C P M | ഒറ്റയാൾ മാത്രം പാർട്ടിയിലും ഭരണത്തിലും; പി വി ക്ക് ശേഷം സിപിഎമ്മിൽ എന്ത് സംഭവിക്കും?

 

_ഭാമനാവത്ത്_

കണ്ണൂർ: (KVARTHA) സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുതുമുഖങ്ങളെയും പരിചയ സമ്പന്നരെയും തഴഞ്ഞു പാർട്ടി പദവികൾ വഹിക്കുന്ന ജില്ലാ സെക്രട്ടറിമാരെയും മന്ത്രിയെയും സിറ്റിങ് എം.എൽ.എമാരെയും സ്ഥാനാർത്ഥികളാക്കിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാഷ്ട്രീയ കൗശലമാണെന്ന അതൃപ്തി പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നു.
  
C P M | ഒറ്റയാൾ മാത്രം പാർട്ടിയിലും ഭരണത്തിലും; പി വി ക്ക് ശേഷം സിപിഎമ്മിൽ എന്ത് സംഭവിക്കും?

മരുമകനും മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനുമായ മുഹമ്മദ് റിയാസിന് മുഖ്യ പദത്തിലേക്കുള്ള പാത വെട്ടി തെളിയിക്കുകയാണ് പിണറായി വിജയനെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന ആരോപണം. എന്നാൽ ഈ കാര്യം ഭയം കാരണം തുറന്നു പറയാതെ മണ്ടി മണ്ടി നടക്കുകയാണ് നേതാക്കൾ. പിണറായിക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന രണ്ട് ജനപ്രിയ നേതാക്കളെയാണ് ഡൽഹിക്ക് അയക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.

രണ്ടു പേരും മത്സരിക്കാൻ താൽപര്യമില്ലെന്ന് കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചവരുമാണ്. എന്നാൽ അതൊന്നും മുഖ്യമന്ത്രിയുടെ കരുനീക്കങ്ങൾക്ക് മുൻപിൽ വിലപ്പോയില്ല. വടകരയിൽ കെ.കെ. ശൈലജയും ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനെയും ഓടിച്ചു പിടിച്ചു മത്സരിപ്പിക്കുകയാണ് പാർട്ടി. ജയിച്ചാലും തോറ്റാലും ഇരു നേതാക്കൾക്കും മത്സരം തിരിച്ചടി തന്നെയാണുണ്ടാക്കുക. തോറ്റാൽ ജനപ്രീതിയിൽ ഇടിവും ജയിച്ചാൽ സംസ്ഥാന രാഷ്ട്രിയത്തിൽ നിന്നും അഞ്ചു വർഷത്തേക്കുള്ള വനവാസവും ഉണ്ടാകും.

പിണറായിക്ക് ശേഷം മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഇരു നേതാക്കളുടെ പേരുകളും ഇനി ഉത്തരമാവില്ല.
ഇവരെ മറി കടന്നുകൊണ്ടു മുഹമ്മദ് റിയാസിനെ സംസ്ഥാന ഭരണത്തിൻ്റെ അമരത്തേക്ക് എത്തിക്കാൻ ഇതോടെ കൂടുതൽ എളുപ്പമായിരിക്കുകയാണ്. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് എന്നിവരും ലോക്സഭ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. വിജയിക്കുകയാണെങ്കിൽ കേരളത്തിൽ നിന്നും ഡൽഹി കേന്ദ്രികരിച്ചു ഇരുവരും പ്രവർത്തിക്കേണ്ടിവരും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കണ്ണുള്ള സീനിയർ നേതാക്കളും ഒഴിവാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു ടേം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാത്രമായിരുന്നു. പാർട്ടി അംഗീകരിച്ച ഈ തീരുമാനപ്രകാരമാണ് ഇ.പി ജയരാജൻ, എ.കെ ബാലൻ, ജി. സുധാകരൻ, തോമസ് ഐസക്ക്, എം.എം മണി , ടി.പി രാമകൃഷ്ണൻ, എം.എം മണി തുടങ്ങിയവർക്ക് നിയമസഭയിൽ സ്ഥാനം ലഭിക്കാതിരുന്നത്. ഇതിനു ശേഷം പാർട്ടിയിലും പിണറായി ഈ തിയറി നടപ്പിലാക്കി.

കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിന് ശേഷം എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കുകയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസ്, എം.സ്വരാജ്, പി.രാജീവ്, ദിനേശൻ പുത്തലത്ത് തുടങ്ങി യുവ നേതൃത്വത്തെ കൊണ്ടുവരികയും ചെയ്തു. പാർട്ടിയുടെയും ഭരണത്തിൻ്റെയും കടിഞ്ഞാൺ ഒരാൾ തന്നെ ഇത്രയേറെക്കാലം കൊണ്ടു നടന്ന ചരിത്രം സി.പി.എമ്മിനില്ല. പാർട്ടിയെന്നാൽ പിണറായി മാത്രവും സർക്കാരെന്നാൽ മുഖ്യമന്ത്രിയെന്ന ഒറ്റയാളിലേക്ക് കേന്ദ്രികരിക്കുകയും ചെയ്യുന്ന 'അത്ഭുതകരമായ' മാറ്റമാണ് സി.പി.എമ്മിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പാർട്ടിയിൽ പിണറായിക്കെതിരെ അതൃപ്തരുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും ഭയം കാരണം പലരും നിശബ്ദരാണ്. രണ്ടാം ടേമിൻ്റെ അവസാന വർഷം പിണറായി മുഖ്യമന്ത്രിസ്ഥാനമൊഴിയുമെന്ന അഭ്യൂഹം സി.പി.എമ്മിൽ നിലനിൽക്കുന്നുണ്ട്. ചികിസാർത്ഥം അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കു പകരക്കാരനായി മരുമകൻ മുഹമ്മദ് റിയാസ് ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. മുസ്ലീം ലീഗിനെ കൂട്ടുപിടിച്ചു മൂന്നാം ടേമിൽ അധികാരം നില നിർത്താൻ കഴിയുമെന്നാണ് സി.പി.എമ്മിൻ്റെ പ്രതീക്ഷ. അതു കൊണ്ടു തന്നെ തനിക്കു ശേഷം മുഖ്യമന്ത്രിയായി ആരെന്ന ചോദ്യത്തിന് ഒറ്റപ്പേര് മാത്രമേ പിണറായി വിജയനുള്ളു. ആന്ധ്രാപ്രദേശിൽ. ചന്ദ്രബാബു നായിഡു എൻ.ടി ആറിന് ശേഷം മുഖ്യമന്ത്രിയായതുപോലെ കേരളത്തിലും ചരിത്രം ആവർത്തിക്കുന്നതിൻ്റെ സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Keywords:  News, News-Malayalam-News, Kerala, Politics, Kannur, CPM, LDF, Pinarayi Vijayan, What happens to CPM after PV?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia