Analysis | ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാത്തവർ മരണപ്പെട്ടാൽ സ്വത്തുക്കൾ ആർക്ക് ലഭിക്കും? അറിയാം


● വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ പരസ്യം ചെയ്യും.
● പരസ്യത്തിനു ശേഷം കളക്ടർ സ്വത്ത് ഏറ്റെടുക്കും
● വിൽപത്രം എഴുതി വയ്ക്കുന്നത് പ്രശ്‌നങ്ങൾ ഒഴിവാക്കും
റോക്കി എറണാകുളം
(KVARTHA) ഇന്ന് പലകുടുംബങ്ങളിലും സ്വത്ത് വീതം വെയ്ക്കലുമായി പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാം. കാരണവന്മാരുടെ മരണത്തോടെയാണ് പലയിടത്തും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായും ഉടലെടുക്കുന്നത്. അംഗസഖ്യയുള്ള പല കുടുംബങ്ങളിലും ഈ വിഷയം സഹോദരി സഹോദരന്മാർ തമ്മിൽ വലിയ അകൽച്ചയ്ക്ക് കാരണമാകുന്നു. പല കുടുംബങ്ങളിലും ഇതുമൂലം പല വിധത്തിലുള്ള വാക്കേറ്റങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന് മാത്രമല്ല ചിലയിടത്ത് വിഷയം കൊലപാതകങ്ങളിൽ വരെ ചെന്നെത്തുന്ന കാഴ്ചകളും കാണാറാണ്ട്.
ഈ അവസരത്തിൽ ഒരിക്കലും വൃദ്ധരായ കാരണവന്മാരെ നോക്കാൻ പോലും മടിക്കുന്ന മക്കൾ സ്വത്ത് ഭാഗം വെയ്ക്കുന്ന കാര്യം വരുമ്പോൾ പിന്നെ വലിയൊരു സ്നേഹപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പൂർവ്വികരുടെ സ്വത്ത് ഇങ്ങനെ തങ്ങളുടെ കയ്യിലാക്കാം എന്ന് നേരത്തെ നിരീക്ഷിച്ച് പലവിധത്തിലുള്ള നിയമവശങ്ങൾ സ്വായത്തമാക്കുന്ന ധാരാളം ആളുകൾ ഉള്ള നാടാണ് ഈ കൊച്ചു കേരളം എന്നോർക്കണം. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള വിഷയങ്ങൾ വരുന്നത് നമ്മുടെ വക്കിലന്മാർക്ക് ചാകര തന്നെയാണ്. ബന്ധുക്കൾ ഉള്ളവർ മരിച്ചാൽ അവരുടെ സ്വത്തുക്കൾ ജീവിച്ചിരിക്കുന്ന അവരുടെ അവകാശികൾക്ക് കൈമാറണമെന്നതാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്.
അതിൽ തർക്കം ഇല്ല. മാതാപിതാക്കൾ മരിച്ചാൽ അവരുടെ സ്വത്തുക്കൾ തുല്യമായി അവരുടെ അനന്തരാവകാശികൾക്ക് കൈമാറണം എന്നതാണ് നിയമം. ഇതിൽ യാതൊരു തർക്കവും ഇല്ല. എന്നാൽ ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് ലഭിക്കും ?. ഇതിനെപ്പറ്റിയുള്ള ധാരണ പലർക്കും ഇന്ന് കുറവാണ്. ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാതെ മരണപ്പെടുന്നവരുടെ സ്വത്തുക്കൾ ആർക്ക് ലഭിക്കും എന്ന് അറിവ് പകരുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത് .
കുറിപ്പിൽ പറയുന്നത്: ബന്ധുക്കൾ ആരും തന്നെ ഇല്ലാത്തതും എന്നാൽ സ്ഥാവരജംഗമ വസ്തുക്കളുമുള്ള ഒരു വ്യക്തി നിയമാനുസൃത അവകാശികൾ ഇല്ലാതെയും വിൽപത്രം എഴുതിവയ്ക്കാതെയും മരണമടഞ്ഞാൽ ടിയാന്റെ എല്ലാ സ്വത്തുവകകളും അന്യം നിന്ന സ്വത്തുവകകളായി കണക്കാക്കപ്പെടും. മരണപ്പെട്ട ആൾ വിൽപത്രം എഴുതി വച്ചിട്ടില്ലായെന്നും, നിയമാനുസൃതമായ ഏതെങ്കിലും അവകാശികൾ ജീവിച്ചിരിപ്പില്ലാ എന്നുമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻമേൽ, വസ്തുവിന്മേൽ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ നേരിൽ ഹാജരാകാൻ നിർദ്ദേശിച്ചു കളക്ടർ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ്.
പരസ്യത്തിനു ശേഷം ഉചിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് കളക്ടർ ഏറ്റെടുക്കുന്ന വസ്തുവകകൾ ലേലം നടത്തുകയും, തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടപെടുകയും ചെയ്യും. ഒരു വില്പത്രം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് മേൽപ്പറഞ്ഞവ'.
ഇതാണ് കുറിപ്പ്. ഉറ്റവരോ മറ്റു ബന്ധുക്കളോ ഇല്ലാത്തവർ ആണെങ്കിൽ തങ്ങളുടെ സ്വത്ത് മറ്റാർക്കെങ്കിലും നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സൂചിപ്പിച്ചുകൊണ്ട് ഒരു വില്പത്രം എഴുതിവെയ്ക്കുകയാണ് വേണ്ടത്. ഇത് ആരോഗ്യമുള്ളപ്പോൾ തന്നെ എഴുതിവെയ്ക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അങ്ങനെയുള്ളവരുടെ സ്വത്തുക്കൾ മേൽപ്പറഞ്ഞ നടപടികൾ സ്വീകരിച്ച് സർക്കാരിലേയ്ക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് അവകാശികൾ ആണെന്ന് പറഞ്ഞ് ആരും വന്നിട്ട് കാര്യമില്ല എന്നോർക്കുക. ഈ ലേഖനം എല്ലാവരുടെയും അറിവിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. ഇതിനെപ്പറ്റി അറിവില്ലാത്തവർക്ക് ഇതുസംബന്ധിച്ച് അറിവു പകരാൻ ഇത് ഉപകരിക്കും.
#KeralaLaw #InheritanceLaw #PropertyLaw #Will #IntestateSuccession #LegalHeir #GovernmentProperty