Misinformation | വയനാട് വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രൊപ്പോസലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍


● തെറ്റായ വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു
● വനം വകുപ്പിന് അവമതിപ്പുണ്ടാക്കുന്നുവെന്നും അധികൃതര്‍
വയനാട്: (KVARTHA) വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രൊപ്പോസലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രംഗത്ത്. വയനാട് വന്യജിവി സങ്കേതത്തിനുള്ളിലെ റവന്യു എന്‍ക്ലോഷറായ വടക്കനാട്, വള്ളുവാടി, ചെതലയം, നൂല്‍പ്പുഴ, മുത്തങ്ങ തുടങ്ങിയ പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രൊപ്പോസലില്‍ വന്യജീവി സങ്കേതമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വന്യജീവി സങ്കേതമായി ഈ പ്രദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പ്രൊപ്പോസലില്‍ ഈ പ്രദേശങ്ങള്‍ വന്യജീവി സങ്കേതമായി രേഖപ്പെടുത്തുകയോ വന്യജീവി സങ്കേതമാക്കി മാറ്റാനുള്ള നടപടികളോ സ്വീകരിച്ചിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കി ദൂര പരിധി പൂജ്യം കിലോമീറ്ററായി നിശ്ചയിച്ചുകൊണ്ടും വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന 19.09 സ്‌ക്വയര്‍ കി.മീ വിസ്തീര്‍ണ്ണമുള്ള റവന്യു എന്‍ക്ലോഷറുകളായ പ്രസ്തുത പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണായി നിജപ്പെടുത്തിയാണ് പ്രൊപ്പോസലും അതിര്‍ത്തി മാപ്പുകളും സമര്‍പ്പിച്ചിട്ടുള്ളത്.
തെറ്റായ വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതും ആശങ്ക പരത്തുന്നതും വനം വകുപ്പിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്നും അധികൃതര്‍ അറിയിച്ചു.
#Wayanad #Wildlife #EcoSensitiveZone #Kerala #FactCheck #Conservation