Heavy Rain | കനത്ത മഴയിൽ വ്യാപക നാശനഷ്ടം; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി വെള്ളക്കെട്ടിൽ വീണ് രണ്ടുപേർ മരിച്ചു. ഒരു പുരുഷനും സ്ത്രീക്കുമാണ് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടമായത്. ചൊക്ലി ഒളവിലത്ത് സ്വദേശി ചന്ദ്രശേഖരന് (63), മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് റോഡരികിലെ വെള്ളക്കെട്ടില് ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഞായറാഴ്ച രാത്രിയാണ് വെള്ളക്കെട്ടില് വീണതെന്നാണ് സൂചന. പെയിന്റിംഗ് തൊഴിലാളിയാണ് ചന്ദ്രശേഖരൻ.

തിങ്കളാഴ്ച വൈകിട്ട് വീടിനടുത്തുള്ള വയലിലുണ്ടായ അപകടത്തിലാണ് കുഞ്ഞാമിന മരിച്ചത്. അതേസമയം കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. വയനാട് പുൽപ്പള്ളിയിൽ 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തിൽ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് വീടുകളും തകർന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു. മലപ്പുറം വടശേരിയിൽ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡിൽ മരം വീണ് വൈദ്യുതി ലൈനും തകർന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. താമരശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർ ഫോഴ്സും ഹൈവേ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ കക്കാട് പുഴ കരകവിഞ്ഞതു കാരണം ഗതാഗതം തടസപ്പെട്ടു. വളപട്ടണം പുഴയിലെ തീരങ്ങളിൽ പുഴ കരകവിഞ്ഞ് ഒഴുകി മരങ്ങൾ കടപുഴകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിലെ അഞ്ച് ഷട്ടർ 100 മീറ്റർ ഉയരത്തിൽ ഉയർത്തിയിട്ടുണ്ട്.