Disaster | വയനാട് ഉരുള്‍പൊട്ടല്‍: ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണ സംഖ്യ ഇതുവരെ 221; 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, തിരിച്ചറിയാത്ത എട്ടെണ്ണം സംസ്‌കരിച്ചു
 

 
Wayanad landslide, Kerala disaster, rescue operations, death toll, India

Photo Credit: Facebook / Veena George

ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു. 

വയനാട്: (KVARTHA) ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണസംഖ്യ 221. ഞായറാഴ്ച്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു.  നിലമ്പൂരില്‍ നിന്നും ഏഴും സൂചിപ്പാറ ഭാഗത്തുനിന്നും ഒന്നും ശരീരഭാഗങ്ങള്‍ ലഭിച്ചു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍  സംസ്‌കരിച്ചു. 

ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു.  

ദുരന്ത പ്രദേശത്തെ 6 മേഖലകളില്‍ വിവിധ സേനകളും സന്നദ്ധപ്രവര്‍ത്തകരും വ്യാപക തെരച്ചില്‍ നടത്തി. ഇവര്‍ക്കു പുറമെ രജിസ്റ്റര്‍ ചെയ്ത 1700 വോളണ്ടിയര്‍മാരും 188 സംഘങ്ങളായി തിരിഞ്ഞ്  രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടുപോയ എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആറു മേഖലകളിലും വ്യാപക തെരച്ചില്‍

അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജി വി എച്ച് എസ് എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തെരച്ചിലാണ് നടന്നത്. പരപ്പന്‍പാറ ഭാഗത്ത് സൂചിപ്പാറയില്‍ പാറയുടെ അടിയില്‍ നിന്നും വനംവകുപ്പിനാണ് മൃതശരീരം  ലഭിച്ചത്. 

ഹെലികോപ്റ്ററിലാണ് മൃതദേഹം  എത്തിച്ചത്. പുഞ്ചിരിമട്ടത്ത്  റോഡുകള്‍  ശുചീകരിച്ചു. ഇവിടെ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ശരീരഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. മുണ്ടക്കൈയില്‍ സിഗ്‌നല്‍ കിട്ടിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

സ്‌കൂള്‍ കെട്ടിടത്തിന്റെ  ഭാഗത്തും പുഴയുടെ വശങ്ങളിലും  സ്‌കൂള്‍ റോഡിന്റെ മുകളിലും തിരിച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചൂരല്‍മല ടൗണ്‍ പ്രദേശത്ത് എട്ട് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് തകര്‍ന്ന വീടുകളും വലിയ പാറകളും നീക്കി തെരച്ചില്‍ നടത്തി. ബെയ്‌ലി പാലവും അരുവിയോട് ചേര്‍ന്നുള്ള ഭാഗവും വില്ലേജ് ഏരിയയിലെ റോഡും വൃത്തിയാക്കി. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു.  

പുഴയുടെ അടിഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന തലേദിവസം മുണ്ടകൈ ഭാഗത്ത് കുടുങ്ങിയ കെ എസ് ആര്‍ ടി സി ബസ് ബെയ്ലി പാലത്തിലൂടെ തിരികെ ചൂരല്‍മലയില്‍ എത്തിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 40, സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സില്‍ നിന്നും 570 , പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്- 50 , ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് , ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 446, തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്നും 40 , ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡിലെ 15, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 20  എന്നിങ്ങനെ ആകെ 1301 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. 

കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട ഒരു നായയും കരസേനയുടെ കെ. 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും തമിഴ്നാട് ഫയര്‍ സര്‍വീസ് ഡോഗ് സ്‌ക്വാഡില്‍  നിന്നും 5 നായകളും ദൗത്യത്തില്‍ പങ്കെടുത്തു. 

പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെയാണ് ഓരോ സോണിലും നിയോഗിച്ചവരുടെ എണ്ണം. 


 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം

സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഊര്‍ജിതമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ തുടരുന്നത്. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് , പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവര്‍ ക്യാമ്പുകളും ദുരിതബാധിത മേഖലയും സന്ദര്‍ശിച്ചു. 

മന്ത്രിമാരായ കെ രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തബാധിത പ്രദേശത്തെ തെരച്ചിലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ സേനകളുടെ യോഗവും കലക്ടറേറ്റില്‍ നടന്നു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തമേഖലയും ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia