Landslides | കനത്ത മഴയില്‍ മണ്ണിടിച്ചില്‍ വ്യാപകം: കൊട്ടിയൂര്‍ - പാല്‍ച്ചുരം റോഡില്‍ വാഹന ഗതാഗത നിയന്ത്രണം
കണ്ണൂര്‍: (KVARTHA) വ്യാപകമായി മണ്ണിടിച്ചില്‍ (Landslides) തുടരുന്ന കൊട്ടിയൂര്‍ - വയനാട് -പാല്‍ച്ചുരം പാതയില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് (Vehicles) ഒരാഴ്ചത്തേക്ക് നിയന്ത്രണം (Traffic restricted) ഏര്‍പ്പെടുത്തി അധികൃതര്‍. അതീവ ഗുരുതരാവസ്ഥയിലായ പാതയില്‍ രാത്രികാല യാത്രയും ഭാരവാഹനങ്ങള്‍ കടന്നു പോകുന്നതുമാണ് ഒരാഴ്ചത്തേക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (Disaster Management)ഡപ്യൂടി കലക്ടര്‍ (Deputy Collector) നിരോധിച്ചത്.
ചുരത്തിലെ വീതികുറഞ്ഞ ചെകുത്താന്‍ തോടിന് സമീപമാണ് പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഇടിഞ്ഞ് വീണ പാറകള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ജനപ്രതിനിധികളുടെ നേതൃത്യത്തില്‍ വശത്തേക്ക് മാറ്റിയാണ് ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചത്. ചുരം പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. ബുധനാഴ്ച ചുരത്തിലെ ഒന്നാം വളവിന് താഴ്ഭാഗത്തായി രണ്ട് തവണ മണ്ണിടിച്ചിലുണ്ടായി.
മണ്ണും കല്ലും മരവുമുള്‍പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സും, പൊതുമരാമത്ത് അധികൃതരും, പ്രദേശവാസികളും പൊലീസും, പഞ്ചായത് അധികൃതരും ചേര്‍ന്ന് മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെയാണ് മണ്ണിടിഞ്ഞ പാതയിലെ തടസം നീക്കാനായത്.
എന്നാല്‍ കനത്ത മഴ തുടരുന്നതിനാല്‍ വീണ്ടും മണ്ണിടിച്ചില്‍, പാറയിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കനത്ത മഴയുള്ളപ്പോള്‍ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പോകുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം. അപകട ഭീതി ഒഴിയുന്നതുവരെ ഈ പാത ഒഴിവാക്കി നിടുംപൊയില്‍ പാത ഉപയോഗിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.