നടിയെ ആക്രമിച്ച കേസില്‍ കോടതി വിചാരണ അവസാനിക്കാറായ വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്തിന്?; ദിലീപിന് കുരുക്കുമുറുകുമോ അതോ വിചാരണ നീട്ടിക്കിട്ടാനുള്ള നാടകമോ?

 


തിരുവനന്തപുരം: (www.kvartha.com 18.01.2022)  നടിയെ ആക്രമിച്ച കേസില്‍ കോടതി വിചാരണ അവസാനിക്കാറായ വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്തിന്?. ഇത്രയും കാലം ഇക്കാര്യങ്ങള്‍ അദ്ദേഹം മറച്ചുവെച്ചത് എന്തിന്?. ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിനെ കുറിച്ച് സിനിമാക്കാര്‍ക്കിടയില്‍ മുമ്പേ അത്ര നല്ല അഭിപ്രായമില്ല. ആസിഫ് അലിയെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാതാവിനുണ്ടായ നഷ്ടം എങ്ങനെയാണെന്ന് അന്വേഷിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകുമെന്ന് ചിലർ പറയുന്നു. എന്നാല്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കഴമ്പുള്ളതാണ്. അതുകൊണ്ടാണല്ലോ അന്വേഷണം നടക്കുന്നത്. 

  
നടിയെ ആക്രമിച്ച കേസില്‍ കോടതി വിചാരണ അവസാനിക്കാറായ വേളയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത് എന്തിന്?; ദിലീപിന് കുരുക്കുമുറുകുമോ അതോ വിചാരണ നീട്ടിക്കിട്ടാനുള്ള നാടകമോ?


ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെന്ന് സിനിമയിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇത് വ്യക്തമാക്കി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്ന പലരും കൂറുമാറി. കുഞ്ചാക്കോബോബനെ പോലെ ചുരുക്കം ചിലര്‍ മാത്രമാണ് മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്. പരസ്യമായല്ലെങ്കിലും ദിലീപിനെ എതിര്‍ത്തിരുന്ന നടി ഭാമ മൊഴിമാറ്റിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇതെല്ലാം ദിലീപിന്റെ പണത്തിന്റെയും സ്വാധീനത്തിന്റെയും തെളിവാണെന്ന് വിമന്‍ ഇന്‍ കളക്ടീവ് സിനിമ അടക്കം ആരോപിക്കുന്നു. സാക്ഷികള്‍ കുറുമാറിയത് എന്തിന് എന്ന ചോദ്യം ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. 

അതേസമയം താന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവും തെളിവും ഇല്ലെന്ന ആത്മവിശ്വാസം ദിലീപിനുണ്ട്. അതുകൊണ്ടാണ് പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ഹര്‍ജി പിന്‍വലിച്ചത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും അടുപ്പക്കാരാണെന്ന് വെളിപ്പെടുത്തിയ സഹതടവുകാരനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതെന്തിനെന്ന് പ്രോസിക്യൂഷന്‍ ചോദിക്കുന്നു. ദിലീപിന്റെ സുഹൃത്തും എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാറിന്റെ ഡ്രൈവറാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്. വഴങ്ങില്ലെന്ന് അറിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. അതിന് ഡ്രൈവര്‍ അറസ്റ്റിലാവുകയും ചെയ്തു. 

അങ്ങനെ ഓരോ കുരുക്ക് അഴിക്കാന്‍ നോക്കുമ്പോഴും ദിലീപിന് കുരുക്ക് മുറുകുന്നതായാണ് ഈ കേസില്‍ പ്രത്യക്ഷത്തില്‍ കാണുന്നത്. അതേസമയം ദിലീപിനെതിരെ ഗൂഢാലോന ചുമത്താന്‍ വേണ്ട തെളിവില്ലെന്നാണ് ചില അഭിഭാഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇക്കൂട്ടര്‍ ചാനല്‍ ചര്‍ചകളിലുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സൂപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് ബോധ്യമുള്ളതിനാല്‍, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള അനുമതി തേടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അഭിഭാഷകരും ദിലീപ് അനുകൂലികളും പറയുന്നു. ഏതാണ് സത്യമെന്ന് ഒരെത്തുംപിടിയും കിട്ടാത്ത അവസ്ഥയിലാണ് സിനിമാപ്രേമികള്‍.


Keywords:  Kerala, Thiruvananthapuram, News, Top-Headlines, Actress, Case, Dileep, Court, Asif Ali, Film, Supreme Court, Producer, Balachandran, Will Dileep get stuck? Or a play to prolong the trial?

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia