Preferences | ഭാര്യവീട്ടിൽ താമസിക്കാൻ ഭർത്താവ് ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട്? പ്രതികരണങ്ങൾ
സമൂഹത്തിലെ പാരമ്പര്യമായ ചിന്താഗതികൾ, ലിംഗപരമായ പങ്കുകൾ, പഴയകാലത്തെ സാമൂഹിക ചട്ടക്കൂടുകൾ തുടങ്ങിയവ ഇതിന് കാരണമാണ്
മിൻ്റാ സോണി
(KVARTHA) ഭാര്യയും ഭർത്താവും എന്നു പറയുമ്പോൾ അവർ ദൈവഹിതപ്രകാരം രണ്ട് അല്ല, ഒന്നാണ്. അതുപോലെ തന്നെ തങ്ങൾ ഇരുവരുടെയും ആഗ്രഹങ്ങളും താല്പര്യങ്ങളും ഒരുപോലെ ആയിരിക്കണമെന്നാകും പലപ്പോഴും ഭാര്യഭർത്താക്കന്മാർ ചിന്തിക്കാറുള്ളത്. അങ്ങനെ തന്നെയാകും എന്ന് അല്ലെങ്കിൽ അങ്ങനെതന്നെ ആയിരിക്കുമെന്ന് വിവാഹജീവിതത്തിൻ്റെ തുടക്കത്തിൽ പലരും കരുതുമെങ്കിലും ജീവിതം മുൻപോട്ടു പോകുന്തോറും പലപ്പോഴും അതിന് കഴിഞ്ഞെന്ന് വരില്ല. അവിടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
അതിൽ ഒരു ഉദാഹരണമാണ് വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് കുറച്ചു ദിവസമെങ്കിലും ഭർത്താവിൻ്റെ വീട് വിട്ട് സ്വന്തം വീട്ടിൽ താമസിക്കണമെന്നുള്ളത്. അതിൽ ചില ദിവസമെങ്കിലും ഭർത്താവും തൻ്റെ വീട്ടിൽ ഉണ്ടാകണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. എന്നാൽ പലപ്പോഴും അത് നടപ്പാകുന്ന കാര്യം ആകണമെന്നില്ല. അധികം ദിവസം ഭാര്യ വീട്ടിൽ താമസിക്കാൻ പല ഭർത്താക്കന്മാർക്കും മടുപ്പാണെന്നതാണ് സത്യം. തുടക്കത്തിലുള്ള താല്പര്യമൊന്നും പല ഭർത്താക്കന്മാരും ഭാര്യ ഗൃഹത്തോട് കാണിച്ചെന്നും വരില്ല. അതിനുള്ള കാരണങ്ങൾ പലതാണ്.
ഭാര്യമാരുടെ വീട്ടിൽ ഭർത്താക്കന്മാർക്ക് താമസിക്കാൻ ഇഷ്ടമില്ലാത്തത് എന്തുകൊണ്ട്? എന്ന് ചോദിച്ചുകൊണ്ട് ഒരു ഗ്രൂപ്പിൽ ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ നടത്തിയ ചർച്ചയിൽ ഉരിത്തിരിഞ്ഞു വന്ന ചില ഉത്തരങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിൽ പ്രസക്തമായ കുറച്ച് അഭിപ്രായങ്ങൾ ഇവിടെ കൊടുക്കുന്നു. ഭാര്യമാരുടെ വീട്ടിൽ എന്തുകൊണ്ട് ഭർത്താക്കന്മാർ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല? ശരിയ്ക്കും എന്താകും കാരണങ്ങൾ.
പ്രതികരണങ്ങൾ
1. പണ്ട് മുതൽ നമ്മളിൽ നമ്മുടെ സമൂഹം അടിച്ചേൽപ്പിച്ച കുറെ മിഥ്യ ധാരണകളിൽ ഒന്നാണ് അച്ചി വീട്ടിൽ പോയി താമസിച്ചാൽ ആണിന്റെ അന്തസ് കുറയുമെന്നത്. പൊതുവെ പുരുഷന്മാർ കുറച്ച് മേൽകോയ്മയുടെ അടിമകൾ ആയതു കൊണ്ട് അവർ ജീവിച്ച ചുറ്റുപാടുകളിൽ നിന്നും മാറി പുതിയൊരാന്തരീക്ഷത്തെ പെട്ടെന്ന് ഉൾക്കൊള്ളാൻ അവർക്ക് അത്ര എളുപ്പം സാധിക്കില്ല. അതവർ ആഗ്രഹിക്കുന്നുമില്ല. എന്നതാണ് പച്ചയായ സത്യം.
