Wayanadu Bye- Poll | വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ ആര് നേരിടും? സിപിഐയും ബിജെപിയും അണിയറ നീക്കങ്ങള്‍ തുടങ്ങി
പ്രിയങ്കയ്‌ക്കെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ല
പുതുമുഖങ്ങളെയും വനിതാ സ്ഥാനാര്‍ഥികളെയും പരിഗണിച്ചേക്കും
ആനി രാജയെ തന്നെ വീണ്ടും കളത്തില്‍ ഇറക്കാന്‍ സി പി ഐ
കനവ് കണ്ണൂര്‍
മാനന്തവാടി: (KVARTHA) തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ ആരെ മത്സരിപ്പിക്കണമെന്ന് കണ്ടെത്താന്‍ ബിജെപിയും സിപിഐയും അണിയറ നീക്കം തുടങ്ങി. വയനാട്ടില്‍ കഴിഞ്ഞ തവണ അതിദയനീയമായി തോറ്റ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ല.
പകരം മറ്റൊരു നേതാവിനെയാണ് പാര്‍ടി തേടുന്നത്. പുതുമുഖങ്ങളെയും വനിതാ സ്ഥാനാര്‍ഥികളെയും പരിഗണിച്ചേക്കും. ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ശോഭാ സുരേന്ദ്രനെ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിപ്പിക്കണമെന്ന വികാരം പാര്‍ടിയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ പാര്‍ടി മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നുമാണ് ബിനോയ് വിശ്വം തുറന്നു പ്രഖ്യാപിച്ചത്. ആനി രാജയെ തന്നെ വീണ്ടും കളത്തില്‍ ഇറക്കാനാണ് പാര്‍ടിയുടെ തീരുമാനമെന്നാണ് സൂചന.
പാര്‍ടി പറഞ്ഞാല്‍ വയനാട്ടില്‍ വീണ്ടും മത്സരിക്കുമെന്ന് ആനി രാജയും പറഞ്ഞിട്ടുണ്ട്. സത്യന്‍ മൊകേരിയെയും സിപിഎം പരിഗണിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐ മത്സരിക്കാന്‍ തീരുമാനമെടുത്തത്.
സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ് ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാന്‍ തീരുമാനിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ് ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.