മഹിളാ കോണ്‍ഗ്രസില്‍ ബിന്ദുവിന്റെ പിന്‍ഗാമിയാകാന്‍ ആര്? പത്മജയ്ക്ക് സുധീരനും ലതികാ സുഭാഷിന് എ ഗ്രൂപ്പും നല്‍കിയ വാഗ്ദാനം അതാണോ?

 


തിരുവനന്തപുരം: (www.kvartha.com 10.12.2016) കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയ്ക്കു പകരം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാകാന്‍ ലതികാ സുഭാംഷും പത്മജാ വേണുഗോപാലും. ഇവര്‍ രണ്ടുമല്ലാത്ത ചില നേതാക്കളും ഈ പദവിയില്‍ നോട്ടമിട്ട് കരുനീക്കങ്ങള്‍ തുടങ്ങിയെങ്കിലും ലതികയോ പത്മജയോ ആയിരിക്കും വരിക എന്നാണ് വിവരം. പത്മജയ്ക്കു വേണ്ടി ഐ ഗ്രൂപ്പും ലതികയ്ക്കു വേണ്ടി എ ഗ്രൂപ്പുമാണ് ശ്രമിക്കുന്നത്.


കോട്ടയത്തു നിന്ന് ഡിസിസി പ്രസിഡന്റ് പാനലിലേക്ക് ലതികയുടെ പേരുണ്ടായിരുന്നെങ്കിലും ജോഷി ഫിലിപ്പിനെ പ്രസിഡന്റാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ലതികയ്ക്കു കൊടുത്ത വാഗ്ദാനം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയാണത്രേ. എന്നാല്‍ തൃശൂരില്‍ ടി എന്‍ പ്രതാപനെ ഡിസിസി അധ്യക്ഷനാക്കുന്നതിന് പത്മജയുടെ കൂടി പിന്തുണ ഉറപ്പാക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അവര്‍ക്ക് കൊടുത്ത ഉറപ്പും ഇതേ പദവി തന്നെ. തൃശൂരിലെ ഡിസിസി പ്രസിഡന്റ് പാനിലില്‍ പേര് വരാന്‍ പത്മജ തുടക്കത്തില്‍ ശ്രമിച്ചിരുന്നു.

അങ്ങനെ വന്നാല്‍ ഹൈക്കമാന്‍ഡ് അവരെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നപ്പോള്‍ പ്രതാപന് സുധീരന്‍ കൊടുത്ത വാഗ്ദാനമാണ് ഡിസിസി പ്രസിഡന്റ് പദവി. അത് പാലിക്കാന്‍ പത്മജയെ പിന്‍വലിക്കുന്നതിനാണ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാക്കാമെന്ന് പറഞ്ഞത്. നിലവില്‍ പത്മജയും ലതികയും കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ്. അതുകൊണ്ട് പാര്‍ട്ടിയില്‍ ഉന്നത പദവികളില്ലാത്ത മറ്റാരെയെങ്കിലും മഹിളാ കോണ്‍ഗ്രസ് നേതൃപദവിയില്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍ എഐസിസി സെക്രട്ടറിയായപ്പോഴാണ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിയത്. അപ്പോള്‍ വൈസ്പ്രസിഡന്റായിരുന്ന ലതികാ സുഭാഷിനെ പ്രസിഡന്റാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും ബിന്ദു കൃഷ്ണയ്ക്കാണ് നറുക്ക് വീണത്. ഇത്തവണ ബിന്ദു ഡിസിസി പ്രസിഡന്റാകുന്നതിനൊപ്പം കോട്ടയത്ത് ലതികയും ഡിസിസി പ്രസിഡന്റാകുമെന്നാണ് പ്രചരിച്ചത്. അത് നടക്കാതെ പോയ സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം അവര്‍ക്ക് കൊടുക്കണം എന്ന വാദമാണ് എ ഗ്രൂപ്പില്‍ ഒരു വിഭാഗം പറയുന്നത്.

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറുന്നത് താഴ്ന്ന പദവിയിലേക്കുള്ള മാറ്റമാണെന്ന വാദവുമുണ്ട്. അത് ചൂണ്ടിക്കാട്ടി പത്മജയ്ക്കും ലതികയ്ക്കും പകരം മഹിളാ കോണ്‍ഗ്രസിന്റെ നിലവിലെ ജനറല്‍ സെക്രട്ടറി, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലുള്ള ആരെയെങ്കിലും നിയമിക്കാനും ആലോചനയുണ്ട്.

Also Read:
ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളെ മങ്ങലേല്‍പിക്കും, കേക്കുകള്‍ക്ക് വിലകൂടില്ല: ബേക്കറി ഉടമകള്‍

മഹിളാ കോണ്‍ഗ്രസില്‍ ബിന്ദുവിന്റെ പിന്‍ഗാമിയാകാന്‍ ആര്? പത്മജയ്ക്ക് സുധീരനും ലതികാ സുഭാഷിന് എ ഗ്രൂപ്പും നല്‍കിയ വാഗ്ദാനം അതാണോ?


Keywords:  Who is new President of Mahila Congress?, Thiruvananthapuram, Kollam, Leaders, Kottayam, Thrissur, Oommen Chandy, V.M Sudheeran, Election, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia