SWISS-TOWER 24/07/2023

Tooth Decay | പല്ല് പുളിപ്പ് ഉണ്ടാകാനുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം!

 


ADVERTISEMENT

കൊച്ചി: (KVARTHA) പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ധനെ കൂടുതല്‍ ആളുകളും സമീപിക്കുന്നത് പല്ലുപുളിക്കലിന് പരിഹാരം തേടിയാകും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും ഇത്. ചിലര്‍ക്ക് മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിന്നുപോലും പല്ലു പുളിപ്പ് കാരണം ആളുകള്‍ മാറി നില്‍ക്കുന്നു. പരിഹാരം കാണാന്‍ പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത് പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അവയ്‌ക്കൊന്നും പുളിപ്പ് മാറ്റാന്‍ കഴിയുന്നുമില്ല. പല്ലു പുളിപ്പ് എന്തുകൊണ്ട് ഉണ്ടാകുന്നു, എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അറിയാം.

Tooth Decay | പല്ല് പുളിപ്പ് ഉണ്ടാകാനുള്ള കാരണങ്ങളും പരിഹാരങ്ങളും അറിയാം!


കാരണങ്ങള്‍


പല കാരണങ്ങള്‍ കൊണ്ടും പല്ലുപുളിപ്പുണ്ടാകാം. താപം, മര്‍ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം തന്നെ ഇതിന് കാരണമാകുന്നു. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (Dentin)) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇതാണ് പുളിപ്പായി അനുഭവപ്പെടുന്നത്.

ദന്തമജ്ജ വീക്കം

പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (Pulpitis) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പിന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താകട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.

മോണരോഗം


മോണരോഗവും പുളിപ്പിന് കാരണമാകുന്നു. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാകുന്നു. ഇത് ഒഴിവാക്കാന്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനുട്ട് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യാവുന്നതാണ്.

കോള കുടിച്ചാല്‍

അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിനും കാരണമാകുന്നു. അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അരമണിക്കൂര്‍ നേരം പല്ല് തേയ്ക്കുകയോ വായ കഴുകുകയോ ചെയ്യരുത്. കാരണം അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും. ഇത്തരം സാഹചര്യങ്ങളില്‍ പ്രതിപ്രവര്‍ത്തനത്തിലൂടെ ഇതിനെ ശരീരം സ്വയം ശരിയാക്കാന്‍ ശ്രമിക്കും. ഈ സമയം പല്ല് തേയ്ക്കുകയോ, വായ കഴുകുകയോ ചെയ്താല്‍ അത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

ദു:ശീലങ്ങള്‍


മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്നശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം.

ഗര്‍ഭകാലത്തെ ഛര്‍ദി

ഗര്‍ഭിണികളിലെ ഛര്‍ദിയും പുളിപ്പിന് ഒരുപരിധി വരെ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഛര്‍ദിക്കുമ്പോള്‍ അമ്ലാംശം മുന്‍പല്ലുകളുടെ ഉള്‍ഭാഗത്ത് അടിയും. അമ്ലാംശം സ്ഥിരമായി അടിയുമ്പോള്‍ അത് പല്ല് ദ്രവിക്കുന്നതിനു കാരണമാകുന്നു.

പരിഹാരം

* രോഗകാരണവും രോഗതീവ്രതയും അനുസരിച്ച് ദന്തരോഗ വിദഗ്ധന്‍ അനുയോജ്യമായ ചികിത്സ നിര്‍ദേശിക്കും.

* ദന്തശുചിത്വം ഉറപ്പുവരുത്തുക.

* ദിവസവും രണ്ടു നേരം, മൂന്നു മിനിട്ട് വീതം പല്ലുതേയ്ക്കണം.

* അമര്‍ത്തി ബ്രഷ് ചെയ്യരുത്.

* മൃദുവായ ബ്രഷ് ഉപയോഗിക്കണം.

* തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള ക്രീം പേസ്റ്റുകള്‍ തിരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.

* അമ്ലാംശമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക.

* പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകി കയറ്റല്‍, പല്ലു കൊണ്ട് പൗഡര്‍ ടിന്‍, ബോടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കടിച്ചുതുറക്കുക എന്നിവ ഒഴിവാക്കുക.

* ഗര്‍ഭകാലത്ത് ദന്തശുചിത്വം ഉറപ്പു വരുത്തുക. മോണരോഗ വിദഗ്ധന്റെ സേവനം ഈ സമയത്ത് ലഭ്യമാക്കുകയും വേണം.

* അമിത മാനസികസമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഭയം എന്നിവ ഒഴിവാക്കുക. ഇത് വയറിലെ അമ്ലാംശം കൂട്ടി അള്‍സറുകള്‍ക്കും ആമാശയ ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ആമാശയ രസം വായിലേക്കെത്തുന്ന റിഫ്ളക്സ് ഈസോഫാഗിയല്‍ രോഗത്തിനും കാരണമാകും. ഗ്യാസ്ട്രബിള്‍ ഉള്ളവര്‍ അതിനുള്ള ചികിത്സയും തേടണം.

ചികിത്സാരീതികള്‍


* പുളിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഡീസെന്‍സിറ്റയിസിംഗ് ടൂത് പേസ്റ്റുകള്‍ (ഇവയില്‍ നൊവാമിന്‍, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടാവും)

* ലേസര്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി

* മോണ കീഴ്‌പോട്ടിറങ്ങിയവരില്‍ മോണയില്‍ ചെയ്യുന്ന മ്യൂകോജിഞ്ചൈവല്‍ ശസ്ത്രക്രിയ

*തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫിലിംഗ്(Filling)ചെയ്യുക

* ചില സന്ദര്‍ഭങ്ങളില്‍ റൂട് കനാല്‍(Root canal) ചികിത്സ ചെയ്യുക

* വൈദ്യുത തരംഗങ്ങള്‍ പ്രത്യേകതരം രാസപദാര്‍ഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുളളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതിയും ലഭ്യമാണ്. ഇത് ഏറെ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: What to know about dental problems, Kochi, News, Dental Problems, Health, Health Tips, Dentist, Treatment, Tooth Pase, Toothbrush, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia