SWISS-TOWER 24/07/2023

16നു ശേഷം എന്ത്? എ, ഐ ഗ്രൂപ്പുകളില്‍ കരുനീക്കം തകൃതി; റോളില്ലാതെ സുധീരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.05.2014) ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളും രഹസ്യ ചര്‍ച്ചകളിലും കരുനീക്കങ്ങളിലും സജീവം. രണ്ടു ഗ്രൂപ്പിലുമില്ലാത്ത കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കൂടെ നിര്‍ത്താന്‍ നടത്തിയ നീക്കങ്ങളെല്ലാം പൊളിഞ്ഞതിനാല്‍ ഈ ചര്‍ച്ചകളില്‍ റോളില്ല.

എന്നാല്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ തീരുമാനങ്ങളേ നടക്കൂ എന്നു വരുത്താന്‍ അദ്ദേഹം കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ടുതാനും. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ പിടിവിടാതെ സുധീരന്‍ മുറുകി നില്‍ക്കുന്നത് ഈ വാശിയുടെ ഭാഗമാണെന്ന് മറ്റു പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നുമുണ്ട്.

16നു ശേഷം എന്ത്? എ, ഐ ഗ്രൂപ്പുകളില്‍ കരുനീക്കം തകൃതി; റോളില്ലാതെ സുധീരന്‍തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിക്കുന്നത് പത്തില്‍ താഴെ സീറ്റുകളാണെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ടി വരും എന്നാണ് ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നത്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ വയലാര്‍ രവി കാര്യമായി ശ്രമിക്കുന്നുണ്ടെന്നാണു വിവരം. അതിനെ മറികടന്ന് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. സംസ്ഥാന നിയമസഭയില്‍ അംഗമല്ലാത്ത രവിയെ മുഖ്യമന്ത്രിയാക്കിയിട്ട് ആറുമാസത്തിനുള്ളില്‍ അദ്ദേഹത്തെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പില്ലെന്നാണ് ഐ ഗ്രൂപ്പ് നല്‍കാനുദ്ദേശിക്കുന്ന സന്ദേശം. മാത്രമല്ല കോണ്‍ഗ്രസിന്റെ ഏതെങ്കിലും എംഎല്‍എ രാജിവച്ചാല്‍ മാത്രമേ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയുമുള്ളു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുമില്ല. അല്ലെങ്കില്‍ അവര്‍ വിജയിക്കുമ്പോള്‍ വരുന്ന ഒഴിവ് പരിഗണിക്കാമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പത്ത് കടന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് നിലനില്‍പ് ബുദ്ധിമുട്ടാകില്ല. ഉമ്മന്‍ ചാണ്ടിപക്ഷമാകട്ടെ പത്തിലധികം സീറ്റുകള്‍ ഉറപ്പായും പ്രതീക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് അവരുടെ ചര്‍ച്ചകളും കണക്കുകൂട്ടലുകളും ഉമ്മന്‍ ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, തെരഞ്ഞെടുപ്പുഫലം വന്നശേഷമുള്ള മന്ത്രിസഭാ പുനസംഘടനയേക്കുറിച്ചാണ്.

ഗ്രൂപ്പും ജാതിയും മതവും നോക്കാതെ മികവില്ലാത്ത മന്ത്രിമാരെ മാറ്റുകയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കുകയും ചെയ്യാനാണ് ഉമ്മന്‍ ചാണ്ടി ഉദ്ദേശിക്കുന്നതെന്നാണു വിവരം. ഒപ്പം കാര്യക്ഷമത കാണിക്കാത്ത ഘടക കക്ഷി മന്ത്രിമാരെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഘടക കക്ഷി മന്ത്രിമാരെ മാറ്റുന്നത് അവരാണു തീരുമാനിക്കുക. എങ്കിലും ഘടക കക്ഷി നേതൃത്വത്തിന് അനൗപചാരിക നിര്‍ദേശം കൊടുക്കാന്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനു കഴിയും. പക്ഷേ, അത് അവര്‍ അംഗീകരിക്കുമോ എന്ന പ്രശ്‌നവുമുണ്ട്. മറ്റൊന്ന്, കോണ്‍ഗ്രസിന് മെച്ചപ്പെട്ട വിജയം ഉണ്ടായാലും ലീഗിനും കേരള കോണ്‍ഗ്രസിനും പരാജയം ഉണ്ടായാല്‍ അത് മുന്നണിയില്‍ ഉണ്ടാക്കാവുന്ന പൊട്ടിത്തെറിയാണ്. രണ്ടു ഗ്രൂപ്പുകളും ഇതിന്റെ പ്രത്യാഘാതങ്ങളും കണക്കുകൂട്ടുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, Lok Sabha, Election-2014, Congress, Oommen Chandy, Ramesh Chennithala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia