Government Failure | ക്ഷേമപെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റിയത് സര്‍ക്കാരുകളുടെ വീഴ്ചയോ?
● 62 ലക്ഷം പേര്‍ക്കാണ് മാസന്തോറും 1600 രൂപാ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. അതിന് 992 കോടിയാണ് ഒരു മാസം ചെലവ്.
● വാര്‍ദ്ധക്യമായവര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, കര്‍ഷകതൊഴിലാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് പെന്‍ഷന്‍.
അർണവ് അനിത
(KVARTHA) സംസ്ഥാനത്തെ ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ കാലങ്ങളായി അനര്‍ഹര്‍ വാങ്ങുന്നത് ഭരണത്തിലിരിക്കുന്നവരുടെ മാത്രം വീഴ്ചയായി കാണാനാകില്ല. ഒരു പൗരനെന്ന നിലയില്‍ 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങി ഈ സമൂഹത്തോട് തന്നെ വഞ്ചന കാട്ടിയിരിക്കുകയാണ്. സമൂഹത്തോട് കുറച്ചെങ്കിലും ഉത്തരവാദിത്തം ഉള്ളവരായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള അധാര്‍മികത ഇവര്‍ കാലങ്ങളായി ചെയ്യുമായിരുന്നില്ല. 62 ലക്ഷം പേര്‍ക്കാണ് മാസന്തോറും 1600 രൂപാ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. അതിന് 992 കോടിയാണ് ഒരു മാസം ചെലവ്.
വാര്‍ദ്ധക്യമായവര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, കര്‍ഷകതൊഴിലാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് പെന്‍ഷന്‍. ഇതൊരു ചെറിയകാര്യമല്ല. കാരണം വളരെ ദുര്‍ബലമായ സാഹചര്യത്തില്‍ ജീവിക്കുന്നവരോട് സര്‍ക്കാരിനുള്ള ഉത്തരവാദിത്തമാണിത്. 200 രൂപയില്‍ നിന്നാണ് 1600 രൂപയായി പെന്‍ഷന്‍ ഉയര്‍ന്നത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരാള്‍ക്ക് രണ്ടുംമൂന്നും പെന്‍ഷന്‍കിട്ടിയിരുന്നു.
അതായത് വിധവകള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷനും കിട്ടുമായിരുന്നു. അത് വലിയ നേട്ടമായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കിലും നിയമവിരുദ്ധമായ നടപടിയായിരുന്നു. ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് സ്റ്ററ്റിയൂട്ടറി നിയമം. ഒന്നാംപിണറായി സര്‍ക്കാരാണ് അത് നിര്‍ത്തലാക്കിയത്. അന്ന് 600 രൂപയായിരുന്നു പെന്‍ഷന്‍.
2000 മുതല്‍ ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. 2017 മുതല്‍ 2022വരെ 39.7 കോടിയുടെ നഷ്ടമാണ് ഖജനാവിന് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സിആന്‍ഡ് എജി മുമ്പ് ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും സര്‍ക്കാര്‍ അതിനനുസരിച്ച് നടപടിയെടുത്തില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് മൂന്ന് തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ഗുണഭോക്താവ് അര്‍ഹനാണോ എന്ന് നേരിട്ട് ചെന്ന് കണ്ട് പരിശോധിക്കും, രണ്ട് വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും പരിശോധിക്കും മൂന്നാമത് പണം വിതരണം ചെയ്യുന്ന ധനവകുപ്പും പരിശോധന നടത്തും.
ഈ ത്രിതലത്തില്‍ വീഴ്ച സംഭവിച്ചത് കൊണ്ടാണ് ഇത്രയും കോടി രൂപ അനധികൃതമായി പലരും കീശയിലാക്കിയത്. മലപ്പുറം കോട്ടയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ പെന്‍ഷന്‍ വാങ്ങുന്ന 42 പേരില്‍ 38ഉം അനര്‍ഹരാണ്. മാത്രമല്ല അപേക്ഷ പോലും നല്‍കാത്തവര്‍ക്കും മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്കും-പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
ഇതിനര്‍ത്ഥം ഉദ്യോഗസ്ഥതലത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലാഭമുണ്ടായിരുന്നോ എന്ന് പരിശോധിക്കണം. കാരണം പഞ്ചായത്ത് തലങ്ങളില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വോട്ട് മേടിച്ചവരുണ്ടാകാന്‍ സാധ്യതയുണ്ട്. ബിഎംഡബ്‌ള്യൂ കാറുള്ളവര്‍ക്കും പങ്കാളിക്ക് പെന്‍ഷന്‍ഷനുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നത് അതുകൊണ്ടാണ്.
ഭിന്നശേഷി പെന്‍ഷന്‍ 18 വയസ് മുതല്‍ ലഭിക്കും. അതിന് ശേഷം ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ അവരത് റിപ്പോര്‍ട്ട് ചെയ്യാറില്ല. അതുപോലെ 20 വയസായതിന് ശേഷം വിധവകളായവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. പിന്നീട് ഇവര്‍ക്കും ഗവണ്‍മെന്റ് ജോലി ലഭിച്ചാലും അവര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിക്കൊണ്ടേയിരിക്കും. 9201 അനര്‍ഹര്‍ കടന്ന് കൂടിയത്. ഒന്നിലേറെ പേര്‍ക്ക് സാമൂഹ്യപെന്‍ഷന്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് യാതൊരു സുതാര്യതയുമില്ലെന്നാണ് സിഎജി പറയുന്നത്.
സേവന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ തട്ടിപ്പ് നടത്തി കുറേക്കാലം കഴിഞ്ഞേ ഇത് കണ്ടെത്താനാകൂ. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വാങ്ങിയാലും കണ്ടെത്താനാകില്ല. കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് സ്പാര്‍ക്ക് എന്ന സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ്. ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരിത് അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു, എന്നിട്ടും അതിന് തയ്യാറാകാത്തവരുടെ ദുരയെക്കുറിച്ച് എന്ത് പറയാനാണ്.
ഇവരൊക്കെ ഈ സമൂഹത്തിന്റെ അര്‍ബുദമാണ്. ചികിത്സകൊണ്ടൊന്നും ഇവരുടെ മനോനില മാറില്ല. അതുകൊണ്ട് മാതൃകാപരമായ നടപടി ഇവര്‍ക്കെതിരെ വേണം. സര്‍ക്കാര്‍ എത്ര ശ്രമകരമായാണ് ഈ പെന്‍ഷന്‍ നല്‍കുന്നതെന്ന് ഓര്‍ക്കണം. അതിനായി അവര്‍ വായ്പവരെ എടുക്കുന്നുണ്ട്. അതിനോട് സഹകരിക്കണം, അതുകൊണ്ട് പലിശയടക്കം വാങ്ങിയ പണം തിരികെ നല്‍കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം കൂടാതെ മറ്റൊരു ശമ്പളമോ ആനുകൂല്യമോ വാങ്ങാന്‍ പാടില്ല. അത് സര്‍വ്വീസ് റൂളിന് എതിരാണ്. ഇതൊന്നും അറിയാത്തവരല്ലല്ലോ ഈ നെറികേട് കാണിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് വകുപ്പ്തല നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ പദ്ധതിക്ക് തുരങ്കംവയ്ക്കുകയാണിവര്‍ ചെയ്തത്. ഇവരുടെ പെന്‍ഷന്‍ അടക്കം തടഞ്ഞുവെച്ചേക്കാം.
സര്‍വ്വീസില്‍ ഉന്നതപദവികള്‍ വഹിക്കുന്നതിന് തടസ്സമാകും. മാത്രമല്ല വിജിലന്‍സ് അന്വേഷണം വരുമ്പോള്‍ ഗുണഭോക്താക്കള്‍ യോഗ്യരാണോ എന്ന് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടിയുണ്ടാകും. എന്നാല്‍ ഉദ്യോഗസ്ഥരല്ലാത്ത സമ്പന്നര്‍ പണം കൈപ്പറ്റിയിട്ടുണ്ട്, അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി തന്നെ സ്വീകരിക്കണം.
#WelfarePension, #Corruption, #Kerala, #PensionFraud, #GovernmentFailure, #Accountability