മൂന്നാറിനു പിന്നില്‍ ആര്? പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അന്വേഷണത്തിന് ഇറങ്ങുന്നു

 


തിരുവനന്തപുരം: (www.kvarttha.com 15.09.15) മൂന്നാറിലെ സംഘടിത സ്ത്രീത്തൊഴിലാളി സമരത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷിക്കുന്നു.

മറുവശത്ത് വിവിധ മേഖലകളിലെ സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലം പഠനവിധേയമാക്കാനും തയ്യാറെടുക്കുന്നു. സിപിഎം, കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളാണ് മുഖ്യമായും മൂന്നാറിനു പിന്നിലെ ഇടപെടലുകളേക്കുറിച്ച് ഔപചാരികമായിത്തന്നെ അന്വേഷിക്കുന്നത്.

മാസങ്ങളായി സ്ത്രീത്തൊഴിലാളികള്‍ക്കിടയില്‍ ഈ സമരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നിരുന്നുവെന്നാണു വിവരം. അതിനു പിന്നില്‍ പുറത്തുനിന്ന് ആരും പ്രത്യക്ഷത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കൊച്ചിയില്‍ ചര്‍ച്ചയ്ക്കു പോയ അഞ്ചുപേര്‍ ഉള്‍പ്പെടെ ഇവര്‍ക്കിടയില്‍ സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുള്ള ചിലര്‍ നിരന്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനു സഹായകമായ വിവരങ്ങളും ധൈര്യവും നല്‍കിയത് ചില സാമൂഹ്യപ്രവര്‍ത്തകരാണെന്നും അവരെ ഈ തൊഴിലാളികള്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നുമാണു പ്രാഥമിക വിവരം.

തീവ്രവാദ സംഘടനകളോ മറ്റേതെങ്കിലും വിധത്തില്‍ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ സ്ത്രീകളെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇടുക്കിയില്‍ നിന്ന് ആഭ്യന്തര വകുപ്പിനു ലഭിച്ചിരിക്കുന്ന പോലീസ് റിപ്പോര്‍ട്ടെന്നും അറിയുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാല മാലിന്യനിര്‍മാര്‍ജ്ജന കേന്ദ്രത്തിനെതിരായ സമരം ഉള്‍പ്പെടെ മാതൃകയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു.

സിപിഎം സമിതിയെ നിയോഗിച്ചുതന്നെ മൂന്നാര്‍ സമരത്തേക്കുറിച്ചു പഠിക്കുമെന്നാണു സൂചന. സിപിഐക്കും ആ ആലോചനയുണ്ട്. കോണ്‍ഗ്രസ് വനിതാ -യുവജന നേതാക്കളുടെ സംഘത്തെ അയച്ചു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ത്രീപഠന കേന്ദ്രം, സഖി, ഡെല്‍ഹിയിലെ സഹജ എന്നീ സംഘടനകളും കോഴിക്കോട്ട് കെ അജിതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷിയും മൂന്നാര്‍ സ്ത്രീത്തൊഴിലാളി സമരത്തിന്റെ വേരുകള്‍ അന്വേഷിക്കാനുള്ള പുറപ്പാടിലാണത്രേ. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനാണ് ഈ സമരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് അന്വേഷണത്തിന് ഇറങ്ങുന്ന മറ്റൊരു സംഘടന.

ആദിവാസി മേഖലയില്‍ നിന്ന് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ഗോത്രമഹാസഭയും മൂന്നാറിനേക്കുറിച്ചു പഠിക്കാനുള്ള പുറപ്പാടിലാണ്. മത്സ്യത്തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍ മൂന്നാര്‍ മോഡല്‍ സമരങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നാണ് ഈ സംഘടനകളുടെ വിലയിരുത്തല്‍.

മൂന്നാറിനു പിന്നില്‍ ആര്? പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അന്വേഷണത്തിന് ഇറങ്ങുന്നു


Also Read:
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Keywords:  Who is behind munnar agitation? Political parties and ngos will probe, Thiruvananthapuram, Women, CPI, Terrorism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia