CPM Controversy | പത്മവ്യൂഹത്തില്‍ മുഖ്യമന്ത്രിയും മകളും; ഇനിവരാന്‍ പോകുന്നത് അറസ്റ്റോ? പ്രതിസന്ധിയുടെ നിലയില്ലാ കയത്തില്‍ സി പി എം
Feb 3, 2024, 20:08 IST
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന് കേന്ദ്ര ഏജന്‍സിയുടെ കുരുക്ക് മുറുകിയതോടെ സി പി എമിനുളളില്‍ ആശങ്കയും അതൃപ്തിയും ശക്തമാകുന്നു. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വീണാ വിജയനെ അറസ്റ്റുചെയ്യാനുളള കരുനീക്കങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തുകയാണെങ്കില്‍ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നുളള ചര്‍ചയാണ് പാര്‍ടിക്കുളളില്‍ നടക്കുന്നത്. പാര്‍ടി ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കും മകള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് സംസ്ഥാന സെക്രടറി എം വി ഗോവിന്ദനുള്‍പെടെയുളള നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ സി പി എമിനുളളിലും അഭിപ്രായഭിന്നതകളുണ്ട്.
കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് എഫ് ഐ ഒയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഈ വാദങ്ങള്‍ വിലപ്പോവില്ലെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. സംഭവം ആളിക്കത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പി സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും പിന്നില്‍ പാര്‍ടിയിലെ ഒരു ഉന്നത നേതാവിന്റെ മകന് പങ്കുണ്ടെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഷോണ്‍ ജോര്‍ജിന്റെ സഹപ്രവര്‍ത്തകനായ ബിനീഷ് കോടിയേരിക്കെതിരെയാണ് സംശയത്തിന്റെ മുള്‍മുന നീളുന്നത്.
കൊച്ചിയില്‍ ഒരേ ഓഫീസ് ഉപയോഗിക്കുന്ന ഹൈകോടതി അഭിഭാഷകരായ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഈ സാഹചര്യത്തിലാണ് ബിനീഷ് കോടിയേരി അറിഞ്ഞു കൊണ്ടാണോ ഷോണ്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിനായി ഹൈകോടതിയെ സമീപിച്ചതെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ബി ജെ പി കേന്ദ്ര ഏജന്‍സിയെ ഇറക്കി സംസ്ഥാന മുഖ്യമന്ത്രിമാരെയും കുടുംബാംഗങ്ങളെയും വേട്ടയാടുന്നതെന്ന കച്ചിത്തുരുമ്പില്‍ കയറി പിടിച്ചാണ് സി പി എം മുന്‍പോട്ടു നീങ്ങുന്നത്.
എന്നാല്‍ ഇതിനു പാര്‍ടിക്കുളളിലും ഘടകകക്ഷികളില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തത് വരുംദിവസങ്ങളില്‍ പ്രതിസന്ധി മൂര്‍ഛിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം ആവശ്യപ്പെടുന്നില്ലെങ്കിലും ലോക് സഭാ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര വിജയമുണ്ടായില്ലെങ്കില്‍ സ്വന്തം പാര്‍ടിക്കുളളില്‍ നിന്നുതന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരാനും സാധ്യതയുണ്ട്.
Keywords: What will happen on Veena Vijayan's case?, Kannur, News, Veena Vijayan, Arrest, Probe, Lok Sabha Election, Politics, CPM, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.