CPM | സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണോ പി ജയരാജന്‍? ആരോപണ പ്രത്യാരോപണങ്ങളില്‍ സിപിഎമില്‍ സംഭവിക്കുന്നത്

 

-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎം തെറ്റുതിരുത്തല്‍ രേഖ മറയാക്കി പുതിയ പോര്‍മുഖം തുറന്ന് പി ജയരാജന്‍. ആദ്യം ഇപി ജയരാജനെതിരെയാണ് റിസോര്‍ട് ഉടമസ്ഥതാവകാശത്തെ ചൊല്ലി പോര്‍മുഖം തുറന്നതെങ്കിലും പിജെയുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം നേതാക്കളുമാണെന്നത് വ്യക്തമാണ്. പി ജയരാജന്റെ നീക്കങ്ങള്‍ക്ക് എംവി ഗോവിന്ദന്‍ പാര്‍ടി സംസ്ഥാന സെക്രടറിയായതോടെയാണ് കൂടുതല്‍ കരുത്തുണ്ടായിരിക്കുന്നത്. ഗോവിന്ദന്‍ പി ജയരാജനെ ഇപിക്കെതിരെയുളള നീക്കങ്ങളില്‍ രഹസ്യമായി പിന്തുണയ്ക്കുന്നുവെന്ന അഭ്യൂഹവും സിപിഎമിലുണ്ട്.
        
CPM | സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണോ പി ജയരാജന്‍? ആരോപണ പ്രത്യാരോപണങ്ങളില്‍ സിപിഎമില്‍ സംഭവിക്കുന്നത്

എന്തുതന്നെയായാലും കോടിയേരിയുടെ മെയ്വഴക്കവും സമവായവും പ്രകടിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത എംവി ഗോവിന്ദന്‍ ഭാവിയില്‍ പിണറായിക്ക് ഭീഷണിയാകാനുളള സാധ്യതയേറിയിരിക്കുകയാണ്. ഇപി ജയരാജനും എംവി ഗോവിന്ദനും തമ്മില്‍ അടുത്ത കാലത്തായി അത്രനല്ല സുഖത്തിലല്ല. നേരത്തെ എംവി ഗോവിന്ദന്റെ അതീവവിശ്വസ്തരിലൊരാളായ നേതാക്കളിലൊരാളാണ് പി ജയരാജന്‍. എന്നാല്‍ പാര്‍ടിക്കുളളില്‍ വ്യക്തിപൂജയുടെ പേരില്‍ പിണറായി കോപത്തിന് ഇരയായ പി ജയരാജന്‍ അരികുവല്‍ക്കരിക്കപ്പെടുകയായിരുന്നു.

കോടിയേരിയുടെ വിയോഗത്തിന് ശേഷം എംവി ഗോവിന്ദന്‍ പാര്‍ടി സംസ്ഥാന സെക്രടറിയായത് ഏറ്റവും ഗുണം ചെയ്തത് പി ജയരാജാനാണ്. മുഖ്യമന്ത്രിയുടെ വൈര്യനിര്യാതന ബുദ്ധിയോടുളള ഒതുക്കല്‍ തുടരുമ്പോഴും പാര്‍ടിയില്‍തന്നെ സാന്നിധ്യം നിലനിര്‍ത്താന്‍ പി ജയരാജന് കഴിഞ്ഞു. വെറും സംസ്ഥാന കമിറ്റിയംഗമായി തുടരുമ്പോഴും പാര്‍ടിക്കുളളില്‍ തിരുത്തല്‍ ശക്തിയായി പി ജയരാജന്‍ മാറുന്നുവെന്നാണ് ഇപി ജയരാജനെതിരെയുളള ആരോപണങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാന കമിറ്റിയില്‍ ഈ ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായ മറുപടിയുമായി ഇപി ജയരാജന്‍ രംഗത്തുവന്നുവെങ്കിലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന പരമാണെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പി ജയരാജന്റെ മറുപടി. എന്നാല്‍ ഇപിയോട് തനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ പിജെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത് സിപിഎമില്‍പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിനുശേഷം സംസാരിച്ച ഏഴുപേര്‍ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചത് ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തന്നെ ചേരിപ്പോരുണ്ടാക്കിയിരുന്നു.

എന്നാല്‍ തനിക്കെതിരെ ചിലയാളുകള്‍ വേട്ടയാടലുകളാണ് നടത്തുന്നതെന്ന വൈകാരികമായ പ്രതികരണമാണ് ഇപി ജയരാജന്‍ സംസ്ഥാന കമിറ്റി യോഗത്തില്‍ നടത്തിയത്. ഇതേതുടര്‍ന്ന് താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ഇപിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളെ അനുകൂലിക്കുന്നവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ സംസ്ഥാന കമിറ്റിയിലുളളൂ. അതുകൊണ്ടുതന്നെ പി ജയരാജന്റെ പടപ്പുറപ്പാടുകള്‍ പാര്‍ടിക്കുളളില്‍ വലിയ അത്ഭുതമൊന്നുമുണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപി ജയരാജന്‍ കേന്ദ്രകമിറ്റി അംഗമായതിനാല്‍ അദ്ദേഹത്തിനെതിരെയുളള നടപടി കേന്ദ്ര നേതൃത്വത്തിന് മാത്രമേ സ്വീകരിക്കാന്‍ കഴിയുകയുളളൂ. ഇക്കാര്യം സംസ്ഥാന സെക്രടറിയേറ്റിന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാം.

എന്നാല്‍ ഇപി ജയരാജനെ അനുകൂലിക്കുന്നവര്‍ പി ജയരാജനെതിരെ ഉന്നയിച്ച സ്വര്‍ണക്കടത്ത്, ക്വടേഷന്‍ മാഫിയാ സംഘങ്ങളുമായുളള ആരോപണവും സാമ്പത്തിക ക്രമക്കേടുകളും സംസ്ഥാന കമിറ്റിക്ക് തന്നെ അന്വേഷിക്കാനും നടപടിയെടുക്കാനും കഴിയും. അതുകൊണ്ടു തന്നെ പാര്‍ടിയില്‍ പി ജയരാജനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന ചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട് സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണോ പി ജയരാജനെ ചോദ്യവും സിപിഎമില്‍ നിന്നും ഉയരുന്നുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Politics, Political-News, CPM, P. Jayarajan, Controversy, Allegation, What happens in CPM in accusations and counter-accusations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia