Delay | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാമെന്ന് ഹൈകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍
● ദുരന്തത്തില്‍ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ലെന്ന് സംസ്ഥാനം
● ദുരന്ത ബാധിതര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു
● നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതികള്‍ ഉയരുന്നതിനെ കുറിച്ച് ആരാഞ്ഞ് കോടതി
● തുക ബാങ്ക് അകൗണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദേശം
കൊച്ചി: (KVARTHA) വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ചുള്ള തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാമെന്ന് വ്യക്തമാക്കി ഹൈകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെയാണെന്നും സമിതി എത്രയും വേഗം യോഗം ചേര്‍ന്നു ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിനു മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ 'തീവ്ര വിഭാഗ'ത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ആരാഞ്ഞ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, കെവി ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. 251 പേര്‍ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തില്‍ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല എന്ന കാര്യം കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും സഹായം പ്രഖ്യാപിച്ചതല്ലാതെ നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു. രണ്ടു മാസത്തേക്കു പ്രഖ്യാപിച്ചത് വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് നവംബര്‍ 30 വരെ ഇതു നല്‍കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
ദുരന്തത്തിന് ഇരകളായ ചില കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതികളെ കുറിച്ചും കോടതി ആരാഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതെന്നാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.
നഷ്ടപരിഹാര തുക ബാങ്ക് അകൗണ്ടിലേക്ക് മാറ്റണമെന്നും തര്‍ക്ക പരിഹാരമുണ്ടാകുന്ന മുറയ്ക്ക് അത് അവകാശികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ തര്‍ക്കത്തിന്റെ മറവില്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും. അത് ഉണ്ടാവാതിരിക്കാനാണ് അകൗണ്ടിലേക്കോ ട്രഷറി അകൗണ്ടിലേക്കോ നഷ്ടപരിഹാര തുക മാറ്റാന്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
#WayanadLandslide #KeralaDisaster #JusticeForVictims #CentralGovernment #HighCourt