Kottayam Politics | പാർട്ടിയും മുന്നണിയും വിട്ട സജി മഞ്ഞക്കടമ്പന്റെ അടുത്ത നീക്കമെന്ത്? ഭാവി രാഷ്ട്രീയ കാര്യങ്ങൾ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫും ജോസഫ് ഗ്രൂപ്പിലെ മോന്‍സ് വിഭാഗവും കടുത്ത ആശങ്കയിൽ

 


കോട്ടയം: (KVARTHA) നേതൃത്വത്തോട് കലഹിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പൻ തന്‍റെ ഭാവി രാഷ്ട്രീയ കാര്യങ്ങൾ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫും ജോസഫ് ഗ്രൂപ്പിലെ മോന്‍സ് വിഭാഗവും കടുത്ത ആശങ്കയിൽ. മോന്‍സ് ജോസഫ് എംഎല്‍എയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജി സ്ഥാനങ്ങൾ രാജി വെച്ചത്. മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
  
Kottayam Politics | പാർട്ടിയും മുന്നണിയും വിട്ട സജി മഞ്ഞക്കടമ്പന്റെ അടുത്ത നീക്കമെന്ത്? ഭാവി രാഷ്ട്രീയ കാര്യങ്ങൾ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫും ജോസഫ് ഗ്രൂപ്പിലെ മോന്‍സ് വിഭാഗവും കടുത്ത ആശങ്കയിൽ

സജി മഞ്ഞക്കടമ്പന്റെ ഭാഗത്ത് നിന്ന് പുതുതായി വലിയ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങളെ സ്വാധീനിക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. എന്നാല്‍ തനിക്കെതിരെ കൂടുതല്‍ ശക്തമായി ആഞ്ഞടിക്കുമോ എന്ന് മോൻസ് ജോസഫും ഭയപ്പെടുന്നു. മോന്‍സിന്‍റെ അടുപ്പക്കാരെന്നു പറയുന്ന ചില ആളുകള്‍ തന്നെ സജിക്ക് ചില സുപ്രധാന വിവരങ്ങൾ കൈമാറിയതായും മോന്‍സ് പക്ഷം സംശയിക്കുന്നതായി സൂചനയുണ്ട്.

കരാറുകാരുടെ സംഘടനയുടെ പ്രസിഡന്‍റുകൂടിയായ മോന്‍സും ചില കരാറുകാരും തമ്മിലുള്ള ഇടപാടുകള്‍, അതിലൂടെ നേടിയ കണക്കില്ലാത്ത പണം തുടങ്ങിയവയുടെ വിശദമായ രേഖകള്‍ തന്‍റെ പക്കലുണ്ടെന്ന് സജി തന്‍റെ വിശ്വസ്തരായ ചിലരോട് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പൊതുമരാമത്തു മന്ത്രിയായിരിക്കെ തിരുവനന്തപുരം നഗര വികസന പദ്ധതിയിലെ കരാറുകാരന് അവര്‍ ആവശ്യപ്പെട്ടതിലധികം തുക ആര്‍ബിട്രേഷനിലൂടെ കൈമാറിയതില്‍ അന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പി ജെ ജോസഫിൽ സമ്മർദം ചെലുത്തി അവർ മുന്നണി വിട്ട് കെ എം മാണിയിലൂടെ യു ഡി എഫിൽ ചേക്കേറിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഇതാണ് ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറാന്‍ ജോസഫിനെയും കൂട്ടരെയും നിര്‍ബന്ധിതരാക്കിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വരും മുന്‍പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം. ജോസഫ് ഗ്രൂപ്പിന്‍റെ വരവ് യുഡിഎഫിന് നഷ്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കെ എം മാണിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ആ മുന്നറിയിപ്പ് ശരിവയ്ക്കുന്നതായി പിന്നീട് നടന്ന തെരഞ്ഞെടുപ്പെന്നും രാഷ്ട്രീയ വർത്തമാനങ്ങളുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഇപ്പോഴത്തെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മറുകണ്ടം ചാടി ഇടതു മുന്നണിയുമായി കൈകോര്‍ത്ത് നാലു സീറ്റില്‍ മത്സരിക്കുകയും ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ ആരോപണം അടക്കം പ്രചാരണായുധമാക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അമർഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും യുഡിഎഫ് കാമ്പിൽ നിലനിൽക്കുന്നുണ്ട്. കോട്ടയത്ത് യുഡിഎഫിൽ പ്രതിസന്ധി നിലനിൽക്കുമ്പോൾ സജി മഞ്ഞക്കടമ്പൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ അത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, What is the next move of Saji Manjakadamban?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia