Wild animal | നാടുകയറി കാട്ടുമൃഗങ്ങള്‍; പൊന്നുവിളയിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുമോയെന്ന ആശങ്കയില്‍ ഇടുക്കിയിലെ നിവാസികള്‍; 10 വര്‍ഷത്തിനിടെ പൊലിഞ്ഞത് 45 ജീവനുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ജോണ്‍ ജോസഫ്

കട്ടപ്പന: (www.kvartha.com) കുടിയേറ്റ ജനതയുടെ വിയര്‍പ്പുകണങ്ങള്‍ വീണു ഫലസമൃദ്ധമായ ഇടുക്കിയുടെ മണ്ണില്‍ നിന്ന് മൃഗങ്ങളെ പേടിച്ചു പലായനം ചെയ്യേണ്ടി വരുമോയെന്ന് ആശങ്ക. കാട്ടാന, പുലി, കടുവ, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണം അനുദിനം പെരുകുന്ന സ്ഥിതിയാണ്. ജീവനും ജീവിതവും വഴിമുട്ടുന്നവരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയും. കഴിഞ്ഞ ദിവസം വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധത്തിന്റെ അലകള്‍ ഇടുക്കിയിലും ശക്തമാവുകയാണ്.
               
Wild animal | നാടുകയറി കാട്ടുമൃഗങ്ങള്‍; പൊന്നുവിളയിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുമോയെന്ന ആശങ്കയില്‍ ഇടുക്കിയിലെ നിവാസികള്‍; 10 വര്‍ഷത്തിനിടെ പൊലിഞ്ഞത് 45 ജീവനുകള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 10 പേരും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേരും മരിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പൊലിഞ്ഞത് 45 വിലപ്പെട്ട ജീവനുകളാണ്. കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇവയെ നിയന്ത്രിക്കാന്‍ നടപടികളില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജനവാസ മേഖലയിലെത്തിയ വനൃമൃഗങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ പഞ്ചായതുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാകാത്ത അവസ്ഥയാണ്. കാര്‍ഷിക വിളകള്‍ക്കു വ്യാപക നാശമാണ് ഇവ വരുത്തിവയ്ക്കുന്നത്.

മറയൂര്‍, കാന്തല്ലൂര്‍, വെട്ടുകാട്, മാങ്കുളം, മൂന്നാര്‍, തോട്ടം മേഖലയിലെ നയമക്കാട് എസ്റ്റേറ്റ്, കന്നിമല ലോവര്‍ ഡിവിഷന്‍, ചൊക്കനാട് എസ്റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം കാട്ടാനശല്യം രൂക്ഷം. കൃഷിവിളകള്‍ക്കു പുറമെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വരെ വന്‍ നാശമാണ് ഇവ വിതയ്ക്കുന്നത്. മാങ്കുളം, പൂപ്പാറ എന്നിവിടങ്ങളിലെല്ലാം ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ വരുത്തുന്ന നാശം വിവരിക്കാനാവാത്തതാണ്. കഴിഞ്ഞ വര്‍ഷം തലക്കുളത്തിന് സമീപം രണ്ടുപേരെ കാട്ടാന അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

ചിന്നക്കനാല്‍, പൂപ്പാറ ഉള്‍പെടെയുള്ള മേഖലകളില്‍ വിലസുന്ന അരിക്കൊമ്പന്‍ പത്തോളം പേരെ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ ആനയെ പിടികൂടാന്‍ വനംവകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ചെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്‍പെടെ കൗതുകം സൃഷ്ടിച്ചിരുന്ന പടയപ്പ എന്ന ആന കുറച്ചുനാളായി ആക്രമണ സ്വഭാവം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുട്ടിയാര്‍വാലി മേഖലയില്‍ മൂന്നു വാഹനങ്ങളാണ് പടയപ്പ തകര്‍ത്തത്.

പച്ചക്കറി കടകള്‍ തകര്‍ത്ത് ഇതിലുള്ള വിഭവങ്ങള്‍ ഭക്ഷിക്കുന്നതും പടയപ്പയുടെ വിനോദമാണ്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച ആനയിറങ്കല്‍ ഭാഗത്തു റോഡില്‍ ഇറങ്ങിയ ആനയെ കണ്ട് ബൈക് യാത്രികന്‍ വീണു പരിക്കേറ്റു. ജനവാസ മേഖലകളില്‍ പുലിയിറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും ഭീതി പരത്തുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പള്ളിവാസലിന് സമീപം രണ്ടാം മൈലില്‍ വളര്‍ത്തുനായ്ക്കളെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. മാങ്കുളം, ആറാംമൈല്‍ മേഖലയിലും പുലിസാന്നിധ്യമുള്ളതായി പലപ്പോഴും റിപോര്‍ട് ചെയ്തിട്ടുണ്ട്.

വനംവകുപ്പ് ഇവിടെ സ്ഥാപിച്ച കാമറയിലും പുലിസാന്നിധ്യം വ്യക്തമായിരുന്നു. പെരുമന്‍കുത്ത്, മുനിപാറ മേഖലകളിലും പുലിയുടെ സാന്നിധ്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കാന്തല്ലൂര്‍ പഞ്ചായതിലെ വേങ്ങരയിലും കഴിഞ്ഞ വര്‍ഷം പുലിയിറങ്ങിയിരുന്നു. ഇവിടെ ദണ്ഡുകൊമ്പ് കോളനി പരിസരത്തു വീട്ടുമുറ്റത്തും പുലി എത്തിയിരുന്നു. മാങ്കുളം ആറാംമൈല്‍ ചിക്കണാംകുടിയില്‍ ആക്രമിക്കാനെത്തിയ പുലിയെ അതിസാഹസികമായി ഗോപാലന്‍ എന്ന കര്‍ഷകന്‍ കീഴ്പ്പെടുത്തിയത് അത്യപൂര്‍വ സംഭവമായിരുന്നു.

ഇടുക്കിയില്‍ നിരവധി ജീവനുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിയുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിവിളകള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്കും ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും വനംവകുപ്പ് തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords:  Latest-News, Kerala, Idukki, Top-Headlines, Animals, Wild animal menace in some parts of Idukki.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia