Controversy | 'അവർക്ക് പരീക്ഷ എഴുതണ്ടേ?' വൈറലായി അധ്യാപികയുടെ കത്തും; പൂഞ്ഞാർ സംഭവം വിരൽ ചൂണ്ടുന്നത്!

 


/ മിന്റാ മരിയ തോമസ്

(KVARTHA) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിമുറ്റത്ത് വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് പള്ളിയിലെ വൈദികൻ രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് 27 വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 307-ാം വകുപ്പ് ആണ് പൊലീസ് ചുമത്തിയത്. 10 വർഷം തടവും പിഴയും ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ വകുപ്പാണ് ഇത്. ഈ വർഷം പൊതുപരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിമൂറ്റത്തുണ്ടായ വിഷയം പർവതീകരിക്കാനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാനും ജനപ്രതിനിധികളുടെ മേൽ ശക്തമായ സമ്മർദം ഉണ്ടായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

Controversy | 'അവർക്ക് പരീക്ഷ എഴുതണ്ടേ?' വൈറലായി അധ്യാപികയുടെ കത്തും; പൂഞ്ഞാർ സംഭവം വിരൽ ചൂണ്ടുന്നത്!

മാർച്ച് ഒന്നിന് പരീക്ഷ തുടങ്ങുമ്പോൾ ഈ വിദ്യാർത്ഥികളുടെ ഭാവി ഇരുളടയുമോ എന്ന ഭയപ്പാടിലാണ് കുട്ടികളുടെ മാതാപിതാക്കൾ. അറസ്റ്റിലായ കുട്ടികളെ ഓർത്ത് ഡിംപിൾ ജോസ് എന്ന അദ്ധ്യാപിക സോഷ്യൽ മീഡിയായിൽ എഴുതിയ ഒരു കത്താണ് ഇപ്പോൾ വൈറൽ ആകുന്നത്. ആ കത്തിൽ ടീച്ചർ പറയുന്നത് ഇങ്ങനെ: 'മാർച്ച് ഒന്നിന് ഹയർ സെക്കൻ്ററി പരീക്ഷ തുടങ്ങുവാണ്. 2 വർഷം പറഞ്ഞും പഠിപ്പിച്ചും പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്ന പിള്ളേരാണ്. പരീക്ഷക്കാലത്ത് കുട്ടികളെക്കാൾ പേടിയാണ് ടീച്ചേഴ്സിനെന്നാണ് തോന്നിയിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് കുട്ടികളെ നല്ല വണ്ണം മനസിലാകും, പ്രത്യേകിച്ച് ക്ലാസ് ടീച്ചർക്ക്. കഴിഞ്ഞ ഒക്ടോബറിലാണ് ഞാൻ ക്ലാസ് ടീച്ചറായിരുന്ന ക്ലാസിനെ വിട്ട് പുതിയ സ്‌കൂളിലേക്ക് പോയത്.

എൻ്റെ ഒന്നാം നമ്പറ്കാരൻ്റെ അമ്മ പറയുമായിരുന്നു, അവൻ പറയും ഒരു വഴക്കിനോ പ്രശ്നത്തിനോ പോവില്ല ടീച്ചർക്ക് വിഷമമാകും എന്ന്. ആദ്യ വർഷം ചെറിയ തല്ല് പിടിത്തത്തിൽ വഴക്ക് കിട്ടിയ കുട്ടിയാണ്. രണ്ട് വർഷം കൊണ്ട് കുട്ടികൾ നമ്മുടെ സ്വന്തം ആകും. ടെക്സ്റ്റ് പഠിപ്പിക്കുക മാത്രമല്ല, പ്രതികരണ ശേഷിയുള്ളവർ ആവണം എന്ന് തന്നെ പറഞ്ഞാണ് പഠിപ്പിച്ചത്. അവരെങ്ങനെയെങ്കിലും പഠിച്ച് ജയിച്ചാലാണ് സമാധാനമുണ്ടാവുക. ഞാൻ ട്രാൻസ്ഫറായി ചെന്ന സ്ക്കൂളിലെ രണ്ട് ക്ലാസുകാർ എന്നെ വട്ടംചുറ്റിച്ചു. ക്ലാസിന് പുറത്ത് നല്ല സ്നേഹവും ക്ലാസിലിരുന്ന് പഠിക്കാൻ കഴിയില്ല എന്ന നിലപാടും. ഈയിടെ കൂടി ചില കുട്ടികൾ അധ്യാപകരോട് വഴക്കിടുക കൂടി ചെയ്തു. എന്നാലും അവർ കുട്ടികളാണ് എന്ന ചിന്തയിൽ അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും എപ്പോഴും ഉണ്ട്.

ഇത്രയും ആമുഖമായി പറഞ്ഞത് വേറൊരു കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ്. ഈരാറ്റ് പേട്ട ഗവ.സ്ക്കൂളിലെ കുറച്ച് കുട്ടികൾ റിമാൻഡിലാണ്. 307 വധശ്രമം ആണ് ആരോപിക്കപ്പെടുന്ന കുറ്റം. വിട പറയൽ ഫംങ്ക്ഷന് ശേഷം ഫോട്ടോ എടുക്കാൻ പോയ കുട്ടികൾ പൂഞ്ഞാർ പള്ളിമുറ്റത്ത് ബൈക്ക് റേയ്സ് ചെയ്യുകയും അത് ചോദ്യം ചെയ്ത വൈദികൻ്റെ കയ്യിൽ ഹാൻഡിൽ തട്ടുകയും ചെയ്തു എന്നാണ് അറിയുന്നത്.ആ സംഭവമാണ് 'ജിഹാദിക്കുഞ്ഞുങ്ങളുടെ' ആക്രമണവും കൊലപാതക ശ്രമവുമായി മാറിയിരിക്കുന്നത്. തീർച്ചയായും കുട്ടികളുടെ ഭാഗത്ത് തെറ്റുണ്ട്. പരിപാടിയും കഴിഞ്ഞ് ഹോൾ ടിക്കറ്റും കൊടുത്ത് വിട്ടാൽ, നേരെ വീട്ടിൽ പോണം, പരീക്ഷക്ക് തയ്യാറെടുക്കണം. അല്ലാതെ അധ്യാപകരോടും വീട്ടുകാരോടും അനുസരണക്കേട് കാണിച്ച് കറങ്ങി നടന്ന് പ്രശ്നമുണ്ടാക്കരുതായിരുന്നു.

എനിക്കതിൽ സങ്കടവും ദേഷ്യവുമുണ്ട്. അത്രയുമേ അവരോട് പാടുള്ളൂ. ചെയ്ത തെറ്റിന് മാതൃകാപരമായി ശിക്ഷ കിട്ടട്ടെ. അതവരുടെ ഭാവി തകർക്കുന്ന രീതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാവരുത്. തൊട്ട് മുൻപത്തെ ദിവസം വരെ ക്ലാസിലിരുന്ന കുട്ടികൾ കൊലപാതകശ്രമം നടത്തുന്നവരല്ലെന്ന് നിങ്ങൾക്കറിഞ്ഞൂടേ അധ്യാപകരേ, കുട്ടികളേ. നിങ്ങൾ അവർക്ക് വേണ്ടി ശബ്ദിച്ചോ? പ്രതിഷേധിച്ചോ? ആ അച്ചനോട് കരഞ്ഞ് കാല് പിടിച്ചിട്ടെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരെ രക്ഷിക്കാൻ പറ്റില്ലേ? മെൻഡിംഗ് വോളും, അമിഗോ ബ്രദേഴ്സും ഒക്കെ നിങ്ങൾ പഠിച്ചതെന്തിനാ പിള്ളേരേ? അച്ചാ.. അവർ കുട്ടികളല്ലേ? ക്ഷമിച്ച് കൂടേ.. അവർക്ക് പരീക്ഷ എഴുതണ്ടേ? നിങ്ങൾ ഈ പാപക്കറ എവിടെക്കൊണ്ട് കഴുകും?

ഫോട്ടോയെടുക്കാൻ പോയത് മുസ്ലിം കുട്ടികൾ മാത്രമല്ലെന്നും, എന്നാൽ കേസ് അവർക്കെതിരെ മാത്രമാണ് എന്നതും കേൾക്കുന്നു. എത്ര ഭയാനകമാണത്. ആ കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കണം. അല്ലെങ്കിൽ ലോകത്തെ മൊത്തം അവർ വെറുത്ത് പോകും. പ്രിയപ്പെട്ട അധ്യാപകരേ.. നിങ്ങൾ ആ കുട്ടികളുടെ കൂടെ നിൽക്കണേ.. നിങ്ങൾക്കാണ് അവരെ അറിയാവുന്നത്. സുഹൃത്തുക്കളുടെ പോസ്റ്റുകൾ വായിച്ചുള്ള അറിവ് മാത്രമേ ഇക്കാര്യത്തിൽ എനിക്കുള്ളൂ', ഡിംപിൾ റോസ് (Dimple Rose) എന്ന അധ്യാപിക കുറിക്കുന്നു.

ഇതാണ് ആ കത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവത്തിൻ്റെ തുടക്കം. ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻ്ററി സ്ക്കുളിലെ പ്ലസ് ടു വിദ്യാർത്ഥികൾ വിടവാങ്ങൽ പരിപാടി നടത്തിയിരുന്നു. ഇതിനിടയിൽ 50 ഓളം കുട്ടികൾ ഫോട്ടോ ഷൂട്ടിങ്ങിനായി പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോയി. അങ്ങനെ പൂഞ്ഞാർ ദേവാലയ മുറ്റത്തും എത്തി. അവിടെ എത്തിയ കുട്ടികളിൽ 17 പേർ ആ ദേവാലയ വിശ്വാസത്തിലുള്ള കുട്ടികളാണ്. ചർച്ചിന് മുന്നിലെ വലിയ ഗ്രൗണ്ടിൽ അവർ വാഹനം പാർക്ക് ചെയ്തു. ഇതിനിടയിലാണ് കൈയ്യേറ്റം ചെയ്തെന്ന് പറയപ്പെടുന്ന വൈദികൻ അവിടെ എത്തുകയും കുട്ടികളെ പുറത്താക്കി ഗേറ്റ് പൂട്ടുകയും ചെയ്തത്.

പുറത്തേയ്ക്ക് പോയ വാഹനത്തിൻ്റെ കണ്ണാടി ഇദ്ദേഹത്തിൻ്റെ ദേഹത്ത് തട്ടുക മാത്രമാണ് ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വഭാവികമായി നടന്ന സംഭവത്തിൽ പക്ഷപാതപരമായ സമീപനത്തിലൂടെയാണ് കേസ് പോലീസ് കൈകാര്യം ചെയ്തതെന്നാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പറയുന്നത്.

Keywords: News, Kerala, Erattupetta, Controversy, Kottayam, Student, Police, Custody, Vehicle, Teacher, Viral, What happened in Poonjar Erattupetta?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia