Aid Relief | വയനാട് ദുരന്തം; കൈത്താങ്ങുമായി വ്യവസായ സംരംഭകര്‍; അറിയാം ഓരോരുത്തരും നല്‍കിയ സഹായധനത്തെ കുറിച്ച്


നാടിന്റെ പുനര്‍ നിര്‍മിതിക്കായി കഴിയാവുന്ന സഹായങ്ങളെല്ലാം നല്‍കാന്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം നല്‍കി
തിരുവനന്തപുരം: (KVARTHA) വയനാട് (Wayanad) ഉരുള്‍പൊട്ടലിന്റെ (Landslides) പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CM Relief Fund) സഹായങ്ങള്‍ പ്രവഹിക്കുകയാണ്. അന്യനാട്ടിലുള്ളവര്‍ പോലും ദുരന്തത്തില്‍ നടുങ്ങിയിരിക്കയാണ്. നാടിന്റെ പുനര്‍ നിര്‍മിതിക്കായി കഴിയാവുന്ന സഹായങ്ങളെല്ലാം നല്‍കാന്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോര്‍ട് അദാനി ഗ്രൂപ്, കെ എസ് എഫ് ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപയും ഔഷധി ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു ഓഫീസില്‍ എത്തി കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നടന്‍ വിക്രം 20 ലക്ഷം നല്‍കി.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഓര്‍മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധി നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായമാണെന്നും അത് ആ നിലയ്ക്ക് തന്നെ ചെലവഴിക്കപ്പെടുമെന്നും യാതൊരു വിധത്തിലുള്ള ക്രമക്കേടും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടു കോടി രൂപയുടെ സഹായവുമായാണ് കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപര്‍ മാര്‍കറ്റും വയനാടിന് സാന്ത്വന സ്പര്‍ശമേകുന്നത്. ഭക്ഷ്യ വസ്തുക്കള്‍, കുടിവെള്ളം, പുതിയ വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, ശുചീകരണ സാമഗ്രികള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ ഒരു വലിയ ശേഖരവുമായി കല്യാണ്‍ സില്‍ക്‌സിന്റെയും കല്യാണ്‍ ഹൈപര്‍ മാര്‍കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും. ഇതിന് പുറമെ വരും ദിവസങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപര്‍ മാര്‍കറ്റും സജീവമായി രംഗത്തുണ്ടാകും.
'ദുരന്തങ്ങള്‍ കേരളത്തിന് ആഘാതം ഏല്‍പ്പിക്കുമ്പോള്‍ സാന്ത്വനമേകാന്‍ സില്‍ക്‌സും കല്യാണ്‍ ഹൈപര്‍ മാര്‍കറ്റും എന്നും മുന്‍പിലുണ്ടാകും. കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുടെ കാലത്ത് മലയാളി ഈ സാന്ത്വന സ്പര്‍ശം അനുഭവിച്ചറിഞ്ഞതാണ്. വയനാട് ദുരന്തം ഞങ്ങളിലേല്‍പ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ കടമയാണ്.
അതുകൊണ്ട് തന്നെയാണ് കാലതാമസം തെല്ലുമില്ലാതെ സഹായ ഹസ്തവുമായി കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപര്‍ മാര്‍കറ്റും മുന്നിട്ടിറങ്ങിയിരിക്കുന്നത്'- എന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.
വയനാടിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ദുരന്തബാധിതരുടെ മുറിവുണക്കുവാന്‍ മനുഷ്യസഹജമായതെല്ലാം ചെയ്യുമെന്നും പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരന്തത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ചു. പുനരധിവാസത്തിന് ആവശ്യമായ സഹായം പിന്നീട് നല്‍കുന്നതാണെന്നും സംഘടന അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ യൂണിറ്റിലെ AKGSMA പ്രവര്‍ത്തകര്‍ ആവശ്യമായ മരുന്നും, ഭക്ഷണവും എത്തിച്ചു നല്‍കി വരികയാണ്. സംസ്ഥാന കൗണ്‍സില്‍ അംഗം സലാം കൈരളി ചൊവ്വാഴ്ച തന്നെ ദുരന്ത മേഖലയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.