Tragedy | വയനാട് ഉരുൾപൊട്ടൽ: എവിടെ ആ 152 പേർ? ദുരന്തത്തിന്റെ ഒമ്പതാം ദിനത്തിലും ശക്തമായ തിരച്ചിൽ; മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അധികഭൂമി ഏറ്റെടുത്തു
വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്ന് നേരത്തെ പരിശോധന നടത്തിയ സ്ഥലങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘം പരിശോധനയുണ്ടാവും
കൽപറ്റ: (KVARTHA) വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ, ദുരന്തത്തിന്റെ ഒമ്പതാം ദിനത്തിലും തുടരുകയാണ്. സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയില്ലെങ്കിലും, ബുധനാഴ്ച സമാനമായ പരിശോധനകൾ തുടരും. പുഞ്ചിരി മട്ടത്തും മുണ്ടക്കയിലും 90 ശതമാനം പരിശോധനകൾ പൂർത്തിയായതായി സർക്കാർ പറയുന്നു. സൈന്യം നിർദേശിച്ച പോയിന്റുകളിൽ ബുധനാഴ്ച വിശദമായ പരിശോധന നടത്തും.
വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്ന് നേരത്തെ പരിശോധന നടത്തിയ സ്ഥലങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘം പരിശോധനയുണ്ടാവും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ സംഘം ചൊവ്വാഴ്ച നാല് കിലോമീറ്റർ ദൂരം പരിശോധിച്ചു. ബുധനാഴ്ച ആറു കിലോമീറ്റർ ദൂരം പരിശോധിക്കാനാണ് ആലോചന.
152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 398 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും സംസ്‌കരിച്ചു. ഡിഎൻഎ സാമ്പിളുകൾ കുഴിമാടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുത്തുമലയിൽ 64 സെന്റ് സ്ഥലത്ത് ശ്മശാനം ഒരുക്കിയിട്ടുണ്ട്.
ഇവിടെ 25 സെന്റ് അധിക ഭൂമി കൂടി ഏറ്റെടുത്തു. തിരിച്ചറിയാത്ത മറ്റ് ശരീരഭാഗങ്ങളും ഇവിടെ സംസ്‌കരിക്കും. മുണ്ടക്കൈയിലെ തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചാലിയാർ പുഴയിലും തിരച്ചിൽ തുടരും. ക്യാമ്പുകളിലെ ആളുകളുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഖരിക്കും.
#WayanadLandslide #KeralaDisaster #RescueOperations #MissingPersons #PrayForKerala