ സ്വന്തം തട്ടകമായ തൃശൂരിൽ പരാജയപ്പെട്ടതിനു ശേഷമാണ് 1998ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് ചുവടുമാറ്റിയത്. സിപിഐയുടെ കെവി സുരേന്ദ്രനാഥിനെ 15,000ൽപരം വോട്ടുകൾക്കാണ് കെ കരുണാകരൻ പരാജയപ്പെ‌ടുത്തിയത്. 1999ൽ കരുണാകരന്റെ ശിഷ്യനായ വിഎസ് ശിവകുമാറിലൂടെ ലോക്സഭാ മണ്ഡലം കോൺഗ്രസ് നിലനിർത്തുകയും ചെയ്തു. 2009 മുതലുള്ള ലോക്സഭാ തെര‍ഞ്ഞെ‌ടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസിനൊപ്പമാണ് തിരുവനന്തപുരത്തെ ജനഹിതം ചേർന്നുനിൽക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ലോക്സഭാ തെര‍ഞ്ഞെ‌ടുപ്പുകളിലും ബിജെപി 30 ശതമാനത്തിലധികം വോ‌ട്ടുവിഹിതം കരസ്ഥമാക്കി തിരുവനന്തപുരത്ത് ഇടതുമുന്നണിയെ പിന്തള്ളി രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്യുന്നു.

മണ്ഡലത്തില്‍ ദീര്‍ഘകാലം എം.പിയായിരുന്നയാളെന്ന റെക്കോഡ് സ്ഥാപിക്കാനൊരുങ്ങുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസ് അംഗമായിരുന്ന കോണ്‍ഗ്രസ് അംഗമായിരുന്ന എ. ചാള്‍സ് ആണ് ആദ്യമായി മണ്ഡലത്തില്‍ എറെക്കാലം എംപിയായിരുന്നത്. 1984,1989,1991 തിരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ എ. ചാള്‍സ് മണ്ഡലത്തില്‍ എം.പിയായിരുന്നു. ഇതിന് ശേഷം അതേ റെക്കോർഡ് ശശി തരൂരിനായിരുന്നു. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് തരൂരിന് തന്നെയാണ് വിജയം. ഇത്തവണയും തരൂര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഈ തെരഞ്ഞെടുപ്പിൽ തരൂർ വിജയിച്ചാൽ എ. ചാൾസിൻ്റെ റെക്കോഡ് ആകും തകർക്കപ്പെടുക. അങ്ങനെ സംഭവിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

2011-ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ ആകെ ജനസംഖ്യ 33,01,427 ആണ്. ലോക്സഭാ മണ്ഡലത്തിലെ മാത്രം കണക്കെടുത്താല്‍ അത് 17,03,709 എന്നാകും. ഇതില്‍ 27.83% ഗ്രാമീണരും 72.17% നഗരവാസികളുമാണ്. മണ്ഡലത്തിലുള്ള വോട്ടര്‍മാരില്‍ ഭൂരിഭാഗവും തിരുവനന്തപുരം നഗരപരിധിക്കുള്ളിലാണ് താമസിക്കുന്നത്. ഇതാണ് മുന്നണികളുടെ കരുത്തും ദൗര്‍ബല്യവുമെന്ന് പറയാം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ഈ മണ്ഡലത്തില്‍ 13,34,665 വോട്ടര്‍മാരും 1077 പോളിങ് സ്റ്റേഷനുകളുമാണ് ഉള്ളത്. ജനസംഖ്യയുടെ 66.46% ഹിന്ദുക്കളും 19.1% ക്രിസ്ത്യാനികളും 13.72% മുസ്ലിംകളുമാണ്. ഏറെ രാഷ്ട്രീയ പ്രത്യേകതകൾ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം.

കേരളം രൂപീകൃതമാകുന്നതിന് മുൻപേയുള്ള 1952ലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് കൂ‌‌‌ടി കണത്തിലെ‌ടുത്താൽ, നാല് സ്വതന്ത്ര സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് ലോകസ്ഭയിലക്ക് അയച്ച ചരിത്രം അനന്തപുരിയുടെ പ്രത്യേകതയാണ്. കേരളത്തിലെ ആദ്യത്തെ വനിത ലോക്സഭാ എംപിയെ സംഭാവന ചെയ്തതും തിരുവനന്തപുരമാണ്. 1952ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെ‌ടുക്കപ്പെ‌ട്ട ആനി മസ്ക്രീനിനാണ് ഈ നേ‌ട്ടം ലഭിച്ചത്. കേരളത്തില്‍നിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു തിരുവനന്തപുരത്തു നിന്ന് ജയിച്ച ആനി മസ്‌ക്രീന്‍. ആനി മസ് ക്രീനെ കൂടാതെ നയതന്ത്ര രംഗത്തെ അതികായനായി കരുതപ്പെടുന്ന, നെഹ്റുവിന്റെ വലംകൈയായി പ്രവര്‍ത്തിച്ച മുന്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനെപ്പോലുള്ള പ്രഗത്ഭരെയും തിരഞ്ഞെടുത്ത പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും പഴക്കമുള്ള മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം ദേശീയ ശ്രദ്ധയാകർഷിക്കുന്നു.

ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തിരുവനന്തപുരത്ത് അതികായകരെ തന്നെ ഇറക്കി മത്സരകളം കൊഴുപ്പിച്ചിരിക്കുകയാണ്. വിജയത്തിൽ കുറഞ്ഞതൊന്നും ഒരു മുന്നണിയും പ്രതീക്ഷിക്കുന്നില്ല. അതിനാൽ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വീറും വാശിയും പ്രകടം. ആരാണ് ജയിക്കുക, വിശ്വപൗരൻ തരൂരോ? കേന്ദ്രമന്ത്രി ചന്ദ്രശേഖറോ? ജനകീയ മുഖം പന്ന്യനോ..? മൂന്ന് പേരും കൊള്ളാവുന്നവർ തന്നെ. അതിനാൽ ഇവരിൽ ആരെയും തിരുവനന്തപുരം കാർക്ക് കൊള്ളാനും തള്ളാനും പറ്റാത്ത അവസ്ഥ.

എതിരാളികൾ പോലും മറുവശത്തെ സ്ഥാനാർത്ഥി മികച്ചതാണെന്ന് അവകാശപ്പെടുന്ന അവസ്ഥ. എല്ലാ മുന്നണികളിലും ഇവിടെ വിജയിക്കാൻ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്തുകൊണ്ടിരിക്കുന്നു. രാജീവ് ചന്ദ്രശേഖറെയും പന്ന്യനെയും മറികടന്ന് ശശി തരൂർ ഇക്കുറിയും തിരുവനന്തപുരത്ത് ജയിക്കുമോ..? മുൻ എം പി എ.ചാൾസിൻ്റെ റെക്കോഡ് ഇക്കുറി തരൂർ തിരുവനന്തപുരത്ത് മറികടക്കുമോ..?. തരൂരിന്റെ വിജയക്കുതിപ്പിനെ മറികടക്കാന്‍ എതിരാളികളുടെ ആവനാഴിയില്‍ എന്ത് അസ്ത്രങ്ങളാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടറിയണം. അതിന് ഇലക്ഷൻ ഫലം വരെ കാത്തിരിക്കേണ്ടി വരും.

Keywords: News, Malayalam News,  Lok Sabha Election, Congres, BJP, Politics, Thiruvananthapuram, Shashi Tharoor, Will Shashi Tharoor break A Charles's record, will BJP open its account?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia