Kannur Fort | കണ്ണൂർ കോട്ട സിപിഎം തിരിച്ചു പിടിക്കുമോ? മാതൃഭൂമി സർവേയിൽ പ്രതീക്ഷയോടെ എം വി ജയരാജൻ

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) കണ്ണൂർ കോട്ട സിപിഎം തിരിച്ചു പിടിക്കുമെന്ന ആദ്യ തെരഞ്ഞെടുപ്പ് സർവേ ഫലം വന്നതോടെ എൽ ഡി എഫ് ക്യാംപിൽ നിറഞ്ഞ വിജയ പ്രതീക്ഷ. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂരിൽ ഇക്കുറി വിജയിക്കണമെന്നത് സിപിഎമ്മിനെ സംബന്ധിച്ചു അഭിമാന പ്രശ്നങ്ങളിലൊന്നാണ്. എം വി ജയരാജനെന്ന പാർട്ടി ജില്ലാ സെക്രട്ടറിയെ ആദ്യമേ കളത്തിലിറക്കി ആദ്യ റൗണ്ടിൽ തന്നെ പ്രചാരണം കൊഴുപ്പിക്കാൻ സിപിഎം തീരുമാനിച്ചതു തന്നെ ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ്. കെ സുധാകരനെന്ന അതികായകനായ നേതാവിനെ നേരിടാൻ ആര് എന്ന ചോദ്യത്തിന് മറുപടി കൂടിയാണ് എം വി ജയരാജന്റെ സ്ഥാനാർത്ഥിത്വം.

    
Kannur Fort | കണ്ണൂർ കോട്ട സിപിഎം തിരിച്ചു പിടിക്കുമോ? മാതൃഭൂമി സർവേയിൽ പ്രതീക്ഷയോടെ എം വി ജയരാജൻ



പൗരത്വ ഭേദഗതി നിയമം നടപ്പാക്കൽ, കോൺഗ്രസിൽ നിന്നും കൂറുമാറി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി രഘുനാഥിന്റെ സാന്നിദ്ധ്യം, എംപിയെന്ന നിലയിൽ കെ സുധാകരൻ ഒന്നും ചെയ്തിട്ടില്ലെന്ന പ്രചാരണം ഇതൊക്കെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് സിപിഎം. ഇതിനൊപ്പം ജയിച്ചാൽ സുധാകരൻ ബിജെപിയിൽ ചേരുന്ന സോഷ്യൽ മീഡിയ പ്രചാരണവും സിപിഎം സൈബർ ഹാൻഡിലുകൾ നടത്തുന്നുണ്ട്.

ഇതിനിടെ കണ്ണൂർ പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന് വിജയ സാധ്യതയെന്ന മാതൃഭൂമി സർവേ ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് ക്യാംപുകൾ ആശങ്കയിലായിട്ടുണ്ട്. രണ്ടു ശതമാനം വോട്ടുകൾക്കാണ് സിറ്റിങ് എം പി കെ സുധാകരന്റെ തോൽവി ചാനൽ സർവേ ഫലത്തിൽ പ്രഖ്യാപിച്ചത്. എം.വി ജയരാജൻ 42 ശതമാനവും കെ സുധാകരൻ 39 ശതമാനവും എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന് 17 ശതമാനവുമാണ് വോട്ടിങ് ഷെയർ പ്രവചിക്കുന്നത്. എന്നാൽ സർവേ ഫലം യുക്തിഭദ്രമല്ലെന്നും രാഷ്ട്രീയ പ്രേരിതവുമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപുകൾ. കേരളമാകെ യു.ഡി.എഫ് തരംഗം ആഞ്ഞു വീശുമെന്ന് സർവേ ഫലം തന്നെ ചൂണ്ടിക്കാട്ടുമ്പോൾ കണ്ണൂരിൽ മാത്രമെങ്ങനെ എൽ.ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

സുധാകരൻ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചതോടെ നേരിയ മുൻതൂക്കം തങ്ങൾക്ക് ലഭിച്ചുവെന്നാണ് യു.ഡി.എഫ് ക്യാംപുകൾ പറയുന്നത്. 2019 ൽ 12 ശതമാനം വോട്ടു ഷെയറുള്ള ബി.ജെ.പിക്ക് ഇക്കുറി 17 ശതമാനം ലഭിക്കുമെന്ന പ്രവചനവും അസംഭവ്യമാണെന്ന വിലയിരുത്തലുമുണ്ട്. എന്തു തന്നെയായാലും മാതൃഭൂമി സർവേ ഫലം കോൺഗ്രസ് ക്യാംപുകളിൽ ആശങ്കയോടൊപ്പം ജാഗ്രതയും വർധിപ്പിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും കെ സുധാകരനെ വിജയിപ്പിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലീം ലീഗ് സജീവമായി രംഗത്തിറങ്ങിയതും കോൺഗ്രസ് ക്യാംപുകളിൽ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.
  
Kannur Fort | കണ്ണൂർ കോട്ട സിപിഎം തിരിച്ചു പിടിക്കുമോ? മാതൃഭൂമി സർവേയിൽ പ്രതീക്ഷയോടെ എം വി ജയരാജൻ

Keywords: Lok Sabha Election, CPM, Politics, Kannur, Congress, Election, Survey Result, LDF, Camp, MV Jayarajan, K Sudhakaran, Vote, Citizenship Amendment Act, Mathrubhumi, Will CPM take back Kannur fort?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia