Wildlife Conflict | ഇരിട്ടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു കീഴ്‌പ്പെടുത്തി


● ഇരിട്ടി കരിക്കോട്ടക്കരിയിൽ ആണ് സംഭവം നടന്നത്.
● വനംവകുപ്പിന്റെ വാഹനം ആക്രമിച്ചിരുന്നു
● വയനാട്ടിൽ നിന്നുള്ള വെറ്റിനറി സംഘം ആണ് മയക്കുവെടി വെച്ചത്.
● കൃഷിയിടത്തിൽ കാട്ടാന നാശനഷ്ടം ഉണ്ടാക്കി.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയിലെ കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ചു. വയനാട്ടിൽ നിന്നെത്തിയ വെറ്റിനറി സംഘമാണ് മയക്കുവെടി വച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിൻ്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബുധനാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു ആക്രമണം.
എടപ്പുഴ റോഡിൽ വെന്ത ചാപ്പയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രാമണമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 5.15ന് കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനു സമീപം ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപുര പാലത്തിന് സമീപത്താണ് നാട്ടുകാരനായ പി.എസ് തങ്കച്ചൻ കാട്ടാനയെ കണ്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ 6.30 ന് വെന്ത ചാപ്പയിൽ എത്തിയ ആനപുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർത്ത് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ നിർത്തിയിട്ട വനം വകുപ്പ് വാഹനത്തിന് നേരെ തിരിയുകയായിരുന്നു.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഒച്ചവെച്ചതോടെ സമീപത്തെ ജോയിയെന്ന ആളുടെ വീടിന് പുറകിലെ കുന്നിലേക്ക് ആന കയറി. ആനയെ തുരത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചതോടെ പല സ്ഥലങ്ങളിലേക്കും മാറി മാറി സഞ്ചരിച്ചു ടൗണിലെ കോൺവൻ്റിന് സമീപത്ത് ഏറെ നേരം നിലയുറപ്പിച്ചു. ഇവിടെ നിന്നും ആനയെ തുരത്താൻ ശ്രമിച്ചതോടെ വീണ്ടും വെന്ത ചാപ്പ ഭാഗത്തെ ജനവാസമേഖലയിൽ തന്നെ നിലയുറപ്പിച്ച കാട്ടാനയെയാണ് മയക്കുവെടി വെച്ചത്.
കാട്ടാന കടന്നുവന്ന കൃഷിയിടത്തിലെല്ലാം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. എണ്ണക്കുടം പൂവത്തിങ്കൽ ജോയി, മഞ്ഞപ്പള്ളി ജോബി, പണ്ടാരവളപ്പിൽ ജോർജ്, അറക്കൽ റോബർട്ട് എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനനാശം വിതച്ചത്. കശുമാവിൻ തൈകൾഅടക്കം പിഴുതെറിഞ്ഞ നിലയിലാണ്. രാവിലെ റബ്ബർ ടാപ്പിങ് ഉൾപ്പെടെ പൂർത്തിയാക്കിയ കർഷകർ പാലെടുക്കാൻ കഴിയാതെ ആശങ്കയിലാണ് ആന ഇറങ്ങിയതോടെ കരിക്കോട്ടക്കരി ഇടവക കുരിശു പള്ളിയായ മലയാളം കുരിശ് പള്ളിയിൽ നടത്താനിരുന്ന വിശുദ്ധ കുർബാന മാറ്റിവെച്ചു. ചൊവ്വാഴ്ച രാത്രി കീഴ്പള്ളി വട്ടപ്പറമ്പ് മേഖലയിൽ കാട്ടാനയെത്തിയിരുന്നു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുമല്ലോ.
A wild elephant that entered a residential area in Karikottakari, Iritty, Kannur district, was tranquilized by a veterinary team from Wayanad. The elephant had attacked a forest department vehicle and caused extensive damage to crops.
#WildElephant #Iritty #Kannur #WildlifeConflict #Tranquilization #Kerala