ഗുണ്ടാ ആക്ടില്‍ മാറ്റം വരുത്തും: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
May 14, 2012, 13:00 IST
കാസര്‍കോട്: ഗുണ്ടാ ആക്ടില്‍ മാറ്റം വരുത്തുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'കാസര്‍കോടിന് എന്താണ് കുഴപ്പം' എന്ന വിഷയത്തെപ്പറ്റിയുള്ള വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ഗീയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയും ഗുണ്ടാ ആക്ടിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായാണ് ആക്ടില്‍ മാറ്റം വരുത്തുന്നത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് മന്ത്രി സൂചിപ്പിച്ചു. ഇത്തരം ഗൗരവമായ കേസുകളില്‍ വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നതിനെതിരെ എന്താണ് പോംവഴിയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സദാചാര പോലീസിനെതിരെയുള്ള നടപടി ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ വാടകകയ്ക്ക് വീടെടുത്ത് നടത്തിയാല്‍ അത് പോലീസ് സ്റ്റേഷനാകില്ലെന്നും, അതിന് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും അതേ പോലെയാണ് സദാചാര പോലീസിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി സൂചിപ്പിച്ചു. സദാചാര പോലീസില്പ്പെട്ടവരുടെ 'സദാചാരം' എന്താണെന്ന് പലര്‍ക്കുമറിയാം. ഇത്തരം നിയമ ലംഘനങ്ങള്‍ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല. യുവാക്കളില്‍ വളര്‍ന്നുവരുന്ന അക്രമ വാസനകള്‍ തടയുന്നതിന് സ്കൂളുകളില്‍ നിന്നു തന്നെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്റ്റുഡന്‍സ് പോലീസ് സംവിധാനം ഇതിന്റെ ഭാഗമാണ്. ഇത് വിപുലികരിക്കും. ലാത്തികൊണ്ടല്ല ജനശക്തികൊണ്ടാണ് വര്‍ഗീയതയെ നേരിടേണ്ടത്. സമാധാന കമ്മിറ്റിയോഗത്തിലെ തീരുമാനങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഭരണതലത്തിലും പോലീസ്തലത്തിലുമുണ്ടാകുന്ന നടപടികള്‍ക്കൊപ്പം സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നുള്ള ശക്തമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഫലപ്രദമായി തടയാന്‍ സാധിക്കുകയുള്ളൂ. സാമൂഹിക സംഘടനകളും, സാംസ്ക്കാരിക നായകന്മാരും വര്‍ഗീയതയ്ക്കെതിരെ ശബ്ദിക്കണം. ഇക്കാര്യത്തില്‍ ഒരു പൊതു ലക്ഷ്യത്തിലേക്ക് എല്ലാവരെയും കൊണ്ടുവരണം. ക്യാന്‍സര്‍ ബാധപോലെ പടര്‍ന്ന് പിടിച്ചിട്ടുള്ള ഇതിന്റെ വേരറുക്കണം. ഗണ്മെന്റിന്റെ റോള്‍ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
ഭരണഘടന അനുസരിച്ച ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. സാമൂഹ്യ ഉത്തരവാദിത്വത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും അണിച്ചേരണം. പേരിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് നടത്തുന്നത് അനുവദിക്കില്ല. നിഷ്പക്ഷമായും നിതിപൂര്വ്വമായും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യും. ഈ വിപത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ആവശ്യം. ഗാന്ധിയന്‍ ചിന്താഗതിക്കനുസരിച്ചുള്ള കൂട്ടായ്മ രൂപപ്പെടണം. ജനസൗഹൃദ ചേരിയും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന മറുചേരുയുമാണ് ഇവിടെ ഉള്ളത്. ജനസൗഹൃദ ചേരി കൂടുതല്‍ ശക്തിപ്പെട്ടാല്‍ മാത്രമേ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന ചേരിയെ ഒതുക്കാന്‍ കഴിയുകയുള്ളു.
രമേശ് ചെന്നിത്തലയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്ന സന്ദേശയാത്രകള്‍ ഇത്തരം സംഭവങ്ങളെ ലഘൂകരിക്കാനും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സാധ്യമാകും. കാസര്‍കോട്ടെ കേസ് ഡയറികള്‍ പരിശോധിച്ചപ്പോള്‍ ക്രൈംറേറ്റ് കൂടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയുള്ള പല കേസുകളിലും പ്രതികള്‍ ഒളിവിലാണെന്നാണ് റിപോര്‍ട്ട്. ആരുടെയെങ്കിലും ഒത്താശയോടെയാണോ ഇവര്‍ രക്ഷപ്പെടുന്നതെന്ന് പരിശോധിക്കും. പോലീസ് ഉദ്യോഗസ്ഥരുടെയോ, മറ്റു തലത്തില്‍ നിന്നുള്ള ഇടപെടലുകളുടെയാണോ പ്രതികള്‍ രക്ഷപ്പെടുത്തുന്നതെന്ന് അന്വേഷിക്കും. പോലീസില്‍ കാര്യമായ മാറ്റം വരുത്തും. സംവിധാനം മെച്ചപ്പെടുത്തും. മാനസീകമായ മാറ്റം ഉണ്ടായില്ലെങ്കില്‍ തോലിപ്പുറത്തെ ചികിത്സ മാത്രമായി മാറും. ജനങ്ങളില്‍ പോലീസ് ആത്മവിശ്വാസം വളര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷങ്ങളുടെ പേരില്‍ ബൈക്ക് നിരോധിക്കുന്നത് പരാതിയായി നല്കിയാല് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന് അധ്യക്ഷനത വഹിച്ചു. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പ.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്, കെ. കുഞ്ഞിരാമന് ഉദുമ, കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന് നായര്‍, ബി.ജെ.പി നേതാവ് അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാശിം സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Thiruvanchoor Radhakrishnan, Press-Club
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.