Allegation | ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്‌തെന്ന സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
● കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു
● അരി, മൈദ, വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് കിറ്റിലുണ്ടായിരുന്നത്
● പുഴുവരിച്ച് കട്ടപിടിച്ച നിലയിലായിരുന്നു അരി
● സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യകമ്മീഷന്‍
● പൂപ്പല്‍ പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍
വയനാട്: (KVARTHA) മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് അധികൃതര്‍ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്‌തെന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. ഇതോടെ ദുരന്തബാധിതര്‍ പരാതിയുമായി എത്തുകയായിരുന്നു.
അരി, മൈദ, വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് കിറ്റിലുണ്ടായിരുന്നത്. പുഴുവരിച്ച് കട്ടപിടിച്ച നിലയിലായിരുന്നു അരി. പൂപ്പല്‍ പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍. എന്നാല്‍ ഓണത്തിന് മുമ്പ് എത്തിയ കിറ്റാണിതെന്നും പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യാന്‍ വൈകിയതാണ് പ്രശ്നത്തിന് കാരണമെന്നും മേപ്പാടി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരടക്കമുള്ളവര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. പ്രസിഡന്റിന്റെ മുറിയിലേക്ക് ഇരച്ചുകയറിയതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
ഇതിനിടെ പരസ്പരം പഴിചാരി കല്‍പറ്റ എംഎല്‍എ ടി സിദ്ദീഖും ഭക്ഷ്യ മന്തി ജിആര്‍ അനില്‍കുമാറും രംഗത്തുവന്നു. റവന്യൂ വകുപ്പാണ് ഉപയോഗശൂന്യമായ ഭക്ഷണക്കിറ്റ് നല്‍കിയതെന്നും പഞ്ചായത്ത് വിതരണം മാത്രമേ നടത്തിയുള്ളൂവെന്നുമാണ് ടി സിദ്ദീഖിന്റെ വാദം.
എന്നാല്‍, സംഘടനകളടക്കം വിതരണം ചെയ്ത കിറ്റാണ് അതെന്നും അതിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ടത് പഞ്ചായത്ത് ആരോഗ്യവിഭാഗമാണെന്നും വിതരണം ചെയ്തവര്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലായിരുന്നു മന്ത്രി ജി ആര്‍ അനില്‍.
റവന്യൂവകുപ്പും സന്നദ്ധ സംഘടനകളും നല്‍കിയ ഉപയോഗശൂന്യമായ കിറ്റ് ജില്ലാ ഭരണകൂടം പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും അവിടുത്തെ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഡി വൈ എഫ് ഐക്ക് പുറമെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പൊലീസുമായി കയ്യാങ്കളിയിലുമെത്തി.
അതിനിടെ സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. നിര്‍മാണ്‍ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്നാണ് വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മറുപടി.
പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തില്‍ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.
#WayanadLandslide, #KeralaRelief, #SpoiledFoodKits, #VigilanceInquiry, #CMOrdersProbe, #SocialJustice
