Heavy Rain | സംസ്ഥാനത്ത് വ്യാപക മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത

 


തിരുവനന്തപുരം: (KVARTHA) അറബിക്കടലിലും ബംഗാള്‍ ഉള്‍കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദങ്ങളുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചു. 

Heavy Rain | സംസ്ഥാനത്ത് വ്യാപക മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറന്‍ജ് ജാഗ്രത. അതേസമയം കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മഞ്ഞ ജാഗ്രത. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലായി മീന്‍പിടുത്തത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മലയോരമേഖലകളിടക്കം ശക്തമായ മഴ തുടരുകയാണ്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദമായി മാറിയെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുനല്‍കി.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

1. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.

2. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

3. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്

4. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവക്കണം

5. ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ കാംപുകള്‍ സജ്ജീകരിക്കും. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ കാംപിനായി കണ്ടെത്തിയ കെട്ടിടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞുവെക്കണം. അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കണം.

6. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

7. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം

8. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.

Keywords: Widespread rain will continue in the state; Orange alert in five districts, Thiruvananthapuram, News, Heavy Rain, IMD, Warning, Alert, Instruction, Camp, Security, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia