Tragedy | വയനാട് ചൂരൽമല ഉരുൾപൊട്ടൽ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 32 മൃതദേഹങ്ങൾ, 25 ശരീര ഭാഗങ്ങൾ


ADVERTISEMENT
വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളും കണ്ടെടുത്തു. ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു.
വയനാട്: (KVARTHA) ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നിലമ്പൂർ, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും. 19 പുരുഷൻമാരുടെയും 11 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും 25 ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതൽ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാ പ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്പൂരിൽ തന്നെ പോസ്റ്റുമോർട്ടം നടക്കുന്നു. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാർഡുകളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. 50 ലധികം ഫ്രീസറുകൾ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് എത്തിച്ചിരിക്കുന്നു. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ തുടരും.
ജില്ലയുടെ ചുമതല വഹിക്കുന്ന കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുർ റഹ് മാൻ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹങ്ങൾ കണ്ടുനോക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലമ്പൂർ എംഎൽഎ പി വി അൻവർ, ജില്ലാ കളക്ടർ വി ആർ വിനോദ്, ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, മറ്റ് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.