2. സ്ത്രീകൾ എപ്പോഴും പരിതസ്ഥിതികളോട് വേഗം പൊരുത്തപ്പെടാൻ കഴിയുന്നവരും, അഡ്ജസ്റ്റബിൾ സ്വഭാവക്കാരുമാണ്. ജനിക്കുമ്പോൾ മുതൽ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് നീയെന്നുള്ള പ്രസ്‌താവന കേട്ട് തഴമ്പിച്ചത് കൊണ്ടാവാം അവർ പെട്ടന്ന് വിട്ട് വീഴ്ചകൾ ചെയ്യാൻ തയ്യാറാവുന്നതും. ആദ്യ ദിവസം മുതൽ ഭർതൃവീട്ടിൽ പരമാവധി ഇണങ്ങി, ഇഴുകിച്ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നതും.
3. പണ്ട് കാലത്ത് സ്ത്രീകൾക്ക് കുടുംബഭരണം മാത്രമായിരുന്നു ജോലി. ഭർത്താക്കന്മാർ ജോലിക്കാരും. അപ്പോൾ അന്നത്തെ വ്യവസ്ഥിതി അനുസരിച്ച് അവർക്ക് ഭാര്യവീട്ടിൽ നിന്നും ജോലിയ്ക്കു പോകാൻ ചിലപ്പോൾ സാധിക്കുമായിരുന്നില്ല. പൊതുവെ ഭർത്താവ് ഭാര്യയ്ക്കും സ്വന്തം കുടുംബത്തിനും ചിലവിനു കൊടുത്തു വീട് നോക്കണം എന്ന സാമൂഹ്യ നിർദേശം ചിലപ്പോൾ പാലിക്കേണ്ടത് കൊണ്ട് ഭാര്യ വീട്ടുകാരുടെ ചുമതല കൂടി വഹിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ടും ആവാം.
4. ഭാര്യ വീട്ടിൽ പുരുഷന്മാർ പോയി താമസിച്ചാൽ അവിടെയുള്ളവരുടെ സ്വഭാവവും, പെരുമാറ്റവും, മറ്റ് രീതികളുമായി അവർക്ക് അത്ര പെട്ടന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ആ വിവാഹബന്ധം പോലും ദിവസങ്ങൾക്കുള്ളിൽ അവർ ഉപേക്ഷിച്ചു പോകാൻ സാധ്യതയുണ്ടെന്നു പണ്ടുള്ള കാരണവന്മാർ മനസിലാക്കിയിരിക്കാം.
ചിന്താഗതികളിൽ മാറ്റം വന്നിട്ടുണ്ട്
ഇതാണ് ഈ വിഷയത്തിൽ പൊതുവായി വന്ന അഭിപ്രായങ്ങൾ. എന്നാൽ ഇതെല്ലാം ശരിയാണെന്നോ എല്ലാവരും ഈ രീതിയിൽ ആണെന്നോ അഭിപ്രായമില്ല. ചില ആണുങ്ങൾ തൻ്റെ ഭാര്യവീട്ടുകാരെ സ്വന്തം കുടുംബം പോലെ നോക്കുന്നുണ്ട്. അതും നമ്മൾ കാണാറുള്ളത് ആണ്. പഴയ കാലം അല്ല ഇന്ന്. ഇപ്പോൾ ഒരുപാട് ചിന്താഗതികളിൽ മാറ്റം വന്നിട്ടുണ്ട്, പുരുഷനിലും സ്ത്രീകളിലും. പണ്ടത്തെപ്പോലെ ഭാര്യവീടെന്നോ ഭർതൃവീടെന്നോ ചിന്തിക്കാത്തവരും ഇപ്പോൾ ധാരാളമുണ്ട്. ശരിക്കും വീടുകളെല്ലാം ഒരുപോലെ കാണാൻ പറ്റുന്നു എന്നർത്ഥം. മാറ്റം ഒരോ കാലത്തും വ്യത്യാസപ്പെട്ടിരിക്കും. ഇനിയും ഈ വിഷയത്തിലും സാഹചര്യത്തിലും ഒത്തിരി മാറ്റങ്ങൾ വന്നുവെന്ന് വരാം. അതിനെ ആശ്രയിച്ചാകും ഇനി വരും തലമുറയുടെ കാഴ്ചപ്പാടുകൾ.