Thrissur | കെ മുരളീധരന് തിളക്കമാർന്ന വിജയമുണ്ടാകുമോ? സുരേഷ് ഗോപി തൃശൂരിൽ നിന്ന് ഔട്ടാകും

 


/ മിന്റാ മരിയ തോമസ്

(KVARTHA)
തൃശൂർ എന്ന് പറയുന്നത് പടലപിണക്കമൊന്നും ഇല്ലെങ്കിൽ കോൺഗ്രസിനെ എന്നും വാരിപ്പുണർന്നിട്ടുള്ള മണ്ഡലമാണ്. ഗ്രൂപ്പ് വഴക്ക് എന്നൊക്കെ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ തൃശൂരും കോൺഗ്രസിനോട് പിണക്കം കാണിച്ചിട്ടുണ്ട്. ഒരിക്കൽ കെ മുരളീധരനും പിതാവ് ലീഡർ കെ കരുണാകരനും എല്ലാം തൃശൂരിൽ നിന്ന് പരാജയത്തിൻ്റെ കയ്പുനീർ കുടിച്ചത് അങ്ങനെയാണ്. ഇന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ എത്തിയിരിക്കുന്നത് പഴയ കെ മുരളീധരൻ അല്ല. കോൺഗ്രസിൽ ഇന്ന് ഉമ്മൻ ചാണ്ടിയ്ക്കുശേഷം ആളെക്കുട്ടാൻ കെൽപ്പുള്ള നേതാവായി മാറിയിരിക്കുന്നു കെ മുരളീധരൻ. ബി.ജെ.പി യെ തുരത്തണമെങ്കിൽ മുരളീധരനെ കൊണ്ടുവരണമെന്ന ചിന്തയായിരിക്കുന്നു ഇവിടുത്തെ കോൺഗ്രസിന്.
  
Thrissur | കെ മുരളീധരന് തിളക്കമാർന്ന വിജയമുണ്ടാകുമോ? സുരേഷ് ഗോപി തൃശൂരിൽ നിന്ന് ഔട്ടാകും

അങ്ങനെയാണ് ബി.ജെ.പി സുരേഷ് ഗോപിയിലൂടെ തൃശൂരിൽ അക്കൗണ്ട് തുറക്കാൻ പരിശ്രമിക്കുന്നത് കണ്ട് അതിനെ തടയിടാൻ കെ മുരളീധരൻ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത്. അതുവരെ മണ്ഡലത്തിൽ ഉയർന്നുകളിച്ച താമരയ്ക്ക് പെട്ടെന്നൊരു വാട്ടം സംഭവിച്ചതുപോലെയായി കാര്യങ്ങൾ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നപ്പോൾ മുതൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി കൂടുതൽ വിയർപ്പ് ഒഴുക്കുന്നതാണ് കാണേണ്ടി വന്നത്. ഒരു പക്ഷേ, മുൻ എം.പി ടി.എൻ പ്രതാപൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ സുരേഷ് ഗോപിയ്ക്ക് ഇത്ര വിയർപ്പൊഴുക്കേണ്ടി വരുമായിരുന്നില്ല. മുരളീധരന് തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരെ ചിട്ടയോടെ എകോപിപ്പിച്ചുകൊണ്ട് പ്രവർത്തനത്തിൽ സജീവമാക്കാൻ കഴിഞ്ഞു എന്നതു തന്നെ അദേഹത്തിൻ്റെ വിജയമാണ് കാണിക്കുന്നത്.

സി.പി.എമ്മും ബി.ജെ.പി യും തൃശൂരിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും എത്രമാത്രം വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. ഇടതുമുന്നണിയിൽ തൃശുർ സീറ്റ് ഘടകകക്ഷിയായ സി.പി.ഐയ്ക്കാണ്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും തൃശൂർ സീറ്റ് പിടിച്ചെടുക്കുകയെന്നത് സി.പി.ഐ യുടെ പ്രസ്റ്റീജ് വിഷയം തന്നെ ആയി മാറി. മിടുക്കനായ ആളെ തന്നെയാണ് അവർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ അവതരിപ്പിച്ചത്. മറ്റാരും അല്ല, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ തന്നെ. രാഷ്ട്രീയത്തിന് അതീതമായി ജനപിന്തുണയുള്ള നേതാവാണ് സുനിൽ കുമാർ. യു.ഡി.എഫ് കോട്ടയായിരുന്ന തൃശൂർ നിയമസഭാ സീറ്റ് മുൻപ് സുനിൽ കുമാറിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. പാർട്ടിക്ക് അതീതമായി തൃശൂരിൽ സ്വന്തമായി വോട്ട് ബാങ്കുള്ള നേതാവ് ആണ് വി.എസ്.സുനിൽകുമാർ. ആ സുനിൽ കുമാറിനെ കൈവിട്ട് താമരയ്ക്ക് വോട്ട് ചെയ്യാൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് കഴിയുമെന്ന് തോന്നുന്നില്ല.

എന്ത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഉണ്ടായാലും. സുനിൽ കുമാർ ഇന്നോ ഇന്നലെയോ അല്ല മത്സരരംഗത്ത് ഉള്ളത്. വളരെക്കാലം നിയമസഭാ സാമാജികനായി ഇരുന്നയാളാണ്. ഇനി സാമുദായിക പരിഗണവെച്ചു നോക്കിയാലും ഹൈന്ദവ - ക്രൈസ്തവ വോട്ടുകളാണ് മണ്ഡലത്തിൽ വിജയം നിശ്ചയിക്കുന്നത്. ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് എതിരാക്കി തനിക്ക് അനുകൂലമാക്കാൻ സുരേഷ് ഗോപിക്ക് കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം. ഹൈന്ദവ സമുദായത്തിലെ മുഴുവൻ വോട്ടുകളൊന്നും ആർക്കും കിട്ടില്ല. കെ മുരളീധരനും പിതാവ് ലീഡർ കെ കരുണാകരനും ഒക്കെ എല്ലാ സാമുദായിക നേതാക്കളുമായി നല്ല അടുപ്പം സൂക്ഷിക്കുന്നവരാണ്.

എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും ആയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമൊക്കെയായി കെ.മുരളീധരന് വലിയ അടുപ്പമാണ് ഉള്ളത്. ഇതിനെ മറികടന്ന് സുരേഷ് ഗോപിക്ക് വോട്ടുപിടിക്കാൻ സാധിക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്. മണ്ഡലത്തിലുള്ള മുസ്ലിം വിഭാഗവും മുരളീധരന് അനുകൂലമായി തന്നെ നിലകൊള്ളും. ശരിക്കും തൃശൂരിൽ നടന്നത് രാഷ്ട്രീയമത്സരം തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടന്നതിനപ്പുറം ഒരത്ഭുതവും തൃശൂരിൽ സംഭവിക്കാനിടയില്ല. കെ മുരളീധരൻ എന്ന കരുത്തൻ്റെ കരുത്തിൽ യു.ഡി.എഫ് തൃശൂർ സിറ്റ് പിടിക്കാൻ സാധ്യത ഏറെയാണ്. സുനിൽ കുമാറോ സുരേഷ് ഗോപിയോ രണ്ടാം സ്ഥാനത്ത് എന്ന് നോക്കുന്നതാവും ഉചിതം.

Keywords: News, News-Malayalam-News, Kerala, Politics, Lok-Sabha-Election-2024, Will K Muraleedharan win in Thrissur?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia