Wildlife Threat | റോഡിന് നടുവില്‍ കാട്ടുപന്നിക്കൂട്ടം; ബൈക്ക് ഇടിച്ച് യാത്രികന് പരുക്കേറ്റു
ADVERTISEMENT
● സമീപത്തെ വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
● ബൈക്ക് യാത്രികന് ബ്രേക്ക് ചെയ്യാൻ സമയം ലഭിച്ചില്ല
● റോഡിലേക്ക് ഇറങ്ങി വരുന്ന കാട്ടുപന്നികൾ മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
പത്തനംതിട്ട: (KVARTHA) പന്തളം പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്‌നിക് ജംഗ്ഷന് സമീപം തിങ്കളാഴ്ച് രാത്രി റോഡിൽ ഇറങ്ങി നടന്ന കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ച് റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരന് പരിക്ക്. കൂരമ്പാല സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
റോഡിന്റെ നടുവിലായി അഞ്ചോളം കാട്ടുപന്നികൾ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഒരു വശത്ത് നിന്ന് വന്ന പിക്കപ്പ് വാഹനം കാട്ടുപന്നികളെ കണ്ട് വേഗത്തിൽ നിർത്തി. എന്നാൽ, എതിർദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികന് ബ്രേക്ക് ചെയ്യാൻ സമയം ലഭിച്ചില്ല. ഇതേ തുടർന്ന് ബൈക്ക് കാട്ടുപന്നികളെ ഇടിച്ച് യാത്രികൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
സമീപത്തെ വീട്ടിലുണ്ടായിരുന്നവരും പിക്കപ്പിൽ ഉണ്ടായിരുന്നവരും വീണുകിടക്കുന്ന ആളിനടുത്തേക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പത്തനംതിട്ടയിലെ വനമേഖലകളിൽ കാട്ടുപന്നികളുടെ ശല്യം പതിവായി ഉണ്ടാകാറുണ്ട്. റോഡിലേക്ക് ഇറങ്ങി വരുന്ന കാട്ടുപന്നികൾ മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
ഇത്തരം സംഭവങ്ങൾ പതിവായി ആവർത്തിക്കുന്നതിനാൽ വന്യജീവി വകുപ്പ് ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
#WildBoar #RoadAccident #Pathanamthitta #WildlifeSafety #KeralaNews #RoadSafety
