Skywalk | തൃശൂരിന് തിലകക്കുറിയായി ആകാശപ്പാത; വര്‍ണക്കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശക പ്രവാഹം; സ്വപ്നപദ്ധതിയുടെ അവകാശി ആരെന്നതിനെ ചൊല്ലി തര്‍ക്കം

 


തൃശൂര്‍: (www.kvartha.com) നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ തൃശൂരിന്റെ സ്വപ്നമായ ആകാശപ്പാത ഏറ്റെടുത്ത് ജനങ്ങള്‍. സ്വാതന്ത്ര്യദിനത്തില്‍ പട്ടികജാതി--വര്‍ഗ ക്ഷേമ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമര്‍പിച്ച പാതയിലെ വര്‍ണക്കാഴ്ചകള്‍ കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. അവധി ദിനമായ ഞായറാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തെക്കേ ഗോപുരനട വരെ മനോഹരമായ കാഴ്ചകള്‍ ജനങ്ങള്‍ ആസ്വദിക്കുന്നു. നാല് ഭാഗങ്ങളില്‍ നിന്നും കയറാവുന്ന വിധം ചവിട്ടുപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
                
Skywalk | തൃശൂരിന് തിലകക്കുറിയായി ആകാശപ്പാത; വര്‍ണക്കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശക പ്രവാഹം; സ്വപ്നപദ്ധതിയുടെ അവകാശി ആരെന്നതിനെ ചൊല്ലി തര്‍ക്കം

അതേസമയം, ആദ്യഘട്ടം പൂര്‍ണമാക്കി നാടിന് സമര്‍പിച്ചതിന് പിന്നാലെ പദ്ധതിയുടെ അവകാശി ആരെന്നതിനെ ചൊല്ലി തര്‍ക്കവും ഉയര്‍ന്നു. തൃശൂരിന്റെ മനസ് അറിഞ്ഞ് മുന്‍ എംപി സുരേഷ്‌ഗോപി പ്രത്യേകം ഇടപെട്ട് കേന്ദ്ര സര്‍കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയിച്ച മനോഹരമായ ആകാശപ്പാതയുടെ അവകാശവാദം പറയുന്നവര്‍ക്ക് നാണമില്ലേയെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുകില്‍ കുറിച്ചതോടെ വിവാദം ചൂടുപിടിച്ചു.

ഇത് ബിജെപി കേന്ദ്രത്തില്‍ ആവശ്യപ്പെട്ട സ്വപ്ന പദ്ധതിയെന്നും ഇടതനും വലതനും ഓര്‍മയില്‍ വച്ചാല്‍ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി കോര്‍പറേഷന്‍ പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ആകാശപ്പാതയെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആകെ എട്ട് കോടിയാണ് ഇതുവരെയുള്ള ചിലവ്. അമൃത് പദ്ധതിയില്‍ 50 ശതമാനം കേന്ദ്ര ധനസഹായവും 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ്.

2018ല്‍ ഭരണാനുമതി കിട്ടി 2019 ഒക്ടോബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ശക്തന്‍ നഗറില്‍ സംഗമിക്കുന്ന നാല് റോഡുകളെ ബന്ധിപ്പിച്ചാണ് ആകാശപ്പാത നിര്‍മിച്ചിട്ടുള്ളത്. കോര്‍പറേഷന്റെ തന്നെ അഭിമാന പദ്ധതിയായിരുന്നു ഇത്. 280 മീറ്റര്‍ നീളമുള്ള ആകാശപ്പാത കേരളത്തിലെ ഏറ്റവും വലുതായാണ് കണക്കാക്കപ്പെടുന്നത്. മൂന്ന് മീറ്ററാണ് വീതി. രണ്ട് ലിഫ്റ്റുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ സി എന്നിവ രണ്ടാം ഘട്ടത്തില്‍ ഉള്‍പെടുത്തും. പാത തുറന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്ക് അഴിക്കാനാകുമെന്നും അപകടങ്ങള്‍ കുറക്കാനാകുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


ആകാശപ്പാതയുടെ നിര്‍മാണത്തില്‍ എല്‍ഡിഎഫ്, ബിജെപി അനുഭാവികള്‍ ഒരുപോലെ സാമൂഹ്യ മാധ്യമങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന സര്‍കാരിനെയും പിണറായി വിജയനെയും ഇടത് അനുഭാവികള്‍ പുകഴ്ത്തുമ്പോള്‍ നരേന്ദ്ര മോദിയുടെ വികസനം എന്ന് പറഞ്ഞാണ് ബിജെപി അനുഭാവികള്‍ രംഗത്തുള്ളത്. സുരേഷ് ഗോപിയുടെ മികവെന്നും ഇവര്‍ പറയുന്നു. കൂടാതെ 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം തുടങ്ങി ഇനിയും പൂര്‍ത്തിയാകാത്ത കോട്ടയത്തെ ആകാശപ്പാതയും ഇതിനൊപ്പം ചര്‍ച്ചയായിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരമാവധി വോട് ഉറപ്പിക്കാന്‍ തൃശൂരിലെ ആകാശപ്പാത ഇനിയും ചര്‍ചകളില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords: Skywalk, Thrissur, LDF, UDF, BJP, PM Modi, Kerala News, Malayalam News, Politics, Political News, Who is behind bringing Skywalk in Thrissur?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia