പ്രതിപക്ഷ നേതാവാകാന്‍ കെ മുരളീധരനും; ഉപനേതാവ് ലീഗില്‍ നിന്നു വേണമെന്ന് ആവശ്യമുയരും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിനെ നിയമസഭയിലും പുറത്തും നയിക്കുന്ന പ്രതിപക്ഷ നേതാവ് ആരായിരിക്കും. മുഖ്യമന്ത്രിയായി മുന്നണിയെ നയിച്ചതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി സ്വയം പിന്‍മാറും. പകരം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുടെ പേര് ഏകകണ്ഠമായല്ല ഉയരുന്നത്.


വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി രണ്ടാമതും സഭയിലെത്തുന്ന കെ മുരളീധരന്റെ പേരും ഉയരുമെന്നാണു സൂചന. എ ഗ്രൂപ്പ് തന്നെ മുരളിയെ മുന്നില്‍ നിര്‍ത്തി അത്തരം ചില നീക്കങ്ങള്‍ മെനയുമെന്നാണു വിവരം. ഹരിപ്പാടു നിന്ന്് രമേശ് ചെന്നിത്തല ജയിച്ചെങ്കിലും ആലപ്പുഴ ജില്ലയിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികളാരും ജയിക്കാതിരുന്നത് തിരിച്ചടിയാണ്. മാത്രമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നു തീരുമാനങ്ങളെടുത്ത രമേശിനും തോല്‍വിയില്‍ തുല്യ പങ്കുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വാദം.

അടുത്ത ദിവസം കെപിസിസി നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ട്. ഈ വാദങ്ങള്‍ അവിടെ ഉയരും. പിന്നീട് എംഎല്‍എമാരുടെ യോഗം ചേരുമ്പോള്‍ മുരളീധരന്റെ പേര് നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെടുമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പിന്തുണയും അതിനു ലഭിക്കുമെന്നുമാണ് പറയപ്പെടുന്നത്. പറവൂരില്‍ വി ഡി സതീശനും ഉദുമയില്‍ കെ സുധാകരനും ചടയമംഗലത്ത് എം എം ഹസനും തോറ്റതുകൊണ്ട് അവകാശവാദം ഉന്നയിക്കാന്‍ വേറെ പ്രധാന നേതാക്കളാരുമില്ല.

കോണ്‍ഗ്രസിലെ വന്‍ മരങ്ങള്‍ കടപുഴകിയ തെരഞ്ഞെടുപ്പിന്റെ ഫലം
വന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിം ലീഗിന്റെയും സാമാജികരുടെ എണ്ണം തമ്മില്‍ മൂന്നു പേരുടെ വ്യത്യാസമേയുള്ളു. നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനം ലീഗിനു വേണമെന്ന വാദവും ഉയരുമെന്നാണു വിവരം. ലീഗിന്റെ നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആയിരിക്കും. അദ്ദേഹത്തേക്കാള്‍ ജൂണിയര്‍ നേതാക്കളായ രമേശ് ചെന്നിത്തലയുടെയോ കെ മുരളീധരന്റെയോ ഒപ്പം പ്രതിപക്ഷ ഉപനേതാവാകുന്നതിന് സാങ്കേതിക തടസമൊന്നുമില്ല.

സാധാരണഗതിയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാക്കള്‍ തന്നെയാണ് പ്രതിപക്ഷ നേതാവും ഉപനേതാവുമാവുക. 2001ല്‍ വി എസ് പ്രതിപക്ഷ നേതാവും കൊടിയേരി ഉപനേതാവുമായിരുന്നു. 2006ല്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവും ജി കാര്‍ത്തികേയന്‍ ഉപനേതാവുമായി. ഇത്തവണ ആ കീഴ് വഴക്കം മാറ്റണമെന്ന് ലീഗ് ആവശ്യപ്പെടുമെന്ന് അറിയുന്നു.
പ്രതിപക്ഷ നേതാവാകാന്‍ കെ മുരളീധരനും; ഉപനേതാവ് ലീഗില്‍ നിന്നു വേണമെന്ന് ആവശ്യമുയരും

Also Read:
ഹൊസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 144 പ്രകാരം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Keywords:  Thiruvananthapuram, Oommen Chandy, Ramesh Chennithala, K.Muraleedaran, BJP, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia